Monday, December 23, 2013

scene 97 to scene 105.



സീൻ 97
റിജോയുടെ കാർ. പുറത്ത്  ഇടപ്പള്ളി അടുത്തു തുടങ്ങിയതിന്റെ ലക്ഷണങ്ങൾ.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ, മുരുകൻ കാണാതെ മൊബൈൽ എടുത്ത്  റെക്കോഡിങ്ങ് ഫങ്ഷനിലിട്ട് തിരികെ വെച്ച ശേഷം  റിജോ : “ എനിക്കാകെ ഒരു കാര്യമേ ഇനി അറിയാനുള്ളൂ. ഒരൊറ്റ കാര്യം.. എന്തിനായിരുന്നു അവൻ നിനക്കന്ന് പൈസ തന്നിരുന്നത് ? അതും ഞങ്ങളൊന്നും അറിയാതെ  അമ്മയുടെ അക്കൗണ്ടിൽ ?

മുരുകൻ : “ അതൊക്കെ പറഞ്ഞിട്ട് ഇനി  എന്തിനാടാ ?  കഴിഞ്ഞതൊക്കെ കഴിഞ്ഞു. അതൊക്കെ പോസ്റ്റ് മോർട്ടം നടത്തിയിട്ട് എനിക്കോ നിനക്കോ ഒന്നും കിട്ടാനില്ല


റിജോ : “ ഓഹോ.. അങ്ങനെയാണോ”  (വണ്ടി സാവധാനം സൈഡിലൊതുക്കിയിട്ട്) “  എങ്കിൽ, അതൊന്നുമറിയാതെ, നിന്റെ ഫ്രണ്ടായി അവനെ കാണാൻ പോകുന്നതിലും എന്തെങ്കിലും അർത്ഥമുണ്ട് എന്ന് ഞാൻ കരുതുന്നില്ല.. ഞാൻ തിരിച്ച് പോകുന്നു..”

മുരുകൻ : “ നിന്നെ കൊണ്ട്  തോറ്റു. എടാ, അതിത്ര പറയാൻ മാത്രമൊന്നുമില്ല.  അപ്പ മരിച്ചേ പിന്നെ അവനെന്നെ ഫിനാൻഷ്യലി  സഹായിക്കാറുണ്ടായിരുന്നു. അതുകൊണ്ടാ കനിയുടെ പഠിപ്പ് നടത്തിയിരുന്നത്”

റിജോ : “ ഓഹോഹോ
അങ്ങനെ വരട്ടെ..എന്റെ ഊഹം തെറ്റിയില്ല.. അപ്പോ അതാണ് ആ പരട്ട വക്കീല് കേസെല്ലാം നിന്റെ തലയിൽ കെട്ടി വെച്ചിട്ടും നിനക്ക് അവനോടൊരു സോഫ്റ്റ് കോർണർ..”

വണ്ടി മുന്നോട്ടെടുക്കാൻ തുനിഞ്ഞ് വീണ്ടും  നിർത്തി കൊണ്ട് റിജോ : “ അപ്പൊ അതാണ് അവൻ നിന്നെക്കൊണ്ട് അസൈന്റ്മെന്റ്സും റെക്കോഡുമെല്ലാം എഴുതിച്ചിരുന്നതിന്റെ പിന്നിലെ രഹസ്യം.. എടാ.. അതിന്റെയെല്ലാം ഒരു കൂലിയായി കൂട്ടിയാ പോരേ അതിനെ ? എത്ര  വെച്ചുണ്ടാവും ? .. അഞ്ഞൂറ് ? ആയിരം ?  അവന്റെ അണ്ടർവെയർ വരെ കഴുകിച്ചിട്ടില്ലേ നിന്നെ കൊണ്ട് ? എന്നിട്ട് അവസാനം തന്ന പണിയോ ?  കോടതീൽ അതും പറഞ്ഞ് ആ തെണ്ടി വക്കീൽ കത്തി കയറുമ്പോ അവന്റെ ആ ആക്കിയ ചിരിയുണ്ടായിരുന്നല്ലൊ.. അതിപ്പോഴും എന്റെ മനസ്സിലുണ്ട്.. പരമചെറ്റ..”

മുരുകൻ : “ ഒക്കെ  ശരിയാണ്. തന്നതിനു ഇരട്ടി പണി അവൻ ചെയ്യിച്ചിട്ടുണ്ട്. എന്നാലും, ഒന്നു വീട്ടിൽ വരാനും  അതെങ്കിലത് സഹായിക്കാനും അവനല്ലേ തോന്നിയുള്ളൂ ?  പക്ഷേ അതൊന്നുമല്ല ഞാനാലോചിച്ചത്. . മരിക്കാൻ കിടക്കുന്ന ഒരാൾ ഇങ്ങനെയൊരാഗ്രഹം പറയുമ്പോ. ചെയ്തതെല്ലാം തെറ്റാണെന്ന് ഫോണിലൂടെ കരഞ്ഞ് മാപ്പു ചോദിക്കുമ്പോ..”

റിജോ : “ ശരിയാണ്.. ഞങ്ങളൊന്നും അന്നത് ശ്രദ്ധിച്ചില്ല..തെറ്റു തന്നെ.. അന്നത്തെ പ്രായം അതല്ലേടാ..മറ്റൊരു ചിന്തയുമില്ല
നിലാവത്ത് കോഴിയെ അഴിച്ചിട്ട പോലെ ഇങ്ങനെ നടക്കുക തന്നെ.. അതു പോട്ട്.. അവൻ  തന്നു. .  എന്നുവെച്ച് ? ..നീയാര് ? ഗബ്രിയേൽ മാലാഖയോ ചാവാൻ കിടക്കുന്നവരുടെ ആഗ്രഹമെല്ലാം സാധിച്ചു കൊടുക്കാൻ അവൻ തന്നെങ്കിലും അതിന്റെ പത്തിരട്ടി പണിയും എടുപ്പിച്ചിട്ടുണ്ട്...എന്തായാലും ഞാനങ്ങോട്ട് ഇല്ല.. എനിക്കാ പരനാറിയുടെ മുഖം കാണണ്ട..ഞാനിവിടെ എത്തിയിട്ടുണ്ടെന്ന് നീയവനോട് പറയുകയും  വേണ്ട.”

സീൻ 98

രാത്രി. റിജോയുടെ വീട്. അടുക്കള.  വാതിൽ അകത്തു നിന്നും ചാരിയിരിക്കുകയാണ്. വീണ പാചകത്തിലാണ്. അവൾക്കു തൊട്ടു പുറകിൽ, വീൽ ചെയറിൽ റിജോ. അവന്റെ കൈയ്യിൽ മൊബൈൽ ഫോൺ ഉണ്ട്.

റിജോ ശബ്ദം താഴ്ത്തി : “ ഇപ്പോ നിനക്കെല്ലാം വിശ്വാസമായല്ലൊ
ഞാൻ പറഞ്ഞില്ലായിരുന്നോ അതിന്റെയെല്ലാം പിന്നിൽ  നമ്മളറിയാത്ത എന്തെങ്കിലും കഥയുണ്ടാവുമെന്ന്.. പാവം കേട്ടതാണല്ലൊ, എല്ലാം തുറന്നു പറയാൻ നിന്റെ വീട്ടിലെത്തിയപ്പോൾ നിന്റെ പട്ടാളക്കാരൻ തന്തയും  മാമന്മാരും ആ പാവത്തിനെ ഇടിച്ചു  പഞ്ചറാക്കിയത്.. രണ്ടു വർഷത്തെ  പണിഷ്മെന്റ് കഴിഞ്ഞ് ഇറങ്ങിയിട്ടും അവനെ വെറുതെ വിട്ടോ ? കാര്യം എനിക്കും  ദേഷ്യമുണ്ടായിരുന്നു. അന്നത്തെ അവസ്ഥേലു ഞാനും കുറച്ച് സെൽഫിഷ് ആയി പോയി എന്നുള്ളതും സത്യം.. പക്ഷെ, നമ്മളൊന്നുമറിയാതെ നിന്റെ അച്ഛനും കൂട്ടരും ഇങ്ങനെ ചില പണികൾ ചെയ്തുവെച്ചിട്ടുണ്ടെന്ന് കേട്ടപ്പോ എന്റെ ചങ്കു തകർന്നു പോയി അവനൊരു പാവമാടീ..പച്ചപ്പാവം..”

വീണ നിശബ്ദയാണ്. യാന്ത്രികമായി  കറി ഇളക്കി കൊണ്ടിരിക്കുമ്പോഴും അവളുടെ മുഖത്ത് കുറ്റബോധം തെളിയുന്നുണ്ട്.

സീൻ 99

 വീടിന്റെ സ്വീകരണമുറി. ടി വി യിൽ കാർട്ടൂൺ. അടുക്കളയിൽ നിന്ന് റിജോയുടെ അവ്യക്ത സംഭാഷണം കേൾക്കുന്നുണ്ട്. റിജോയുടെ മൂന്നു വയസ്സുകാരി  മകളുമായി സോഫയിലിരുന്ന്  പന്തെറിഞ്ഞു കളിക്കുകയാണ് മുരുകൻ. കുട്ടിയോട് പ്രസന്നതയോടെ ഇടപെടുമ്പോഴും ഒരു വിഷാദം അവനെ ചൂഴ്ന്നു നിൽക്കുന്നുണ്ട്.

സീൻ 100


എല്ലാവരും ഊൺ ‌മേശയ്ക്കു മുമ്പിൽ.

ചോറ് പ്ലേറ്റിലേക്കിടുന്നതിനിടയിൽ വീണ : “ എന്നാലും അവിടം വരെ പോയ നിലയ്ക്ക് ഒന്നു കേറിയിട്ട് പോരാമായിരുന്നു റിജോ..”

റിജോ : “ ഓ.. എന്നാത്തിനാ..ഇനിയിപ്പോ അവന്റെ കുമ്പസാരം കേട്ടിട്ട് ( കാലുകളിലേക്ക് മിഴി ചൂണ്ടി ) ഇതിനൊക്കെ രണ്ടാമത് ജീവൻ വെക്ക്വോ ? വണ്ടിയിലിരുന്ന് ഇത്രേം ദൂരം പോയത് അവന്റെ ഗുണവെതികാരം കേക്കാനല്ല, ഇവന്റെ വായീന്ന് സത്യം മനസ്സിലാക്കാനാ..”
വീണ കുറച്ചു കറിയെടുത്ത് മുരുകന്റെ പ്ലേറ്റിലേക്ക് പകർന്നു കൊണ്ട് : “ മുരുകൻ ഒന്നും കഴിച്ചില്ലല്ലൊ”

കുട്ടി പെട്ടന്നു എഴുന്നേറ്റ് നിന്ന്  : “ ചിക്കൻ എനിക്കും ഇച്ചിരി താ മമ്മീ.. എല്ലാം എന്താ അങ്കിളിനുമാത്രം കൊടുക്കുന്നേ..”

എല്ലാവരും പൊട്ടിച്ചിരിക്കുന്നു.

റിജോ  ചിരിയോടെ  : “ മമ്മിയ്ക്കിനി നമ്മളെയൊന്നും വേണ്ട മോളേ
പശ്ചാത്താപമാ.. പശ്ചാത്താപം..”

മുഖത്തെ ചിരി മാഞ്ഞ്, റിജോയെ ചോദ്യഭാവത്തിൽ നോക്കുന്ന മുരുകൻ. റിജോയ്ക്ക് പ്രസന്നഭാവം തന്നെ.  റിജോയെ രൂക്ഷമായി നോക്കുന്ന വീണ.

സീൻ 101

അവരൊരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. വീണ കുട്ടിയെ ഡ്രെസ്സ്  മാറിക്കാനുള്ള ശ്രമത്തിലാണ്. ഉടുപ്പെല്ലാം അഴിച്ച് ചെരുപ്പ് മാത്രമിട്ട് അവൾക്കരികിൽ നിന്ന് കുതറിയോടുന്ന മകൾ “ വേണ്ട വേണ്ട.. ഷൂ വേണ്ട.. ഈ ചെരിപ്പ് മതി.. ചെരിപ്പ് മതി


അതു നോക്കി ചിരിച്ചു കൊണ്ട് റിജോ : “ കണ്ടോടാ.. ഇപ്പോഴത്തെ പിള്ളാർക്കൊക്കെ മദാമ്മമാരുടെ ശീലമായി പോയി.. നാണം മുഴുവൻ ഉപ്പൂറ്റിക്കടിയിലാ.. ബാക്കിയെല്ലാം അഴിച്ചാലും ചെരുപ്പ് മാത്രം ഊരുകേല..”

പൊട്ടിച്ചിരിച്ച്, തന്റെ ട്രാവൽ ബാഗുമായി  റിജോയുടെ വണ്ടിക്കരികിലേക്ക് നീങ്ങുന്ന  മുരുകൻ ശബ്ദം താഴ്ത്തി അവന്റെ ചെവിയിൽ : “ നീയ്യിപ്പോഴും അതൊന്നും നിർത്തിയിട്ടില്ലേ വൃത്തികെട്ടവനേ ?”

റിജോ : “  നിന്നെ പോലെ മുട്ടിനു മുട്ടിനു കിട്ടുന്നവർക്കൊന്നും ഒരു ഉത്തമഭർത്താവിന്റെ ധർമ്മസങ്കടം പറഞ്ഞാ മനസ്സിലാവുകേല..”

മുരുകൻ വീണ്ടും പൊട്ടിച്ചിരിക്കുന്നു.

അവരെ സംശയത്തോടെ തറപ്പിച്ചു നോക്കുന്ന വീണ.

മുരുകൻ : “ ആ..അതുപോട്ടെ.. എന്താ ഇനിയത്തെ പ്ലാൻ എന്നു പറഞ്ഞില്ല..”

റിജോ : “ അതൊക്കെയുണ്ട്..നയൻ തേർട്ടിക്ക് നിന്നെ റെയില്‌വേ സ്റ്റേഷനിലെത്തിച്ചാ പോരേ ? അതുവരെ എനിക്കു വിട്ടു താ.”

സീൻ 102


എഞ്ചിനീയറിങ്ങ് കോളേജിലേക്ക് വണ്ടി ഓടിച്ചു കയറ്റുന്നതിനിടയിൽ റിജോ : “ ഞാൻ പറഞ്ഞില്ലേ മോനേ, ഗേറ്റ് അടച്ചിട്ടുണ്ടാവില്ലെന്ന്..പാർട്ട് ടൈം കാർക്ക് ക്ലാസുള്ളതല്ലേ.. മ്മടെ ബാബുസാറൊക്കെ ചിലപ്പോ ക്ലാസിലുണ്ടാവും..വിളിക്കണോ ?”

മുരുകൻ : “ പ്ലീസ്.. വേണ്ട..
അവരെയൊന്നും ഫേസ് ചെയ്യാൻ  വയ്യ..”

വണ്ടി സാവധാനം ഗ്രൗണ്ടിനരികെയുള്ള അവരുടെ മരച്ചുവട്ടിലെത്തി.

ഇരുട്ടു പരന്ന് വിജനമായി കിടക്കുന്ന  ഗ്രൗണ്ടും പരിസരവും. അങ്ങിങ്ങായി ചില കെട്ടിടങ്ങളിൽ വെളിച്ചവും ആളനക്കവും കാണാനുണ്ട്.

ഡോർ തുറന്നിറങ്ങുമ്പോൾ വികാരവിക്ഷുബ്ദനായി മുരുകൻ : “ ഇനി ഒരിക്കലും ഇവിടെ കാൽ കുത്തില്ലെന്ന് കരുതിയിരുന്നതാണ്..”

കുട്ടി പുറത്തേക്കിറങ്ങി സ്റ്റേഡിയത്തിന്റെ പടവിൽ ചെന്നു നിന്നു : “ പപ്പാ.. അന്നു അവിടെയല്ലേ ( ഗ്രൗണ്ടിന്റെ നടുവിലേക്ക് ചൂണ്ടി ) ഐസ്ക്രീം പാർലർ ഉണ്ടായിരുന്നത്” അവൾ അതും പറഞ്ഞ് രണ്ടു പടികൾ താഴേക്കിറങ്ങി കഴിഞ്ഞു.

റിജോ  ഡോർ തുറന്ന് : “ മോളേ ഓടല്ലേ.. ഇപ്പൊ പാർലറും ഐസ്ക്രീമുമൊന്നുമില്ല.. അതന്നു എക്സിബിഷൻ ഉണ്ടായിരുന്നോണ്ടല്ലേ.”

വീണ ഡോർ തുറന്ന് മകളുടെ അടുത്തേക്ക് തിടുക്കത്തിൽ നടന്നു : “ അപ്പൂ..ഇവിടെ വാ..”

അമ്മ അടുത്തേക്ക് വരുന്നതു കണ്ടതോടെ കുട്ടി രണ്ടു പടവുകൾ കൂടി താഴേക്കിറങ്ങി. അവളെ പിടിക്കാനായി വീണയും.

മുരുകൻ അതൊന്നും അത്ര ശ്രദ്ധിക്കുന്നില്ല. അവൻ പതുക്കെ ആ മരച്ചുവട്ടിൽ ചെന്നിരുന്നു.

ആദ്യമൊന്ന്  പുറത്തേക്കിറങ്ങാൻ ആഞ്ഞെങ്കിലും റിജോ കാറിനുള്ളിൽ തന്നെ ഇരിപ്പ് തുടർന്നതേയുള്ളൂ.

റിജോ : “ എന്താടാ മിണ്ടാത്തത് ? നൊസ്റ്റി വന്നു മുറ്റിയോ ?”

മുരുകൻ : “ ഉം..”

റിജോ : “ എന്നോട് ദേഷ്യമുണ്ടോ എന്ന വളിപ്പൻ സെന്റിമെന്റ്സൊന്നും ഞാൻ ചോദിക്കുന്നില്ല. എല്ലാം ഞാനവളോടു പറഞ്ഞു. അവൾക്കും വിഷമമുണ്ട്..ബട്ട്.. എന്താണൊരു സൊലൂഷൻ ? .”

മുരുകൻ : “ എന്തു സൊലൂഷൻ ? ”

റിജോ : “ ഡൂ
…….ഡൂ യു വാണ്ട് ഹെർ ?.................. മോൾ ഒരു തടസ്സമാവില്ല.. അതു ഞാനുറപ്പു തരാം..”

മുരുകൻ എഴുന്നേറ്റ് അവനരികിലേക്ക് ചെന്ന്  കോപത്തോടെ : “ റബ്ബിഷ്.. എന്താ  നിന്റെ പ്രശ്നം റിജോ ? മറ്റേതോ വഴിക്ക് പോകേണ്ടിയിരുന്ന ഞാനാണ്.. പ്രസാദുമൊത്ത് നാടകം കളിച്ച് ഇവിടെ വരുത്തിയിട്ട് ഒരുതരം ഞഞ്ഞാമിഞ്ഞാ വർത്തമാനം പറയുന്നോ ? ഇതെന്താ പോത്തു കച്ചവടമാണോ ? പാസ്റ്റ് ഈസ് പാസ്റ്റ്.. എൻഡ് ഇറ്റ് വിൽ നെവർ കം ബാക്ക്..”  (വീണ  മകളേയുമെടുത്ത്  അരികിലേക്ക് വരുന്നത്  നോക്കി കൊണ്ട് പതുക്കെ) “ ദേ അവർ വരുന്നു.. ഡോണ്ട് ബി സില്ലി.. നിന്റെ ആ ചോദ്യം തന്നെ മനസ്സിൽ നിന്ന് മായ്ച്ചു കള


സീൻ 103


റെയില്‌വേ സ്റ്റേഷൻ പാർക്കിങ്ങ് ഏരിയ.
മുരുകൻ പുറത്തിറങ്ങി  സീറ്റിലിരിക്കുന്ന റിജോയോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. തോളിൽ അവന്റെ ബാഗുണ്ട്.
പുറത്തിറങ്ങി നിൽക്കുന്ന വീണയുടെ തോളിൽ കുട്ടി ഉറക്കം പിടിച്ചു കഴിഞ്ഞു.

റിജോ : “ ഇല്ലടാ..ഞാൻ വരുന്നില്ല.. ഇനിയിപ്പോ ആ പ്ലാറ്റ് ഫോം വരെ ഇതുമുരുട്ടി വന്നിട്ട് എന്നാ കിട്ടാനാ ? പത്തു പതിനഞ്ച് മിനിറ്റ് കഴിയുമ്പോ ട്രെയിൻ വരും, നീയങ്ങ് പോകും.  പിന്നെ ആ തിരക്കിനിടയിലൂടെ ഇതിങ്ങോട്ടുമുരുട്ടണം.. ദേ..ഇവളു വരുന്നുണ്ടല്ലൊ.. അതു മതി.”

മുരുകൻ വിഷണ്ണനായി : “ ഓ കെ.. ഞാൻ നിർബന്ധിക്കുന്നില്ല. പക്ഷെ എന്തായാലും ഈ ഡിസംബർ നിങ്ങൾ അവിടെയായിരിക്കും. അതിലൊരു മാറ്റവുമില്ല
.. ..( കൈ നീട്ടി ഷേക്ക് ഹാന്റ് കൊടുത്ത് ) അപ്പൊ അവിടെ വച്ച് കാണാം..”

റിജോ ( ആ കൈ പിടിച്ച് ആഞ്ഞു വലിച്ച് അവനെ തന്നിലേക്കടുപ്പിച്ച് ) : “ ഇങ്ങനത്തെ സീനിൽ ഒരു ഹഗ്ഗിങ്ങ് ഒക്കെയാവാമെടാ..”

കുനിഞ്ഞു നിന്ന് അവനെ പുണരുന്ന മുരുകൻ.

അവന്റെ പുറത്തു തഴുകി കൊണ്ട്  റിജോ : “ ഓ കേ ബൈ ദെൻ”
മുരുകൻ വീണ്ടും ഷേക് ഹാന്റ് നൽകി കൊണ്ട് : “ ഓ കെ ബൈ..സീ യൂ”

തിരിഞ്ഞു നടക്കുന്ന മുരുകനെ അനുഗമിക്കുന്ന വീണയോട് റിജോ : “ എടിയേ.. സംഭവമൊക്കെ ശരി.. പിണക്കവും മിസണ്ടർസ്റ്റാന്റിങ്ങുമെല്ലാം മാറി.. എന്നാലും ഈ ന്യൂ ജനറേഷൻ ഹൗസ് വൈവ്സ് ഒക്കെ ചെയ്യുന്ന പോലെ ഒരു മെസ്സേജങ്ങയച്ച്  പഴയ  ലവറിന്റെ കൂടെ വണ്ടി കേറി  പോയ്ക്കളയരുത്.. ഈ പാവം വഴിയാധാരമാകും..”

വീണ ഒരു നിമിഷം അതുകേട്ട് സ്തബ്ധയായി  പോകുന്നു. പിന്നെ സ്വാഭാവികത വീണ്ടെടുത്തു കൊണ്ട് : “ ശ്ശെടാ.. അതെങ്ങനെ നിനക്കു മനസ്സിലായി ?..  ട്രെയിനീ കേറിയിട്ട് ഒരു മെസ്സേജ് വിടാനായിരുന്നു എന്റെ പ്ലാൻ.. ഇനിയിപ്പോ അതിന്റെ ആവശ്യമില്ലല്ലോ..” (മുരുകന്റെ കൈ പിടിച്ചു കൊണ്ട് ) “ നീ വാ മുരൂ..ഇനി  നമുക്ക് ധൈര്യമായി പോകാം..”

ആ നീക്കത്തിൽ ഒരു ചമ്മിയ ചിരി ചിരിച്ച് മുരുകൻ

റിജോ സീറ്റിലിരുന്ന് കുലുങ്ങി കൊണ്ട് : “ എടിയെടീ എരണംകെട്ടവളേ.. നീ പിഴച്ചു പോയല്ലോടി.. ദേ കണ്ടില്ലേ,   കാറും കോളും തുടങ്ങി..      വഞ്ചി ച്ഛെ വണ്ടി ഇന്ന്  പുഴയ്ക്കൽ പാലത്തീന്ന്  മറഞ്ഞ് ഈ പഴനി വെള്ളം കുടിച്ചു ചാകും.. ..”

വീണ നടന്നെത്തിയേടത്തു നിന്ന് തിരിച്ചു നിന്ന് : “ ദാറ്റ്സ് ഫേറ്റ്.. ഒ കെ..ഗുഡ് ബൈ മിസ്റ്റർ പഴനീ.. ഞാനും പരീക്കൂട്ടിയും ഈ കെടാപ്പുറത്തൊന്ന് കറങ്ങട്ടെ.. അല്ലെങ്ങെ  പാടി പാടി നടന്ന് ലിവന്റെ കൊരവള്ളി അടിച്ചു പോകും..”

പൊട്ടിച്ചിരിക്കുന്ന റിജോ. വീണയും. ചിരിയിൽ പങ്കു ചേരുന്നുണ്ടെങ്കിലും മുരുകന്റെ ചമ്മൽ അപ്പോഴും  മാറിയിട്ടില്ല. 

സീൻ 104

പ്ലാറ്റ് ഫോമിലെ തിരക്കുകളിൽ നിന്ന് മാറി ഒരൊഴിഞ്ഞ ബഞ്ചിൽ അവർ ഇരുവരും. അങ്ങിങ്ങായി ചില യാത്രക്കാരുണ്ട്.

ട്രെയിൻ എത്തി ചേരുന്നതിന്റെ അനൗൺസ്മെന്റ്.

വീണ : “ നിനക്കെന്തു തോന്നുന്നു, റിജോ അതു വെറും തമാശയ്ക്ക് പറഞ്ഞതാണെന്ന് തോന്നുന്നുണ്ടോ?”

മുരുകൻ : “ ഇല്ല..”

വീണ ( ദീർഘ നിശ്വാസത്തോടെ ) : “ ഞാനാണന്ന്  അന്ന് അങ്ങനെയൊരു പ്രോപോസൽ വെച്ചത്.. അവനാദ്യമൊന്നും സമ്മതിച്ചില്ല. നിന്റെ പാർട്ട് കൂടി  കേൾക്കാതെ ഒരു തീരുമാനമെടുക്കരുതെന്ന്  പറഞ്ഞു.. നിന്നെ  കുറെ സ്ഥലത്തൊക്കെ തപ്പുകയും ചെയ്തു..ബട്ട് നീ മിസ്സിങ്ങ് ആയിരുന്നു. അതുകൂടി കേട്ടപ്പോ എന്റെ ഡിസിഷൻ ഒന്നുകൂടി സ്റ്റേണായി..ബട്ട്, അച്ഛൻ ഇങ്ങനെയൊരു ചീപ്പ്നെസ് കാണിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. അങ്ങനെയായിരുന്നില്ല, ഇതു കേൾക്കുന്നതു വരെ അച്ഛനെ കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണ..  ഐയാം റിയലി സോറി ഫോർ ദാറ്റ്.”

മുരുകൻ : “ ലീവ് ഇറ്റ് വീണ.. നിങ്ങൾ ഒരുമിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാളാണു ഞാൻ.. എന്റെ   മണ്ടത്തരം മൂലം ഏറ്റവും വലിയ നഷ്ടങ്ങൾ ഉണ്ടായത് നിങ്ങൾക്കു രണ്ടു പേർക്കുമാണ്. ദാറ്റ്സ് ഗോഡ്സ് ഡിസിഷൻ.  ഒരു പക്ഷെ നിങ്ങളിൽ  ആരുടെയെങ്കിലും ലൈഫ് ഇത്രയും ഹാപ്പിയല്ല എന്നറിഞ്ഞിരുന്നെങ്കിൽ, ഇനിങ്ങനെ മരണം കാത്തു കിടക്കാൻ സംഗീത് ബാക്കിയുണ്ടാവുമായിരുന്നില്ല. അതിനു മുമ്പേ തന്നെ തീർത്തേനെ ഞാനവനെ. അതിനു മാത്രമായി ഞാനൊരു തവണ വന്നതാണ്...അന്നവൻ തേഡ് സ്റ്റേജിൽ ട്രീറ്റ്മെന്റിലായിരുന്നു. അന്നേ അവനിലെ പഴയ സംഗീത് മരിച്ചിരുന്നു..  പിന്നെന്തിനെന്ന് തോന്നി.....”

വീണ : “ ബട്ട്..വൈ ആർ യു സ്റ്റിൽ സിങ്കിൾ ?”

മുരുകൻ വേദനയോടെ ചിരിച്ചു കൊണ്ട്  : “ പറ്റിയ ഒരെണ്ണത്തിനെ കിട്ടണ്ടേ വീണ?”

അവളെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും ട്രെയിൻ എത്തി.

സീൻ 105


ട്രെയിൻ നിർത്തിയിരിക്കുന്നു. തിടുക്കത്തിൽ നീങ്ങുന്ന യാത്രക്കാർ.

മുരുകൻ എണീറ്റു. അവളും.

മുരുകൻ കൈ നീട്ടി : “ ദെൻ..ബൈ വീണ


വീണ കൈ നീട്ടി. പിന്നെ അവനെ അംബരിപ്പിച്ചു കൊണ്ട്, അവന്റെ കവിളിൽ ചുംബിച്ചു.
“ നിനക്ക് നൽകാൻ കരുതി വെച്ചിരുന്നത്, നൽകാനുള്ളത് എല്ലാം ഇതിലുണ്ട്.. എന്റേതുമാത്രമല്ല, റിജോയുടെയും..  ഞങ്ങളെ ശപിക്കരുത്....” അവളുടെ മിഴികൾ നനഞ്ഞു.

ട്രെയിന്റെ ഹോൺ മുഴങ്ങി.

മുരുകൻ : “ ശപിക്കുകയോ
ഞാൻഎനിക്ക്” അവന്റെ തൊണ്ടയിടറുന്നുണ്ട്. അവളെയൊന്നു പുൽകാൻ ആഗ്രഹിക്കുന്നുവെന്നവണ്ണം ഉയർന്ന കൈകൾ പിൻവലിച്ചു കൊണ്ട് അവൻ അവളുടെ തോളിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിന്റെ കവിളിൽ അവൻ ചുംബിച്ചു. “ നിങ്ങൾ, ദാഇവിടെയാണ്..” അവൻ സ്വന്തം നെഞ്ചിൽ തട്ടി “ ഇവിടെ..”

ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു.. അവളിൽ നിന്നു നീങ്ങി, ട്രെയിനിലേക്ക് കയറുന്ന മുരുകൻ. അവൻ തിരിഞ്ഞു നോക്കുന്നില്ല. അവളുടെ കണ്ണുകൾ  അകന്നു പോവുന്ന ടെയിനിൽ നിൽക്കുന്ന അവനിലേക്ക്....

                                                  **** ശുഭം******

Tuesday, September 3, 2013

scene 88 to scene 96

മുൻലക്കം ഇവിടെ >> scene 75 to scene 87



സീൻ 88

ഉച്ച തിരിഞ്ഞിരിക്കുന്നു. റിജോയുടെ വീട്. സിറ്റൗട്ടിലെ ആട്ടുകസേരയിൽ ഇരുന്ന് ചിന്താനിമഗ്നയായി കണ്ണടച്ചിരുന്ന് പതുക്കെ ആടികൊണ്ടിരിക്കുന്ന വീണ. മടിയിൽ  നിവർത്തി വച്ചിരിക്കുന്ന ആൽബ്ബം.   ( മുരുകൻ മുമ്പ് നൽകിയ ആൽബമാണത് ) .

സീൻ 89 ( സീൻ 89 മുതൽ സീൻ 99 വരെ ഫ്ലാഷ് ബാക്ക് )

കോടതിമുറി. ഇൻക്യാമറ. സാക്ഷിക്കൂട്ടിൽ ഇപ്പോൾ വീണയാണ്.

സംഗീതിന്റെ അഭിഭാഷകൻ : “ അങ്ങനെ മറ്റൊരു റെക്കോഡ് എഴുതിയുണ്ടാക്കി, ടീച്ചേഴ്സിന്റെയെല്ലാം സൈൻ വാങ്ങിച്ച് അത് എക്സാമിനു പ്രൊഡ്യൂസും ചെയ്ത ശേഷമാണ് നിങ്ങൾ റിജോയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതിനു മാത്രമായി രാത്രി രണ്ടുമണിക്ക് മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറുന്നത്.. അല്ലാതെ മറ്റ് ഉദ്ദേശമൊന്നുമുണ്ടായിരുന്നില്ല അല്ലേ..?

വീണ : “ അതേ.”

സ. അ : “ കൊള്ളാം  കൊള്ളാം.. യൗവനയുക്തയായ ഒരു പെൺകുട്ടി,  ആൺകുട്ടികൾ   അതും നല്ല ചോരത്തിളപ്പുള്ള പ്രായത്തിലുള്ള ആൺകുട്ടികൾ  താമസിക്കുന്ന മെൻസ് ഹോസ്റ്റലിലേക്ക് രാത്രി രണ്ടു മണിയ്ക്ക് പരമരഹസ്യമായി മതിൽ ചാടിക്കടന്ന് ചെല്ലുന്നത് കിട്ടിയിട്ട് പ്രത്യേകിച്ചൊരു ഉപയോഗവുമില്ലാത്ത പഴയൊരു റെക്കോഡ് എടുക്കാനാണെന്ന് പറഞ്ഞാൽ.. അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ മിസ് വീണ ?”

ചോദ്യത്തിലെ ധ്വനി മനസ്സിലാക്കി ഉത്തരം മുട്ടി നിൽക്കുന്ന വീണ.

പ്രോസി : “ ഒബ്ജക്ഷൻ യുവർ ഓണർ
ഇത്തരം അനാവശ്യമായ ചോദ്യങ്ങളിലൂടെ  പരാതിക്കാരിയെ അപമാനിച്ചും മാനസികമായി തകർത്തും പ്രതികളെ രക്ഷപ്പെടുത്താനാണ് പ്രതിഭാഗം അഭിഭാഷകന്റെ ശ്രമം..”

സ. അ. : “ സത്യം കണ്ടെത്തുകയും അത് കോടതി മുമ്പാകെ ബോധ്യപ്പെടുത്തുകയുമാണ് ലക്ഷ്യം. അതിലേക്കെത്തുന്നതിന്  ഈ ചോദ്യം വളരെ അത്യാവശ്യമാണ് ..  സൊ അലൗ മീ ടു പ്രൊസീഡ് യുവർ ഓണർ..”

ജഡ്ജ് : “ ഇത്തരമൊരു വാർത്ത കേൾക്കുമ്പോൾ ഏതൊരു പൗരനും  ഉണ്ടാകാവുന്ന ന്യായമായ സംശയമാണ് പ്രതിഭാഗം വക്കീൽ ഉന്നയിക്കുന്നത്..വാദി ഉന്നയിക്കുന്ന ആരോപണങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാൻ കോടതിയ്ക്ക് ബാധ്യതയുണ്ട്.. ഒബ്ജക്ഷൻ ഓവർ റൂൾഡ്.. യൂ മേ പ്രൊസീഡ്..”
സ അ : “ താങ്ക്യൂ യുവർ ഓണർ. ( തിരിഞ്ഞ് വീണയോട് ). പഠനത്തിനു പുറമേ  ആർട്ട്സിലും സ്പോർട്ട്സിലും കോളേജ് രാഷ്ട്രീയത്തിലുമെല്ലാം വളരെ സജീവമായിരുന്നു നിങ്ങൾ.. അല്ലേ മിസ് വീണ?”

വീണ : “ അതെ.”

സ അ : “ ഇതിലേതു മേഖലയിലെടുത്തു നോക്കിയാലും ആൺകുട്ടികളുമായിട്ടായിരുന്നു നിങ്ങൾക്ക് കൂടുതൽ ഇടപാട്.. ഐ മീൻ..കണക്ഷൻസ്.. ശരിയല്ലേ ?”

വീണ : “ .. ഫ്രന്റ്ഷിപ്പിൽ ഞാൻ അങ്ങനെ ആൺ പെൺ വ്യത്യാസം കണ്ടിട്ടില്ല..”

സ അ : “ പക്ഷെ അങ്ങനെയല്ലല്ലൊ ഈ ഫോട്ടോകൾ പറയുന്നത്.. ( ചില ഫോട്ടോകൾ കാണിച്ചു കൊണ്ട് ) നിങ്ങളുടെ  ഇലക്ഷൻ ആഹ്ലാദപ്രകടനത്തിന്റെയും ഡി സോൺ ഫെസ്റ്റിവലിന്റേയും ടൂറിന്റേയുമെല്ലാം ഫോട്ടോകളാണിത്.. ഈ ചിത്രങ്ങളിലുള്ളത്  നിങ്ങൾ തന്നെയല്ലേ ?”

വീണ : “ അതേ..”

സ അ : “ നോക്കൂ.. ഇതിലെല്ലാം നിങ്ങൾ ഒരുപറ്റം ആൾകുട്ടികൾക്ക് നടുവിലാണ്..  (ഫോട്ടോകൾ അവളെ കാണിച്ചതിനു ശേഷം ജഡ്ജിനു നോക്കുന്നതിനായി ബെഞ്ച്  ക്ലർക്കിനു നേരെ നീട്ടുന്നു ) ശരിയല്ലേ ?”

വീണ : “ കോളേജിലായാലും ക്ലാസിലായാലും ബോയ്സ് ആണ് കൂടുതൽ..  ഒരു പൊതുഫങ്ഷൻ നടക്കുമ്പോൾ അവിടെ ആൺകുട്ടികളാണു കൂടുതലുണ്ടാവുക.. ബോയ്സുമായി ഫ്രന്റ്ഷിപ്പ് ഉണ്ടാവുന്നത് തെറ്റാണെന്നും ഞാൻ കരുതുന്നില്ല..”

സ അ : “ നിങ്ങളുടെ കരുതലും കരുതലില്ലായ്മയും എല്ലാം അവിടെ നിൽക്കട്ടെ.. ചോദിക്കുന്നതിനു മാത്രം ഉത്തരം പറയൂ.. ഏത് ഇവന്റ്സ് എടുത്തു നോക്കിയാലും നിങ്ങൾ മിക്കപ്പോഴും ആൺകുട്ടികൾക്ക് നടുവിലാണ്.. ശരിയല്ലേ ?”

വീണ : “ അതേ..”

സ അ : “ രണ്ടാം പ്രതി മുരുകൻ, മൂന്നാം പ്രതി റിജോ, വാദിഭാഗം സാക്ഷികളായ പ്രസാദ്, ജെസ്സി എന്റെ കക്ഷി സംഗീത് എന്നിവരായിരുന്നു നിങ്ങളുടെ ക്ലോസ് ഫ്രണ്ട്സ്.. അതിൽ എന്റെ കക്ഷിയുമായി നിങ്ങൾ പിന്നീട് അകന്നു.. ശരിയല്ലേ..?”

വീണ : “ അതേ..”
സ അ : “ സംഗീതുമായി അകലാൻ എന്താണു കാരണം ?”

വീണ : “ അത്.. ഒരിക്കൽ അവനെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു.”

സ അ : “ ഉപദ്രവം
എന്നു വെച്ചാൽ അടിക്കുകയോ നുള്ളുകയോ മാന്തുകയോ തെറി വിളിക്കുകയോ..? ”

വീണ : “ ഒരിക്കൽ
അവനെന്നെ കയറിപിടിച്ചു”

സ അ : “ എവിടെ കയറി പിടിച്ചു
? ..കൈയ്യിൽ? അതോ

വീണ ( അസഹ്യതയോടെ ) : “ അതെ..കൈയ്യിൽ..”

സ അ : “ ഹ.. അതുകൊള്ളാമല്ലൊ..നിങ്ങൾ ആ ചിത്രങ്ങൾ നോക്കൂ.. ആഹ്ലാദപ്രകടനത്തിൽ പങ്കെടുക്കുന്നവർ നിങ്ങളെ തോളിലേറ്റി നടക്കുന്നത് എവിടെയൊക്കെ പിടിച്ചാണെന്ന്.. അതിനൊന്നും നിങ്ങൾക്ക് വിരോധമില്ല.. നിങ്ങളുടെ  അനുവാദത്തോടെ എവിടെ വേണമെങ്കിലും പിടിക്കാം.. അല്ലെങ്കിൽ പാടില്ല.. അതാണൊ നിങ്ങളുടെ ലൈൻ..?”

വീണ ചൂളി നിന്നു പോകുന്നു.

പ്രോസി : “ ഒബ്ജക്ഷൻ യുവർ ഓണർ.. അന്തസ്സുകെട്ട ചോദ്യങ്ങളുന്നയിച്ച് പരാതിക്കാരിയെ മാത്രമല്ല, സ്ത്രീത്വത്തെയും സൗഹൃദത്തെയുമെല്ലാം  വില കുറച്ച് കാണാൻ ശ്രമിക്കുകയാണ് ഇദ്ദേഹം..”

ജഡ്ജ് : “  പുരുഷനായാലും സ്ത്രീയായാലും അനുവാദമില്ലാതെ സ്പർശിക്കുമ്പോഴും കൈ വെക്കുമ്പോഴുമൊക്കെയാണ് അത് നിയമത്തിനു മുമ്പിൽ വരുന്നത്.. ഒബ്ജക്ഷൻ സസ്റ്റയിന്റ്.. മേലിൽ ഇതുപോലെ അസംബന്ധം നിറഞ്ഞ ചോദ്യങ്ങൾ ഉന്നയിക്കാൻ പാടുള്ളതല്ല..”

സ അ : “ ക്ഷമിക്കണം യുവർ ഓണർ.. മേലിൽ ശ്രദ്ധിക്കാം..”

സീൻ 90

കോടതിമുറി.
സംഗീതിന്റെ അഭിഭാഷകൻ : “ അപ്പോൾ ആ സംഭവത്തിനു ശേഷമാണ് നിങ്ങൾക്ക് സംഗീതിനോട് വിരോധം തോന്നി തുടങ്ങുന്നത്, അല്ലേ മിസ് വീണ ?”

വീണ : “ അതിനു ശേഷം ഞാനവനെ അവോയ്ഡ് ചെയ്തു..”

സ അ : “ അതിനു ശേഷം കോളേജ് ഇലക്ഷനിൽ സംഗീത് എതിർസ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്നതും സ്പോർട്ട്സിൽ നിങ്ങളുടെ ഹൗസിനെതിരെ പ്രവർത്തിച്ചിരുന്നതും എല്ലാം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു അല്ലേ ? വ്യക്തിപരമായി തേജോവധം ചെയ്യുന്നു എന്നു ചൂണ്ടി കാട്ടി സംഗീതിനെതിരെ നിങ്ങൾ കോളേജ് ഇലക്ഷൻ  ഓഫീസറായ പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നില്ലേ ?”

വീണ : “ ഉവ്വ്”

സ അ : “ അതിനു ശേഷം നിങ്ങൾക്ക് അയാളോടുള്ള വിരോധം മൂർച്ഛിച്ചു അല്ലേ ?”

വീണ : “ വിരോധമുണ്ടായിരുന്നില്ല..ഞാനവനെ അവോയ്ഡ് ചെയ്തു..”

സ അ : “ എന്തായാലും നിങ്ങൾക്ക് ഒട്ടും താല്പര്യമില്ലാത്ത  വ്യക്തിയായിരുന്നു സംഗീത്.. ശരിയല്ലേ ?”

വീണ : “ അതേ.. താല്പര്യമുണ്ടായിരുന്നില്ല..”

സ അ : “ ഓ കെ. അതവിടെ നിൽക്കട്ടെ
ഈ നിൽക്കുന്ന രണ്ടാം പ്രതി മുരുകനുമായി നിങ്ങൾക്ക്  എന്തു ബന്ധമാണുണ്ടായിരുന്നത് ?”

വീണ : “ എന്റെ ഫ്രണ്ട് ആയിരുന്നു..”

സ അ : “ അതിൽ കൂടുതൽ ഒന്നുമില്ല ? ഓൺലി ഫ്രണ്ട്സ് ? എന്റെ അന്വേഷണത്തിൽ അങ്ങനെയല്ലല്ലൊ അറിഞ്ഞത്.. ( ഒരു ഡയറി ഉയർത്തി കാട്ടി ) ..ഇത് നിങ്ങളുടെ ഡയറി അല്ലേ ?”

വീണ (അതു കണ്ട് ചകിതയായി) : “ അതെ
എനിക്ക്.. ഐ ലവ്ഡ് ഹിം..”

മുരുകൻ അതുകേട്ട് തലതാഴ്ത്തി നിൽക്കുകയാണ്.

സ അ : “ രണ്ടാം പ്രതി മുരുകനോട് പരാതിക്കാരിക്കുണ്ടായിരുന്ന പ്രണയം, പരാതിക്കാരിയുടെ ഈ ഡയറിക്കുറിപ്പുകളിൽ നിന്ന് വ്യക്തമാണ് യുവർ ഓണർ.. ( ഡയറി ബെഞ്ച് ക്ലർക്കിനു കൈമാറുന്നു ) ഒ കെ
മിസ് വീണ.. ഈ വിവരം പിന്നെ ആർക്കെങ്കിലും അറിയാമായിരുന്നോ ?”

വീണ : “ എന്റെ അച്ഛനോട് പറഞ്ഞിരുന്നു”
സ അ : “ അത് കൊള്ളാമല്ലൊ.. എന്നിട്ട് അച്ഛൻ എന്തു പറഞ്ഞു ?”

വീണ : “ പഠിത്തം കഴിയട്ടെ എന്നു പറഞ്ഞു..”

സ അ : “ കൊള്ളാം..ഒരു മാതൃകാപിതാവാണല്ലൊ നിങ്ങളുടെ അച്ഛൻ
ആട്ടെ.. പിന്നെ ആർക്കെങ്കിലും ഇത് അറിയാമായിരുന്നോ ?”

വീണ : “ ഇല്ല..”

സ അ : “ ഒ കെ.. നമുക്ക് സംഭവത്തിലേക്ക് പോകാം.. മെൻസ് ഹോസ്റ്റലിലേക്ക് പോകാൻ ആ രാത്രി തന്നെ തിരഞ്ഞെടുക്കാൻ എന്തെങ്കിലും കാരണം ?”

വീണ : “ ചിക്കൻ പോക്സ് കാരണം മെൻസ് ഹോസ്റ്റൽ അടിച്ചിരിക്കുകയാണ് എന്നറിയാമായിരുന്നു..”

സ അ : “ അടച്ചിരിക്കുകയാണെങ്കിലും ഹോസ്റ്റലിൽ സ്പെഷൽ പെർമിഷനിൽ മുരുകനുൾപ്പെടെ മൂന്നു കുട്ടികൾ താമസിച്ചിരുന്ന കാര്യം നിങ്ങൾക്കറിയാമായിരുന്നോ ?”

വീണ മറുപടി പറയുന്നില്ല

സ അ : “ പറയൂ മിസ് വീണ.. സ്പെഷൽ ക്ലാസ്സ് വെക്കുന്നതുമായി ബന്ധപ്പെട്ട്, ഇങ്ങനെയൊരു വിവരം അന്നു കാലത്ത് നിങ്ങളുമായി ചർച്ച ചെയ്തിരുന്നു എന്ന് നിങ്ങളുടെ ക്ലാസ് റെപ്രസെന്റേറ്റീവ് മൊഴി നൽകിയിട്ടുണ്ട്.. അത് നിങ്ങൾ നിഷേധിക്കുന്നുണ്ടോ ?”

വീണ : “ ഇല്ല”

പ്രോസിക്യൂട്ടർ നിരാശയോടെ തലയാട്ടുന്നു.

സ അ : “ അതായത്, ഹോസ്റ്റലിൽ മുരുകൻ സ്റ്റേ  ചെയ്യുന്ന കാര്യം നിങ്ങൾക്കറിയാമായിരുന്നു എന്ന്..അല്ലേ ?”

വീണ : “ അതേ”

സ അ : “ മുരുകനും റിജോയും റൂം നമ്പർ 303 ലാണ് താമസിച്ചിരുന്നതെന്നും നിങ്ങൾക്കറിയാമായിരുന്നു.. അല്ലേ ?”

വീണ : “ അറിയാമായിരുന്നു..”
സ അ : “ സത്യത്തിൽ, ആ ഒരറിവ് അല്ലേ നിങ്ങളെ അവിടെ പോകാൻ പ്രേരിപ്പിച്ചത് ?”

വീണ ( വിങ്ങി കൊണ്ട്) : “ അവൻ എന്നെ  ചതിക്കില്ലെന്ന് ഞാൻ വിശ്വസിച്ചു..”

സ അ : “  പ്ലീസ് നോട്ട് ദാറ്റ് പോയിന്റ് യുവർ ഓണർ.. തന്റെ കാമുകനായ മുരുകൻ, മെൻസ് ഹോസ്റ്റലിൽ, 303 ആം നമ്പർ മുറിയിൽ ഉണ്ടെന്നുള്ള ഉത്തമബോധ്യത്തോടെ തന്നെയാണ് പരാതിക്കാരി പാതിരാത്രി മതിൽ ചാടി കടന്ന് മെൻസ് ഹോസ്റ്റലിലെത്തുന്നത്..  ( തിരിഞ്ഞ് വീണയോട് ) മിസ് വീണ, മെൻസ് ഹോസ്റ്റലും ലേഡീസ് ഹോസ്റ്റലും അടുത്തടുത്താണോ ?”

വീണ : “ അല്ല..”

സ അ : “ ശരിയാണ്..നാട്ടിലൊരിടത്തും അങ്ങനെയൊരു പതിവില്ല.. ഒരു കിഡ്സ് ഹോസ്റ്റൽ കൂടി നടത്താനുള്ള ശേഷി  ഗവണ്മെന്റിനില്ലല്ലൊ..           ( വീണയും പ്രതികളുമൊഴിച്ച് മറ്റുള്ളവരെല്ലാം ചിരിക്കുന്നു ) യെസ്.. മെൻസ് ഹോസ്റ്റലും ലേഡീസ് ഹോസ്റ്റലും തമ്മിൽ ചുരുങ്ങിയത് ഇരുന്നൂറുമീറ്റർ അകലമുണ്ട്. ഈയിടത്താണ് സ്റ്റാഫ് ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്നത്..അല്ലേ മിസ് വീണ ?”

വീണ : “ അതേ..”

സ അ : “ നിങ്ങൾ ഏതു വഴിയാണ് ലേഡീസ് ഹോസ്റ്റലിൽ നിന്ന് മെൻസ് ഹോസ്റ്റലിലേക്ക് എത്തിയത് ?മുന്നിലുള്ള റോഡ് വഴിയോ ?”

വീണ : “ ക്വാർട്ടേഴ്സുകളുടെ പുറകിലൂടെ..”

സ അ : “ അവിടെയാകെ കാട് പിടിച്ച് കിടക്കുകയല്ലേ ?”

വീണ : “ അതെ”

സ അ : “ നിങ്ങൾക്ക് പേടി തോന്നിയില്ലേ രാത്രി രണ്ടുമണിക്ക് ഇങ്ങനെ കാടുപിടിച്ച ഒരു സ്ഥലത്ത് ഇറങ്ങി നടക്കാൻ..”

വീണ : “ ഇല്ല “

സ അ : “ ഓ..നിങ്ങളിൽ വികാരം.. ഐ മീൻ പ്രതികാരം കത്തിജ്വലിക്കുകയായിരുന്നല്ലൊ.. അപ്പോൾ എന്ത് പേടിക്കാൻ.. ! ആട്ടെ.. മെൻസ് ഹോസ്റ്റലിന്റെ മതിലിന്  എത്ര ഉയരമുണ്ട് ?”

വീണ : “ ഏകദേശം ആറടിയോളം..”

സ അ : “ ആ മതിൽ നിങ്ങൾ എങ്ങനെ ചാടി കടന്നു ?”

വീണ : “ മരം വീണ് മതിൽ കുറച്ചിടത്ത് പൊളിഞ്ഞു കിടന്നിരുന്നു..”

സ അ : “  ഒ കെ ഒ കെ.. അത് ഹോസ്റ്റലിന്റെ പുറകിലല്ലേ.. അതുവഴിയാകുമ്പോൾ മെൻസ് ഹോസ്റ്റലിന്റെ പിന്നാമ്പുറത്തല്ലേ എത്തുക ? ചപ്പുചവറുകളും കുപ്പിച്ചില്ലുകളുമെല്ലാം നിറഞ്ഞ കുറ്റിക്കാടല്ലേ അവിടെ ?”

വീണ : “ അതേ.”

സ അ : “ എന്നിട്ടും  ഒരു പോറൽ പോലും ഏൽക്കാതെ നിങ്ങൾ അവിടെ എത്തി ?..അവിശ്വസനീയം..!”
വീണ മറുപടിയൊന്നും പറയുന്നില്ല.

സ അ : ( രക്തം പുരണ്ട ഒരു ടവൽ ഉയർത്തി കാട്ടി കൊണ്ട് ). “ ഇതാരുടെ ടവൽ              ആണെന്നറിയാമോ ?”

വീണ : “ എന്റെയാണ്..”

സ അ : “ മെൻസ് ഹോസ്റ്റലിന്റെ മുറ്റത്തു നിന്നാണ് എനിക്കിതു കിട്ടിയത്.. ഇതവിടെ എങ്ങനെ വന്നു എന്ന് നിങ്ങൾക്കറിയാമോ ?”

വീണ : “ അന്ന് രാത്രി  വീണുപോയതാണ്..”

സ അ : “ സംഭവിക്കാവുന്നതാണ്.. പക്ഷെ അതിൽ എങ്ങനെയാണ് രക്തം പുരണ്ടത്? രക്തം മാത്രമല്ല..സൂക്ഷിച്ചു നോക്കൂ.. (അയാൾ അത് അവൾക്കു നേരെ നീട്ടുന്നു ) ഇതിൽ എന്തോ മരുന്നു പുരട്ടിയതിന്റെ അവശിഷ്ടങ്ങളും കാണാനുണ്ട്.. എന്താണന്ന്  സംഭവിച്ചത്..കൃത്യമായി പറയൂ മിസ് വീണ.. ഇത് കോടതിയാണ്.. നുണ പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതേണ്ട..”

വീണ : “ അന്ന് അവിടേയ്ക്കു പോകുമ്പോൾ കാലിൽ ഒരിടത്ത് കുപ്പിചില്ല് കൊണ്ട് മുറിഞ്ഞിരുന്നു..”

സ അ : “ മുറിഞ്ഞിരുന്നു എന്ന് പറഞ്ഞാൽ..ബ്ലഡ് വന്നിരുന്നോ ?”

വീണ : “ ഉവ്വ്”

സ അ :   (ജഡ്ജിയോട് ) “ പ്ലീസ് നോട്ട് ദാറ്റ് പോയിന്റ് യുവർ ഓണർ.. ഹോസ്റ്റൽ മുറിയിലേക്ക് വരുമ്പോൾ തന്നെ പരാതിക്കാരിക്ക് മുറിവു പറ്റിയിരുന്നു. അപ്പോൾ  തറയിൽ വീണ രക്തത്തുള്ളികളാണ് എന്റെ  കക്ഷിയുടെ ആക്രമണത്തിൽ നിന്നുണ്ടായ മുറിവിൽ നിന്ന് വീണതാണ് എന്ന് പ്രോസിക്യൂഷൻ കെട്ടിച്ചമച്ചുണ്ടാക്കിയത്.. ( വീണയോട് )  എന്നിട്ട്.. ബ്ലീഡിങ്ങ് ഉള്ള ആ കാലുമായി നിങ്ങൾ ഹോസ്റ്റലിൽ കയറി, മൂന്നാം നിലയിലെ 303 ആം നമ്പർ മുറിയിൽ എത്തി. എന്നിട്ടെന്താണ് സംഭവിച്ചത് ? ടവലിൽ മരുന്നെങ്ങനെയാണ് പുരണ്ടത്  ? ..കൃത്യമായി പറയൂ മിസ് വീണ.. ഇത് കോടതിയാണ്.. നുണ പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതേണ്ട.”

വീണ : “ അവിടെ..”

സീൻ 91

 രാത്രി. മെൻസ് ഹോസ്റ്റൽ.. വരാന്തയിലെ മങ്ങിയ വെളിച്ചത്തിൽ, ഹോസ്റ്റലിലെ 303 ആം നമ്പർ റൂമിനു മുന്നിലേക്ക് നീങ്ങുന്ന കറുത്ത രൂപം. വീണയാണത്.

സീൻ 92

അവൾ ഇപ്പോൾ മുറിയ്ക്കു മുൻപിലാണ്. വാതിലിൽ മുട്ടാൻ ശ്രമിക്കുമ്പോൾ അത് പതുക്കെ ഉള്ളിലേക്ക് തുറക്കുന്നു. അകത്ത് കുറ്റിയിട്ടിട്ടില്ല. അവൾ ശബ്ദമുണ്ടാക്കാതെ അകത്തു കടന്ന് വാതിൽ ചാരി.

സീൻ 93

അവൾ പാന്റിന്റെ പോക്കറ്റിൽ നിന്ന് പെൻ ടോർച്ചെടുത്ത് തെളിക്കുന്നു. മുരുകൻ കട്ടിലിൽ കിടന്ന് നല്ല ഉറക്കമാണ്. ടോർച്ച് വെളിച്ചം മേശപ്പുറത്തേയ്ക്ക്. അവിടെ ആ റെക്കോഡ് ഉണ്ട്. അവളതിനരികിലേക്ക് പതിയെ നീങ്ങുന്നു. അവിടെ നിന്ന് ആ റെക്കോഡ് പതിയെ ഉയർത്തി പിൻവാങ്ങി തുടങ്ങുമ്പോൾ പൊടുന്നനെ എന്തൊക്കെയോ താഴെ വീഴുന്ന ശബ്ദം.

അവൾ തരിച്ച് നിന്നു പോയി

മുരുകൻ ചാടിയെണീറ്റു.. “ ആരാണത്.”

“ശ്ശ്.. ഒച്ചയുണ്ടാക്കല്ലേ..” വീണ  തന്റെ മുഖത്തേയ്ക്ക് ടോർച്ചടിച്ചു “ ഞാനാണ്..”

“ആര്
?”  എല്ലാം വ്യക്തമാവാൻ അവനു പിന്നെയും സമയം വേണ്ടി വന്നു.. “ നീയ്യോ?!”

അവൾ പുഞ്ചിരിച്ചു : “ ഉം”

മുരുകൻ വാതിൽ കുറ്റിയിട്ട് ലൈറ്റിട്ടു.

അടക്കിയ ശബ്ദത്തിൽ : “ നിനക്ക് പ്രാന്താണ്..”

വീണ ചിരിയോടെ : “ വലിയൊരാഗ്രഹമായിരുന്നു.. ആൺശിങ്കങ്ങൾ അടക്കി വാഴുന്ന എം എച്ചിൽ ഒരു ദിവസം കയറണമെന്നത്.. സിംഹമടയിൽ ആദ്യമായി കാൽകുത്തിയ പെൺകുട്ടി എന്ന ക്രെഡിറ്റ് എനിക്കിരിക്കട്ടെ..”
മുരുകൻ : “ പക്ഷെ ഈ കളിയിൽ മാത്രം  നീ ജയിക്കില്ല മോളെ.. ദേ നോക്കിയേ.. അവൻ ചൂണ്ടി കാണിക്കുമ്പോഴാണ് അവളത് കാണുന്നത്.. റെക്കോഡ്ബുക്കിനോട് ചേർത്തു കെട്ടിയ ഒരു ടാങ്കീസ് മറ്റു ചില പുസ്തകങ്ങളും പെൻസ്റ്റാന്റുമായെല്ലാം ചേർത്ത് കെട്ടിയിരിക്കുന്നു.

വീണ : “ ഓ.. അപ്പോ അങ്ങനെയാണല്ലേ ശബ്ദമുണ്ടായത്
ശരി..ഞാനപ്പോ ജയിക്കണോ അതോ തോൽക്കണൊ ? നീയാണതു തീരുമാനിക്കേണ്ടത്..”

മുരുകൻ : “ അങ്ങനെ  ചോദിച്ചാ
.” അതിനിടയിലാണ് അവൻ അവളുടെ പാദം മുറിഞ്ഞ് രക്തമൊഴുകുന്നത് കാണുന്നത്. അവൻ പെട്ടന്ന് മുട്ടിലിരുന്ന് മുറിവു പരിശോധിച്ചു കൊണ്ട്                     : “ അയ്യോ ചോര.. ഇതെങ്ങനെ പറ്റി ?”

വീണ : “ ഓ.. ഒന്നു മുറിഞ്ഞതാ.. നിങ്ങളൊക്കെ വെള്ളമടിച്ച് കുപ്പി വലിച്ചെറിയുന്നത് ഹോസ്റ്റലിന്റെ പുറകിലല്ലേ ?”

മുരുകൻ : “ നീയിവിടെയിരി
ഞാൻ നിയോസ്പിരിൻ എടുത്തോണ്ട് വരാം.. താഴെ ഇജാസിന്റെ മുറിയിലുണ്ട്..”

അവൾ മറുപടി പറയുന്നതിനു മുമ്പ് അവൻ പുറത്തേയ്ക്കിറങ്ങി.

സീൻ 94

അതേ മുറി.. അവൾ കട്ടിലിലിരിക്കുകയാണ്. അവൻ തറയിലിരുന്ന്, അവളുടെ കാലിൽ മരുന്നു പുരട്ടി, നേരത്തെ രക്തം  ഒപ്പി വച്ചിരുന്ന അവളുടെ തൂവാലയെടുത്ത് മുറിവ് കെട്ടുന്നു. അവളുടെ കണ്ണുകളിൽ പ്രണയം തിളങ്ങുന്നു.

വീണ : “ അതിശയം തോന്നുന്നു.. നാലുവർഷം കഴിയാറായി..
എന്നിട്ടും..നാം തമ്മിൽ പറയാൻ എന്തോ ബാക്കി നിൽക്കുന്നു അല്ലേ മുരൂ
മുരുകൻ ( തലയുയർത്താതെ ) : “ അർഹതയില്ലാത്ത  ആഗ്രഹങ്ങൾ
ദെ ആർ ഓൺലി ഡ്രീംസ്  വീണ..”

വീണ : “ ആരു പറഞ്ഞു അർഹതയില്ലെന്ന്.. നീയെന്നെ ഇപ്പോഴും അറിയുന്നില്ലല്ലൊ മുരൂ..”                       ( കണ്ണുകൾ നിറയുന്നു)

മുരുകൻ : “ വേണ്ട വീണ.. കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂര പോലുമില്ലാത്തവനാണ് ഞാൻ..ആ ദുരിതലോകത്തേയ്ക്ക്
(ശബ്ദമിടറുന്നു).. ദാറ്റ്സ് വൈ..ഐ സ്റ്റോപ്പ്ഡ് ഹിയറിങ്ങ് മൈ ഹേർട്ട്..”

വീണ  (അലിവോടെ അവനെ  തഴുകാൻ കൈ നീട്ടി, പിന്നെ പിൻവലിച്ച് ) : “ നിനക്കിപ്പോഴും എന്നെ മനസ്സിലാവുന്നില്ലല്ലൊ മുരൂ..  നിന്റെ കാര്യമൊക്കെ എത്രയോ മുൻപേ ഞാനച്ഛനോട് അവതരിപ്പിച്ചു കഴിഞ്ഞതാണ്.. കോഴ്സ് കഴിയണം.. രണ്ടാൾക്കും ജോലി വേണം.. ആ ഡിമാന്റേ അച്ഛൻ പറഞ്ഞുള്ളൂ.. അതാണെന്റെ അച്ഛൻ..”

മുരുകൻ ( തലയുയർത്തി അവളുടെ ഇരുകൈകളും കൂട്ടിപിടിച്ച് അതിൽ ചുംബിച്ചു കൊണ്ട് ): “ മൈ മൈ.. സ്വീറ്റ്
.”

വീണ ( ലജ്ജയോടെ കൈകൾ പിൻവലിച്ചു കൊണ്ട് ) : “ ച്ഛെ.. വിട്.. ഞാൻ പോട്ടെ..”

പെട്ടന്നാണ് വാതിലിൽ മുട്ടു കേൾക്കുന്നത്.

ഒരു നിമിഷം സ്തംഭിച്ചു നിന്ന ശേഷം, വീണ ചാടിയെണീറ്റ് ലൈറ്റ് ഓഫാക്കുന്നു.
മുരുകൻ ചിരിയോടെ വാതിലിന്റെ കുറ്റി തുറന്നു കൊണ്ട് : “ സോറി വീണ..പറഞ്ഞില്ലെങ്കിൽ ഇവനെന്റെ തല ബാക്കി വെക്കില്ല
സാരമില്ലെന്നെ.. ഒരു തവണയെങ്കിലും അവനും ജയിക്കട്ടെ..”

റിജോ അകത്തു കയറുന്നു.

മുരുകൻ വാതിൽ കുറ്റിയിട്ട് ലൈറ്റ് ഓൺ ചെയ്യുന്നു.

വീണ സ്തംഭിച്ചു നിൽക്കുകയാണ്.

റിജോ നൃത്തം ചവിട്ടി കൊണ്ട് : “ ഹൊയ് ഹൊയ് എമ്പ്രാത്തിപ്പെണ്ണ്  വീണു ഡാ തമ്പ്രാ.. എമ്പ്രാത്തിപ്പെണ്ണ് വീണു..”

മുരുകൻ : “ ഡാ പോത്തേ ഒച്ചയുണ്ടാക്കല്ലേ..”

റിജോ അവനെ കെട്ടി പിടിച്ച് ഉമ്മ വെച്ചു കൊണ്ട് : “ നീയെന്റെ മുത്താടാ.. മുത്ത്..”

വീണ അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന മൊബൈൽ ഫോൺ ശ്രദ്ധിക്കുന്നത്.
അവൾ മുരുകനോട് : “ എന്നാലും മുരു..ഇത് കൊടും ചതിയായി പോയി.. ഇതിനാണല്ലേ നീ മരുന്നെടുക്കാനെന്നും പറഞ്ഞ് പുറത്തു പോയത്
വിട്ടു..നീയുമായുള്ള സകലകമ്പനിയും വിട്ടു..”
( അവളുടെ സ്വരത്തിൽ പ്രതിഷേധമുണ്ടെങ്കിലും, അത് അത്രകണ്ട് രൂക്ഷമല്ല..)
വീണ റിജോയോട് : “ ശരി..ഞാൻ തോൽവി സമ്മതിച്ചിരിക്കുന്നു.. (റെക്കോഡ് അവനു നേരെ നീട്ടി.) ഇന്നാ..ഇത് നീ തന്നെ വെച്ചോ..”  (ഇരുവരോടുമായി) അപ്പോ ശരി.. ഞാനെറങ്ങട്ടെ പിള്ളേരെ.. ഇനീം വെല്ല ആൺശിങ്കങ്ങളെങ്ങാൻ വന്നാൽ പളി പാളും..”

റിജോ അവളുടെ മുന്നിൽ കയറി നിന്ന് : “ അയ്യട.. അങ്ങനെയങ്ങു പോയാ എങ്ങനെ ശരിയാവും തമ്പ്രാട്ടീ ? (മുരുകനോട് ).. എടാ.. ഇവളെ  എന്താ ചെയ്യണ്ടേ ?.. കഴുതപ്പുറത്തിരുത്തി പള്ളിമൂല ചേറൂര് പെരിങ്ങാവ് വിയ്യൂര് വഴി നാടു ചുറ്റിച്ചാലോ.. ( ആലോചിച്ചു കൊണ്ട് ) ഇനിയിപ്പോ ഈ പാതിരാത്രി ഒരു കഴുതയെ എവിടന്ന് കിട്ടും..?

സീൻ 95

വാതിൽക്കൽ വീണ്ടും മുട്ട് കേൾക്കുന്നു.

വീണയുടെയും റിജോയുടെയും മുഖത്ത് പരിഭ്രാന്തി പടരുന്നു.

ലൈറ്റ് ഓഫ് ചെയ്യാൻ നീങ്ങുന്ന വീണയെ തടഞ്ഞു കൊണ്ട് മുരുകൻ : “ വൺസ്  എഗൈൻ സോറി ഡിയർ.. ഇത് സംഗീതാ..ഇന്നത്തോടെ എല്ലാ പിണക്കങ്ങളും തീരണം.. അതിനാ ഞാനവനെ വിളിച്ചത്..”
മുരുകൻ വാതിൽ തുറന്നു.
അകത്തെ ഇരുട്ടിൽ നിന്ന് സംഗീത് അകത്തേയ്ക്കു കയറി വാതിൽ ചാരി.

മൂവരേയും സൂക്ഷിച്ചൊന്ന് നോക്കിയ ശേഷം, മുരുകന്റെ കൈ പിടിച്ച് കുലുക്കി കൊണ്ട് സംഗീത് :           “ വെൽഡൺ മൈ ബോയ്..വെൽഡൺ.. നീയാടാ ഫ്രന്റ്..”

ഇപ്പോൾ വീണയുടെ കണ്ണുകളിൽ കോപം തിളങ്ങുന്നുണ്ട്.

സംഗീത് ( റിജോയുടെ കൈ പിടിച്ച് കുലുക്കി) : “ കലക്കി അളിയാ കലക്കി.. അവസാനം നിന്റെ വലയിൽ തന്നെ കിളി വീണു..”

സംഗീതിന്റെ ചലനങ്ങളിൽ നിന്ന് അവൻ മദ്യപിച്ചിട്ടുള്ളതിന്റെ സൂചനയുണ്ട്.

 സംഗീത് (വീണയുടെ മുന്നിലേക്കു ചെയ്യ് അവളുടെ മുഖത്തേയ്ക്കു നോക്കി ) :  “ ഓ..അവസാനം രാജകുമാരി കുടുങ്ങി.. അതും എവിടെ ? എം എച്ചിൽ.. പാതിരാത്രി മതിലുചാടി മെൻസ് ഹോസ്റ്റലില് ആണൊരുത്തന്റെ മുറിയിൽ വന്നു കേറിയ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയെ കുറിച്ച് നാളത്തെ പത്രങ്ങളു വെണ്ടയ്ക്കാ നിരത്തുന്നതോർത്ത് എനിക്കു ദേ ഇപ്പോഴേ രോമാഞ്ചം വരുന്നു.. നീയെന്താടീ വിചാരിച്ചത് ? നിനക്കെന്താ കൊമ്പുണ്ടോ ? അതോ അരയ്ക്കു ചുറ്റും
( കൈകൾ അവൾക്കു നേരെ നീട്ടുന്നു )

വീണ പുറകിലേക്ക് നീങ്ങുന്നു.

മുരുകൻ സംഗീതിന്റെ കൈ പിടിച്ച് തടഞ്ഞു കൊണ്ട് : “ ഇതു ശരിയാവില്ല സംഗീതേ.. ദേഹത്തു തൊട്ടുള്ള കളിയൊന്നും ഉണ്ടാവില്ലാന്ന് നീ വാക്കു തന്നിട്ടാ ഞാനിതു സമ്മതിച്ചത്.. പറയാനെന്തെങ്കിലും ഉണ്ടെങ്കിൽ അത്
 പറഞ്ഞു തീർക്കണം.. ആ ഒരൊറ്റ ഉദ്ദേശത്തിലാ നിന്നെ വിളിച്ചത്..”

സംഗീത് അവിടെ എത്തിയതിൽ റിജോയ്ക്കും അസ്വസ്ഥതയുണ്ട്.

റിജോ : “ അതെ.. പറയാനെന്തെങ്കിലും ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്ത് അവളെ വിട്.. ഇവിടെ നിൽക്കുന്നത് പന്തിയല്ല..”

സംഗീത് : “ ഓ.. അങ്ങനെ പെട്ടന്നങ്ങ് പറഞ്ഞ് തീരുമോ ? നിനക്ക് തൊടാം, നിനക്ക് തൊടാം, പ്രസാദിനു തൊടാം, ജി  ഇ സീലേ ആമ്പിള്ളേർക്ക് മുഴുവൻ ചന്തീമെ പിടിച്ച് പൊക്കാം..  പാവം ഈ ഞാൻ മാത്രം തൊടുമ്പോ ഇവൾക്കെന്താണിത്ര കഴപ്പ്..? അതൊന്നറിയണമല്ലോ
അതൊന്ന് തൊട്ടു നോക്കി തന്നെ അറിയണമല്ലോ..”

അവൻ വീണ്ടും അവൾക്കു നേരെ  ആയുമ്പോൾ മുരുകൻ ഒന്നുകൂടി പിടി മുറുക്കുന്നു.

വീണ : “ ദിസ് ഈസ് ചീറ്റിങ്ങ് മുരൂ..നീയിതു ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.. ഇവനെ പോലെ കൾച്ചറില്ലാത്ത ഒരുത്തനെ


അവൾ പോകാനൊരുങ്ങുന്നു

സംഗീത് അവളെ തടയാൻ ശ്രമിച്ചു കൊണ്ട് : “ ഓ.. തോന്നുമ്പോ കയറി വരാനും തോന്നുമ്പോ ഇറങ്ങി പോകാനും നിന്റെ തന്ത ജോർജ്ജ് ആറാമൻ ഉണ്ടാക്കി തന്നതാണോടി മെൻസ് ഹോസ്റ്റല്
കടിയെളകി പാതിരാത്രി മതിൽ ചാടി വന്നിട്ട് ചാരിത്ര്യം  പ്രസംഗിക്കുന്നോടീ പൂ.. മോളേ..”

മുരുകൻ അവനെ ഒന്നുകൂടെ  മുറുകെ പിടിച്ചു കൊണ്ട് : “ ഇവൻ  ശരിയാവില്ല.. എനിക്കാ മണ്ടത്തരം പറ്റിയത്.. (വീണയോട് )..  അയാം സോറി വീണ.. നീ വേഗം പൊക്കോ.. ..ഇവന്റെ കാര്യം ഞങ്ങൾ നോക്കി കൊള്ളാം..”

റിജോ : “ അതു  ശരിയാ.. ഈ പന്നി  ജമ്മന്റെ കാലം ശരിയാവുകേല..”

സംഗീത് മുരുകന്റെ കൈകളിൽ കിടന്ന് കുതറിക്കൊണ്ട് : “ എനിക്കറിയാമായിരുന്നെടാ   നക്കികളേ നിങ്ങളൊക്കെ  ഇതു തന്നെയേ ചെയ്യുമായിരുന്നുള്ളെന്ന്.. അതോണ്ട് ഞാൻ ഫുൾ സെറ്റപ്പിലാ വന്നത്.. ( വാതിൽക്കലേക്ക് നോക്കി ).. കേറി വാ ചേട്ടമ്മാരെ..ഈ പന്നമ്മാരെയൊന്ന് ഒതുക്ക്..”

അതു കേട്ടയുടനെ വാതിൽ  തള്ളിത്തുറന്ന് മുറിയിലേക്ക് പ്രവേശിക്കുന്ന രണ്ട് ഗുണ്ടകൾ ( ഇവർ തന്നെയാണ് കോടതിയിൽ പ്രതിക്കൂട്ടിലുള്ളത് )

അകത്തു കയറി വാതിൽ ചാരിയ  ശേഷം ഗുണ്ടകളിലൊരാൾ : “ ച്ഛേ..ഈ നരുന്തു പിള്ളേരെയാണോ ഒതുക്കേണ്ടത്..അതിനു ഇവൻ  തന്നെ പോരെ..വെറുതെ എന്റേം സമയം മെനക്കെടുത്തി..”

ഗുണ്ടകളെ കണ്ട് ആകെ പകച്ചു നിൽക്കുകയാണ് മുരുകനും വീണയും റിജോയും.

ഒരു ചെറിയ സംഘടനത്തിനവസാനം, ഗുണ്ടകൾ മുരുകനേയും റിജോയേയും കൈകൾക്കുള്ളിലൊതുക്കി.

മുരുകൻ ഗുണ്ടയുടെ കൈയ്യിൽ കിടന്ന് കുതറി കൊണ്ട് : “ നീ ഒരു ചതിയനാണെന്ന് ഇവരൊക്കെ പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല.. അവളെ എന്തെങ്കിലും ചെയ്താ സംഗീതേ,  അമ്മ സത്യം..നിന്നെ ഞാൻ ബാക്കി വെക്കില്ല..”

സംഗീത് സ്വതന്ത്രനായി കൈ കുടഞ്ഞ് : “ ആ.. ചതിയെങ്കീ ചതി.. നിന്റെ അമ്മ പെറ്റ പെങ്ങളൊന്നുമല്ലല്ലൊ.. വെറുതെ വളുവളാ പറഞ്ഞ് മൂഡ് കെടുത്താതെ..”

 ( വീണയോട് ) എടീ.. (റിജോയെ ചൂണ്ടി ) ഈ പന്നൻ ഇങ്ങനെയൊരു ചലഞ്ച് വെച്ചപ്പോ തന്നെ നീയതീ കേറി കൊത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.. അതിന്റെ പൊറത്താ രണ്ടു ദിവസമായി (ഗുണ്ടകളെ ചൂണ്ടി ) ഇവമ്മാരെ തീറ്റി പോറ്റുന്നത്.. ( അവളുടെ അടുത്തേയ്ക്ക് അടുത്തു കൈ നീട്ടികൊണ്ട് ) നോക്കട്ടെ.. നിനക്ക് കൂടുതലു വല്ലോമുണ്ടെന്ന്..”

വീണ അഭ്യാസമുറയോടെ അവന്റെ കൈ തട്ടി മാറ്റുന്നു.

മുരുകൻ നിസ്സഹായതയോടെ : “ എടാ.. അവളെ ഒന്നും ചെയ്യരുത്.. വീ ലവ് ഈച്ച് അദർ
അതുകൂടി പറയാനാ നിന്നെ ഇപ്പോ വിളിച്ചേ പട്ടിച്ചതിയാ..”

സംഗീത് ( അതേ മെയ്‌വഴക്കത്തോടെ അവളുടെ കൈ തട്ടി മാറ്റി കൊണ്ട് ) : “ പണ്ടൊരിക്കൽ നീ ഇങ്ങനെയൊരു കിക്ക് തന്നു..എന്നു വച്ച് എന്നും അത് നടക്ക്വോ മോളേ.. കരാട്ടേ, നിന്റെ തന്ത പാരമ്പര്യമായി പഠിപ്പിച്ചതൊന്നുമല്ലല്ലൊ.. നീ ബ്ലാക്കാണെങ്കി ഞാനും ഇപ്പോ ബ്ലാക്കാ.. ( മുരുകനോട് തിരിഞ്ഞ് ) നീയെന്താ പറഞ്ഞേ ? ഇഷ്ടമാന്നോ.. എട്ത്തോ.. ആർക്ക് വേണം ഈ ചളുക്കിനെ ? അതിനു മുമ്പ് ഇവള് കൊറച്ച് പാഠം പടിക്കാനുണ്ട്.. അല്ലെങ്ങെ നിന്നെ പോലൊള്ള കോന്തന്മാരുടെ തലേ കേറിയിരുന്ന് ഇവള് നെരങ്ങും.. ആണുങ്ങളെന്താന്ന് ഇവള് ഇപ്പോഴെങ്കിലും ഒന്നു പഠിക്കട്ടെ..അതുകൊണ്ട് പൊന്നുമോൻ  വളിച്ച നമ്പറൊന്നും ഇറക്കാണ് അവടെ കെടന്ന് കളി കാണ്


വീണ കൈ കൂപ്പി കൊണ്ട് : “  സംഗീത്.. എന്നെ ഉപദ്രവിക്കരുത്.. പ്ലീസ്..ഞാൻ നിന്റെ കാലു പിടിക്കാം..”

സംഗീത് : “ കണ്ട കണ്ടാ
കാണേണ്ടവരെ കണ്ടു തുടങ്ങിയപ്പോ തന്നെ പെണ്ണിന്റെ തനിസ്വഭാവം അവളു പഠിച്ചു തൊടങ്ങി..”

സീൻ 96

കോടതി മുറി.

സാക്ഷിക്കൂടിൽ കണ്ണീരണിഞ്ഞു നിൽക്കുകയാണ് വീണ..

സ അ : “ ഒ കെ മിസ് വീണ
നിങ്ങൾക്ക്  വിശ്രമം ആവശ്യമാണെങ്കിൽ, ഞാൻ ക്രോസ് നിർത്താം.. പക്ഷെ നാളെയായാലും എനിക്ക് എന്റെ ജോലി തുടർന്നേ പറ്റൂ എന്തു പറയുന്നു.. ? ക്രോസ് തുടരുന്നതിൽ ബുദ്ധിമുട്ടെന്തെങ്കിലും ? ”

വീണ  തലയുയർത്തി : “ ഇല്ല..”

 സ അ : “ ഗുഡ്.. അതിനു ശേഷം എന്റെ കക്ഷി നിങ്ങളെ കയറി പിടിക്കുകയും, നിങ്ങളുടെ ഷർട്ട് കീറുകയും അതേ സമയത്ത് രണ്ടാം പ്രതി, നാലാം പ്രതിയുടെ കൈയ്യിൽ നിന്ന് കുതറി രക്ഷപ്പെട്ട് ലൈറ്റ് ഓഫാക്കുകയും   വാതിൽ തുറന്നു തന്ന് നിങ്ങളോട് ഓടി രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തപ്രകാരം നിങ്ങൾ പുറത്തേയ്ക്കോടുകയും പടികൾ കയറി താഴെയിറങ്ങി പുറത്തേയ്ക്കോടി ആദ്യം കണ്ട ക്വാർട്ടേഴ്സിനു മുമ്പിൽ ചെന്ന് തട്ടിവിളിച്ച് നിലവിളിക്കുകയും  പിൻതുടർന്നിരുന്ന  പ്രതികളിൽ നിന്ന്  ആ ക്വാർട്ടേഴ്സിൽ താമസമുള്ളവർ നിങ്ങളെ രക്ഷിക്കുകയുമാണൂണ്ടായത് എന്നാണ്         നിങ്ങൾ   നൽകിയ മൊഴി. ആ മൊഴി സത്യമാണോ മിസ് വീണ ?”
വീണ : “ അതേ..”

സ അ : “ ഒ കെ ഒ കെ.. രണ്ടാം പ്രതിയുടെ കുറ്റസമ്മതമൊഴിയിലും അപ്രൂവർ  നൽകിയ മൊഴിയിലും ഇത് ആവർത്തിച്ചിട്ടുണ്ട്. ബൈ ദി വേ മിസ് വീണ
ഒരു പേഴ്സണൽ ക്വസ്റ്റ്യൻ..താല്പര്യമുണ്ടെങ്കിൽ മറുപടി പറഞ്ഞാൽ മതി.. നിങ്ങൾ രണ്ടാം പ്രതി മുരുകനെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ ?”

വീണ : “ ഉവ്വ്..”

സ അ : “ നിങ്ങളുടെ അചഞ്ചലമായ വിശ്വാസത്തെ അഭിനന്ദിക്കാതെ വയ്യ മിസ് വീണ..ബട്ട്.. (തിരിഞ്ഞ് ജഡ്ജിയോട് )  തുറന്ന മനസ്സുള്ള ഈ പെൺകുട്ടി,  ഈ സംഭവത്തിലുൾപ്പെട്ട് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മൂന്നാം പ്രതി റിജോ, എന്റെ കക്ഷി
ഇവരെല്ലാം, അതിനികൃഷ്ടമായ ഒരു ഗൂഢാലോചനയുടെ ഇരകളാണെന്ന് ബോധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു യുവർ ഓണർ       ( കവറിൽ നിന്ന് ഒരു പേപ്പർ ഉയർത്തി കാട്ടി കൊണ്ട്) . ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  മധുര കോവിൽപെട്ടി ബ്രാഞ്ചിലെ ഒരു വ്യക്തിയുടെ അക്കൗണ്ട് ഡീറ്റയിൽസ് ആണ്.. കൃത്യമായി പറഞ്ഞാൽ.. രണ്ടാം പ്രതി മുരുകന്റെ അമ്മ മീനാക്ഷിയുടെ അക്കൗണ്ട് വിവരങ്ങൾ.. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല്  ആഗസ്റ്റ് നാലിനാണ് ഈ അക്കൗണ്ട്  തുടങ്ങുന്നത്...
( ഇതെന്താണ് എന്ന ആകാംഷയോടെ തലയുയർത്തി നോക്കുന്ന മുരുകൻ..മറ്റുള്ളവരുടെ മുഖത്തും ആകാംഷയുണ്ട്.. സംഗീതിന്റെ മുഖത്തുമാത്രം എല്ലാം അറിയുന്ന പുഞ്ചിരി)
അതിനു ശേഷം, ചില  മാസങ്ങളിൽ ശ്രീമതി മീനാക്ഷി അവിടെ  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ചേറൂർ ബ്രാഞ്ചിൽ നിന്നുള്ള ഒരു അക്കൗണ്ട് ഹോൾഡറുടെ ചെക്കുകൾ മാറ്റി കാഷ് ചെയ്തതായി കാണാം.. അഞ്ഞൂറിനും ആയിരത്തിനും ഇടയ്ക്കുള്ള എമൗണ്ട് വരുന്ന ചെക്കുകൾ
. മറ്റാരുമല്ല, എന്റെ കക്ഷി സംഗീതാണ് ആ ചെക്കുകൾ  നൽകിയിട്ടുള്ളത്. അവിടെയാണ് രണ്ടാം പ്രതി മുരുകൻ, എന്റെ കക്ഷി സംഗീതും പരാതിക്കാരിയും തമ്മിലുള്ള ശത്രുത മുതലെടുത്ത് പണമുണ്ടാക്കാൻ ആസൂത്രണം ചെയ്ത ഗൂഡാലോചനയുടെ ചുരുൾ അഴിയുന്നത്.  പരാതിക്കാരിയുടെ സംഘത്തിൽ തുടരുകയും മറ്റുള്ളവരാരും അറിയാതെ അവരുടെ നീക്കങ്ങളോരോന്നും അറിയിക്കുകയും ചെയ്യുന്നതിന് മൂന്നാം പ്രതി  ഓരോ തവണയും ആവശ്യപ്പെട്ടതനുസരിച്ച് എന്റെ കക്ഷി നൽകിയ പ്രതിഫലമായിരുന്നു അത്. ( ആകെ അമ്പരന്ന് നിൽക്കുന്ന മുരുകൻ )   ച്ഛൻ മരിച്ചതോടെ താൻ  തീർത്തും ദരിദ്രനായി എന്ന് സഹപാഠികളെയും അദ്ധ്യാപകരെയും ബോധ്യപ്പെടുത്തി അവരുടെ സഹതാപം പിടിച്ചുപറ്റിയ ഇയാൾ, താൻ നേരിട്ട് പൈസ വാങ്ങിയാൽ മറ്റുള്ളവർ  അറിഞ്ഞാലോ എന്ന് ഭയന്നാണ് അത് തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് തന്നെ ഇടണമെന്ന് എന്റെ കക്ഷിയെ നിർബന്ധിച്ചത്. ഇല്ലാത്തതു പലതും പരാതിക്കാരിയോടും എന്റെ കക്ഷിയോടും പെരുപ്പിച്ച് പറഞ്ഞ് ശകുനിയുടെ കുടിലതയോടെ അവർക്കിടയിൽ ശത്രുത വളർത്തിയ ഈ കുതന്ത്രശാലി ഈ സംഭവത്തിലും ആ നയം തുടരുകയാണുണ്ടായത്. താൻ തന്നെയാണ് എന്റെ കക്ഷിയെ അങ്ങോട്ടു ക്ഷണിച്ചു വരുത്തിയതെന്ന് ഇയാൾ കോടതിമുമ്പാകെ  സമ്മതിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മുൻപിൽ നല്ലപിള്ള ചമയാൻ ഇങ്ങനെയൊരു നാടകം ആവശ്യമാണെന്ന് മുൻകൂട്ടി കണ്ടിരുന്ന ഇയാൾ തന്നെ ആവശ്യപ്പെട്ടിട്ടാണ് മാന്യനും ഗുണവാനുമായ എന്റെ കക്ഷി മറ്റു രണ്ടു പേരെ കൂടി തന്നോടൊപ്പം ചേർക്കാൻ നിർബന്ധിതനാവുന്നത്.  സംഭവത്തിനു രണ്ടു ദിവസം മുമ്പ്, കോളേജിനടുത്തുള്ള  മെറിലാന്റ് ഹോട്ടലിൽ വച്ചാണ് മൂന്നാം പ്രതി ഇതെല്ലാം എന്റെ കക്ഷിയെ അറിയിക്കുന്നത്. അന്ന് ഇവർ രണ്ടുപേരും അവിടെയിരുന്ന് സംസാരിക്കുന്നത് കണ്ട സാക്ഷികളുണ്ട്.

മുരുകൻ  (സഹികെട്ട് ) : “ നുണ നുണ.. പച്ചനുണയാണിതെല്ലാം. ഞാനന്ന് ഈ കാര്യമൊന്നുമല്ല പറഞ്ഞത്.”

ജഡ്ജ് : “  നിങ്ങൾക്ക് പറയാനുള്ളത് നിങ്ങളുടെ വക്കീലിനോട് പറയുക. കോടതി നടപടികൾ ശല്യപ്പെടുത്തിയാൽ  കോടതി അലക്ഷ്യത്തിനുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും..”

സ അ : “ താങ്ക്യൂ  യുവർ ഓണർ..   (ആകെ  സ്തംഭിച്ച് നിൽക്കുകയായിരുന്ന വീണയുടെ നേരെ തിരിഞ്ഞ് ) ..ഇനി ഒന്നുകൂടി ആലോചിച്ചു നോക്കൂ മിസ് വീണ.ഷർട്ട് കീറിയത് എപ്പോഴാണ്..രണ്ടാം പ്രതി ലൈറ്റ് ഓഫ് ചെയ്യുന്നതിനു മുമ്പോ അതിനു ശേഷമോ ?”

വീണ ( ഒന്നാലോചിച്ച ശേഷം മുറുകിയ മുഖഭാവത്തോടെ )  : “ലൈറ്റ് ഓഫ് ചെയ്തതിനു ശേഷം..”

മുരുകൻ തലയുയർത്തി നോക്കുന്നു. റിജോയും.

സ അ : “ അപ്പോൾ ഇരുട്ടല്ലേ..ആരാണ് ഷർട്ട് കീറിയതെന്ന് നിങ്ങൾ വ്യക്തമായി കണ്ടോ ?”

വീണ : “ ഇല്ല..”

സ അ : “ നോട്ട് ദാറ്റ് പോയിന്റ് യുവർ ഓണർ.. എന്റെ കക്ഷിയാണ് ഷർട്ട് കീറിയതെന്ന് പരാതിക്കാരിക്കാരി കണ്ടിട്ടില്ല..”



അടുത്ത ലക്കം ഇവിടെ >> scene 97 to scene 105.



Thursday, August 1, 2013

scene 75 to scene 87

മുൻലക്കം ഇവിടെ >> scene 58 to scene 74


സീൻ 75

ഉച്ച. റിജോയുടെ വീട്. മുകളിലെ മുറി. റിജോയും മുരുകനും, ബെഡ്ഡിലിരുന്ന് , ലാപ് ടോപ്പിൽ പ്രസാദുമായി വീഡിയോ ചാറ്റിങ്ങിലാണ്.

മുറിയിലേക്ക്, ട്രേയിൽ ചായയും സ്നാക്സുമായി വരുന്ന വീണ. മുഖം  ഗൗരവപൂർണ്ണം.

“ ദേ നമ്മുടെ ക്വീൻ വന്നു..” അവളെ കണ്ടയുടനെ റിജോ മുരുകനോടും പ്രസാദിനോടുമായി.

മുരുകൻ ഒന്നും മിണ്ടാതെ ഒന്നു കൂടി ഒതുങ്ങിയിരുന്നു.

മോണിറ്ററിൽ പ്രസാദ് : “ ഹായ് വീണ..”

അവൾ തല കുമ്പിട്ട് മോണിറ്ററിലേക്ക് നോക്കി ഗൗരവം വിടാതെ പുഞ്ചിരിച്ചു : “ ഹലോ പ്രസാദ്..”

പ്രസാദ് : “ നീ പോകുന്നുണ്ടോ അവനെ കാണാൻ ?”

വീണ എടുത്തടിച്ചതു പോലെ : “ ഇല്ല”  (അവിടെ നിന്ന്  പിൻവലിയാനുള്ള തിടുക്കത്തോടെ ) “ എടാ.. എനിക്ക് കുറച്ച് കമ്മിറ്റഡ് വർക്സ് ഉണ്ട്.. പിന്നെ കാണാം..സീ യൂ..” അതു പറഞ്ഞതും അവൾ ആരെയും ഒന്നു നോക്കുക പോലും ചെയ്യാതെ ഇറങ്ങി പോയി.

 അതും നോക്കിയിരുന്ന് റിജോ : “ ഞാൻ പറഞ്ഞില്ലേടാ.. അവളു വരില്ല..”

മുരുകൻ ചായക്കപ്പെടുത്ത് ഒന്നു മൊത്തി. എന്തോ പറയാനാഞ്ഞ ശേഷം നിർത്തി.

പ്രസാദ് ( ചിരിയോടെ ) : “ അതാർക്കാ അറിയാത്തത്..മ്മള് ഒരു നമ്പറടിച്ച് നോക്ക്യേതല്ലേ.. (ഗൗരവത്തിൽ ) “ അതു പോട്ടെ.. എന്താ നിന്റെ തീരുമാനം ?”

റിജോ : “  അവനെ ഫേസ് ചെയ്യാൻ എനിക്കു വയ്യടാ.. നിനക്കറിയാലോ.. ഞാനാ അവനെ വലിക്കാൻ പഠിപ്പിച്ചത്
അതുമാത്രല്ല..ഈ രൂപത്തിൽ അവനെന്നെ കാണുമ്പോ അതും ഈ കണ്ടീഷനിൽ

പ്രസാദ് : “ കണ്ടീഷൻ തന്നെയാടാ പ്രശ്നം. ഫോർത്ത് സ്റ്റേജാ...ഞാനവന്റെ ഡാഡിയുമായി സംസാരിച്ചിരുന്നു.. ഏറി വന്നാ ഒരു മാസം.. അവനിങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോ..  അതാ ഞാൻ മുരുവിനെ വച്ച് ഇങ്ങനെയൊരു കളിക്ക് ശ്രമിച്ചു നോക്കിയത്..”

മുരുകൻ : “ വേണ്ടിയിരുന്നില്ല പ്രസാദ്.. ഇവരുടെ ഓർമ്മയിൽ പോലും വന്ന് ശല്യപ്പെടുത്തരുതെന്ന് തീരുമാനിച്ചിരുന്നതാണ് ഞാൻ.. ( ഇടർച്ചയോടെ..).. എന്തൊക്കെ പറഞ്ഞാലും കുറ്റവാളികളാണ് ഞങ്ങൾ. ഇവരാണ്  വിക്റ്റിംസ്.. ഇവരോടത് ആവശ്യപ്പെടാൻ എങ്ങനെ കഴിയുന്നു നിനക്ക് ? ഇവന്റെയീ (റിജോയുടെ കാലിൽ തൊട്ട് ) ശരീരം കാണുമ്പോ  എനിക്കെന്നോടു തന്നെ
.. ”

റിജോ ( മുരുകനെ മൃദുവായി ഇടിച്ചു കൊണ്ട് ) : “ ഛീ.. പോടാ.. ചീപ്പ് സെന്റിയടിക്കാതെ..എന്ത് വിക്റ്റിംസ്... ഒന്നും മനപ്പൂർവ്വമായിരുന്നില്ലല്ലൊ... ഇതൊക്കെയാണ് ലൈഫ്..  ഞാനിപ്പോ ഫുൾ ഹാപ്പിയാണ്.. ട്രൂ.. ( ഒന്നാലോചിച്ച ശേഷം..).. കോപ്പ്.. മനുഷ്യനെ വെറുതെ വട്ടു പിടിപ്പിക്കാൻ ഓരോന്നും പറഞ്ഞിറങ്ങിക്കോളും. ( അവന്റെ കണ്ണുകൾ നിറയുന്നുണ്ട് )... ഇത്രയൊക്കെ ആയ നിലയ്ക്ക്
.. അങ്ങനെയിപ്പോ നീ ഒറ്റയ്ക്ക് വിശുദ്ധാത്മാവാവണ്ട.. ഞാനും വരുന്നു...”

സീൻ 76

മറ്റൊരു മുറി. വീണ കമ്പ്യൂട്ടറിൽ എന്തോ ടൈപ്പ് ചെയ്യുകയാണ്.

റിജോ : “ നിർബന്ധിക്കുന്നില്ല.. പക്ഷെ നീ വരണമെന്നാണ് എന്റെ ആഗ്രഹം..”

വീണ ടൈപ്പിങ്ങ് നിർത്തി തിരിഞ്ഞ് : “ എനിക്ക് പറ്റില്ല റിജോ..
 എല്ലാം കുഴിച്ചുമൂടിയതാണ് ഞാൻ.. നിനക്കറിയാലോ..എന്നിട്ടും ഉണങ്ങാത്ത മുറിവുകളുണ്ട് മനസ്സിൽ.. മദർ തെരേസ്സയോ മഹാത്മാഗാന്ധിയോ ഒന്നുമല്ലല്ലൊ ഞാൻ....ഒരു  നാടകം കളിക്കാൻ എനിക്കു വയ്യ..”

റിജോ : “ യേസ്.. അതാണു ഞാൻ പറഞ്ഞത്.. നിർബന്ധിക്കുകയില്ല. മരണത്തിലേക്ക് അത്ര ദൂരമില്ലാത്ത ഒരാൾ അങ്ങനെയൊരാഗ്രഹം പറഞ്ഞപ്പോ
ജസ്റ്റ് എ വിഷ്.. അത്ര മാത്രം... ”

വീണ : “ സോറി റിജോ.. ഞാൻ വരില്ല..”

റിജോ വീൽ ചെയർ തിരിച്ച് : “ ഒ കെ ദെൻ.. ലഞ്ച് ഞങ്ങൾ ഓൺ ദ വേ കഴിച്ചോളാം.. ബട്ട്..  നയൻ തേർട്ടിയ്ക്കാണ് അവന്റെ റിട്ടേൺ ട്രെയ്ൻ.. ചിലപ്പോ  രാത്രിയാവും ഞങ്ങൾ തിരിച്ചെത്തുമ്പോ.. ഒരു ഡിന്നർ കൊടുക്കാമ്പറ്റ്വോ അവന് ?”

വീണ താല്പര്യമില്ലാത്ത, എന്നാൽ ആശയക്കുഴപ്പമുള്ള ഒരു നോട്ടം നോക്കുന്നു.

റിജോ : “ ഇല്ലെങ്കിൽ വേണ്ട.. ഞാൻ അവിടന്ന് ഇറങ്ങുമ്പോ വിളിക്കാം.. ഒ കെ..ബൈ ദെൻ..”

സീൻ 77

പൂമുഖത്ത് കാത്തു നിൽക്കുന്ന മുരുകനരികിലേയ്ക്ക് വീൽ ചെയറിലെത്തുന്ന റിജോ നിരാശയോടെ :
 “ അവൾ വരുന്നില്ലെടാ..”

മുരുകൻ : “ എക്സ്പക്റ്റഡ്.. ഞാനതിലൊരു തെറ്റും കാണുന്നില്ല.. ഒരു കപ്പ് ചായ തന്നതു തന്നെ അവളുടെ മഹാമനസ്ക്കത..”

റിജോ ഇലക്ട്രിക് വീൽ ചെയർ ഓടിച്ച് ഗാരേജിലേക്ക്. മുരുകൻ അവന്റെ പുറകേ.

റിജോ വീൽചെയർ ഓടിച്ച്  ഡ്രൈവിങ്ങ് സീറ്റിന്റെ മറുവശത്തെത്തി. റിമോട്ട് ഓൺ ചെയ്ത് ഡോർ വലിച്ചു തുറന്നു.

മുരുകൻ വണ്ടി നോക്കി : “ ഡൈകോർ !!  നിന്നെ സമ്മതിച്ചളിയാ..”

റിജോ വണ്ടിക്കകത്തേയ്ക്ക് കടക്കുന്നതിനിടയിൽ : “ ഉം.. ലോണാണു മോനെ..”

അവൻ സീറ്റിലിരുന്ന് അത് പുറകോട്ട് നീക്കി. ഇപ്പോൾ   ഫ്രണ്ടിൽ നല്ല സ്പേസ് ഉണ്ട്. വണ്ടിക്കുള്ളിൽ നിന്ന് ഒരു  പ്ലേറ്റ് പുറത്തേയ്ക്കിട്ടപ്പോൾ അത് വീൽ ചെയൽ കയറ്റാവുന്ന വിധത്തിൽ പുറത്തേയ്ക്ക് നീണ്ടു. അവൻ സീറ്റിലിരുന്ന് വീൽ ചെയർ വണ്ടിയിലേക്ക് വലിച്ചു കയറ്റി ഡോർ അടച്ചു.  പിന്നെ ആ സീറ്റിൽ നിന്ന് ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്നു. സ്റ്റീയറിങ്ങിലും ഗീയറിലും കൂടുതലായി സംവിധാനങ്ങൾ ഉണ്ട്.

ഇതെല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് മുരുകൻ.

റിജോ പുറകിലെ ഡോർ തുറന്ന് : “ നീ കയറിയില്ലേ ?”

മുരുകൻ അവന്റെ കൈ പിടിച്ചു കുലുക്കി.. : “ സമ്മതിച്ചളിയാ സമ്മതിച്ചു..  കാപ്സ്യൂൾ ലിഫ്റ്റ്,  കസ്റ്റം മേഡ് ഡൈകോർ..”

റിജോ : “ കസ്റ്റം മേഡൊന്നുമല്ലെടെ..പഴേ വണ്ടിയാ.. ഡിസൈൻ മ്മടെ ആക്രിഷാജൻ വക.. ചെയ്തു തന്നത് മലപ്പുറത്തെ ഒരു വർക്കു ഷോപ്പുകാരാ..”

സീൻ 78



മുറ്റത്തു നിന്നിറങ്ങി പോകുന്ന ഡൈ കോർ. അവർ കാണാതെ, ജനാലയ്ക്കൽ മറഞ്ഞു നിന്ന് നോക്കുന്ന വീണ.

സീൻ  79

റോഡിൽ, വാഹനങ്ങൾക്കിടയിലൂടെ അനായാസം ഒഴുകി നീങ്ങുന്ന  ഡൈ കോർ.

സീൻ 80

വണ്ടിയുടെ ഉൾവശം.

മുരുകൻ   മൊബൈലിൽ   സംസാരിക്കുകയാണ് ( റിജോയും ശ്രദ്ധിക്കുന്നുണ്ട് ) : “ അതെ അങ്കമാലിയ്ക്കടുത്തല്ലേ ?.. ..ഇല്ല .. റിജോയ്ക്കറിയില്ല
രണ്ടു മൂന്നു കൊല്ലം മുമ്പല്ലേ സംഗീത് അങ്ങോട്ട് ഷിഫ്റ്റ് ചെയ്തത് ? .. ആ.. ടെൽക്ക് കഴിഞ്ഞിട്ട്.. ഒ കെ.. ഒ കെ.... ഇല്ല ..വിളിക്കുന്നില്ല.. അതെ.. സസ്പെൻസ് ആയി കോട്ടെ.. അപ്പോ ശരി .. അവിടെ എത്തിയിട്ട് വിളിക്കാം..”  (മൊബൈൽ ഓഫ് ചെയ്ത് റിജോയോട് ) “ അവിടെ ടെൽക്ക് കഴിഞ്ഞിട്ട് ഒരു സ്കൂളുണ്ട്.. സെന്റ് ജോൺ.. റൈറ്റ് സൈഡില്.. അതു കഴിഞ്ഞ്  ഒരു പോക്കറ്റ് റോഡ്..”   (കോട്ടു വായിട്ട് ). “ ഉറക്കം വരുന്നു.. ഇന്നലെ ട്രെയ്നിലെ ഉറക്കം ഒട്ടും ശരിയായില്ല

റിജോ : “ പന്നീ ഉറങ്ങിയാ നിന്നെ ചവിട്ടി പുറത്തിടും.. എനിക്കു വയ്യ ഇത്രേം നേരം  മിണ്ടാതിരുന്ന് ഡ്രൈവ് ചെയ്യാൻ..”

മുരുകൻ ചിരിയോടെ : “ നിനക്ക് ഇടയ്ക്കോരോ മൂളലിട്ടു തന്നാൽ പോരെ.. അതേറ്റു....”

സീൻ 81.

വണ്ടിയുടെ  ഉൾവശം

റിജോ : “  ആ.. എന്നിട്ട്..?”

മുരുകൻ ( ഇപ്പോൾ കണ്ണടച്ച് ചാരിയിരിക്കുകയാണ് .. ഉറക്കത്തിൽ കുഴഞ്ഞു തുടങ്ങിയ ശബ്ദം ) : “ ആ.. എന്നിട്ടെന്താവാൻ.. അവളവളുടെ പാട്ടിനു പോയി..”

റിജോ : “ ച്ഛെ.. കളഞ്ഞില്ലേ..  അല്ലേലും നിന്നെയൊക്കെ എന്തിനു കൊള്ളാം.. പൈത്യക്കാരൻ..”

മുരുകൻ : “ ഉം..”

റിജോ : “ അപ്പോ അവളുടെ അനിയത്തിയോ.. ആ എം ബി എ ക്കാരി ?”

മുരുകൻ : “ ഉം.. മിടുക്കിയായിരുന്നു
……… എന്റെ  ബ്ലഡ് വലിച്ചെടുത്തു.. തുപ്പി..”
റിജോ അമ്പരപ്പോടെ തിരിഞ്ഞ് : “ ഏ ?!!”

മുരുകൻ അനക്കമൊന്നുമില്ല.. അവൻ ഉറക്കത്തിലേക്ക് വീണു കഴിഞ്ഞു..

“ ഡാ.. പന്ന..” എന്ന്  അവനെ അടിക്കാനാഞ്ഞെങ്കിലും. വീണ്ടുമൊന്ന് തിരിഞ്ഞു നോക്കി ചെറിയ പുഞ്ചിരിയോടെ ഡ്രൈവിങ്ങ് തുടരുന്ന റിജോ.

സീൻ 82
( സീൻ 82 മുതൽ സീൻ 87 വരെ ഫ്ലാഷ് ബാക്ക്..)


കോളേജ്. ഉച്ച തിരിഞ്ഞുള്ള സമയം.

റിജോ ചെറിയ വേഗത്തിൽ ഓടുകയാണ്.  കൈയ്യിൽ ഒരു  റെക്കോഡ് ബുക്കുണ്ട്.  അവനു പുറകേ വീണ.

വീണ : “ ഡാ.. അതിങ്ങു താടാ.. പ്ലീസ്..”

റിജോ : “ കിട്ടില്ല മോളേ
കർത്താവീശോമിശിഹാ നേരിട്ടു വന്നു പറഞ്ഞാലും തരില്ല.. റിജോയെ കുറിച്ച് നീ എന്താ വിചാരിച്ചത് ?”

വീണ ഓട്ടം നിർത്തി. അവൾ നിന്നെന്ന് മനസ്സിലായപ്പോൾ റിജോയും.

വീണ  നിസ്സഹായതയോടെ : “ ഞാൻ സാറിനോട് കമ്പ്ലേന്റ് ചെയ്യും..”

റിജോ : “ ഓ.. പിന്നെ അയ്യാക്കു നിന്റെ റെക്കോഡ് ബുക്ക് എടുത്തു തരലല്ലേ പണി.. അങ്ങോട്ടു ചെല്ല്.. ഞാനെടുത്തിട്ടില്ലാന്നു പറഞ്ഞാ നീയെന്നാ ചെയ്യാനാ ? പ്രൂഫൊണ്ടോ നിന്റെ കൈയ്യിൽ..?”

വീണ കീഴടങ്ങിയതു പോലെ : “ ഞാനിപ്പോ എന്താ വേണ്ടത് ? നിന്റെ കാലു പിടിക്കണോ ?”

റിജോ : “ കാലിൽ വീഴുകയോ .. ച്ഛെ.. ച്ഛെ.. പറഞ്ഞല്ലൊ.. ഈ റെക്കോഡ്, എം എച്ച് മൂന്നാം നിലയിൽ, മുന്നൂറ്റി മൂന്നാം നമ്പർ  മുറിയിൽ റിജോയുടെ മേശപ്പുറത്ത്  ഭദ്രമായിരിക്കുന്നുണ്ടാവും..എങ്ങനാ വേണ്ടേന്നു വച്ചാ നീയെടുത്തോ .. പക്ഷെ.. നീ  ഫ്രോഡു കളിക്കുന്നെന്ന് തോന്നിയാ..ഞാനിതങ്ങ് കത്തിച്ചു കളയാനും മതി.. അതൊക്കെ അന്നേരത്തെ എന്റെ മൂഡു പോലെ..”

വീണ : “ നീയെന്നോട് പ്രതികാരം ചെയ്യുകയാണോ ?”

റിജോ : “ അയ്യോ.. അതിപ്പോഴാണൊ മനസ്സിലാവുന്നത്..  നീയത് മനസ്സിലാക്കണം.. ഞാന്നന്ന് അനുഭവിച്ചത് എന്താണെന്ന്.. അല്ലെങ്കി പിന്നെ ഞാനെന്തിനാ ആണാന്നു പറഞ്ഞു നടക്കുന്നത്”

വീണ : “ ഇത് വളരെ ചീപ്പായി പോയി റിജോ. ഇങ്ങനെയല്ല നിന്നെ ഞാൻ കരുതിയിരുന്നത്... സൊ
സൊ.. ചീപ്പ്.. എന്റെ ഒരു വർഷത്തെ അദ്ധ്വാനമാ അത്.”

റിജോ : “ ശരി.. ചീപ്പെങ്കിൽ ചീപ്പ്.മുടിയെങ്കിൽ മുടി... അതു കൊണ്ടുള്ള ഷെയിം ഞാനങ്ങ് സഹിച്ചു..”

വീണ മറുപടിയില്ലാതെ..

റിജോ : “ അപ്പൊ ശരി.. കുറച്ച് തിരക്കുണ്ട്.. പിന്നെ കാണാം..”
അവൻ ആ റെക്കോഡ് കൈയ്യിലിട്ട് തിരിച്ച് മുന്നോട്ട്.. അവൾ എന്തു ചെയ്യുന്നു എന്ന് ഒളിക്കണ്ണിട്ട് നോക്കുന്നുമുണ്ട്.

സീൻ 83.

കോളേജ്, മരച്ചുവട്, സന്ധ്യ.

പ്രസാദ് : “ അതങ്ങ് കൊടുത്തേക്കടാ..നാളെ എക്സാമല്ലേ. ആ ഹിഡുംബനാണ് എക്സാമിനറെന്നാ കേട്ടത്.. റെക്കോഡൊന്നുമില്ലെങ്കി അയാളു പിടിച്ചു കൊടയും...”

മുരുകൻ : “ ശരിയാടാ.. അവളെന്നു തൊട്ടു കരഞ്ഞു പിന്നാലെ നടക്കുന്നതാ... ക്ലാസ്സ് ടോപ്പറു  റെക്കോഡില്ലാതെ തോൽക്കുകാന്നൊക്കെ പറഞ്ഞാ..”

റിജോ : “ നടക്കൂല മക്കളേ.. ഇതു പോലെ മുൻപൊരിക്കല് റെക്കമെന്റേഷനുമായി നിങ്ങള് അവളുടെ അടുത്തും പോയതല്ലേ ? എന്നിട്ടവളു കേട്ടോ ? .. ആ വിഷമം അവളുമൊന്നറിയട്ടെ.. അല്ലെങ്കി ഒരു കാര്യം ചെയ്യ്.. ( പ്രസാദിനോട് ) നീ തന്നെ ആ മുകുന്ദനെ അവൾക്കു കണക്റ്റ് ചെയ്തു കൊട്.. ഇപ്പോ പണി എളുപ്പമല്ലേ .. ചിക്കൻ പോക്സുകാരണം ഇന്ന് ഹോസ്റ്റുലുമടച്ചു.. സ്പെഷൽ പെർമിഷനിലു സ്റ്റേ ചെയ്യുന്നത് ( മുരുകനെ ചൂണ്ടി ) ഇവനടക്കം രണ്ടു മൂന്നു  പിള്ളേരു മാത്രം..”

പ്രസാദ് : “ ആ ബെസ്റ്റ്.. എന്നിട്ട്ണ്.. ( മുരുകനോട് ) ഡാ ശവി .. നിൻക്കപ്പതെട്ത്ത് അവള്ക്ക്  കൊട്ത്താ പോരായിര്ന്നാ ?”

റിജോ : “ ഒവ്വ.. അവനെന്നിട്ട് രണ്ടു കാലീ നടക്കുമോ ?”

സീൻ 84.

ഒരു ലാബിന്റെ മുൻവശം.. കുട്ടികളെല്ലാം പ്രാക്ടിക്കൽ എക്സാമിനുള്ള തയ്യാറെടുപ്പിൽ.. റിജോ ഒഴിച്ച് എല്ലാവരുമുണ്ട്.

പ്രസാദ് വീണയോട് : “ കിട്ടിയോടീ ?”

വീണ  (ദു:ഖവും അമർഷവും നിറഞ്ഞ ഭാവത്തിൽ ) : “ഇല്ല..”

പ്രസാദ് : “ പ്രാന്തൻ.. നീ പേടിക്കണ്ട.. അവൻ തരും.. ഇല്ലെങ്ങെ അവനുമായുള്ള കമ്പനി ഇതോടെ ഞാൻ വെട്ടും..”

മുരുകൻ വഴിയിലേക്ക്  തല ചൂണ്ടി : “ ദേ.. അവൻ വരുന്നുണ്ട്..”

ദൂരെ നിന്ന് ലാഘവത്തോടെ നടന്നു വരുന്ന റിജോ. കൈയ്യിൽ ആ റെക്കോഡ്  ഇട്ട് കറക്കുന്നുണ്ട്.

സീൻ 85

റിജോ ആ റെക്കോഡ് നീട്ടി കൊണ്ട് : “ ഇന്നാ.. ഞാനായിട്ട്  ടോപ്പറെ  മുടക്കീന്ന് വേണ്ട.. നിന്നെ പോലെ ഊളയല്ല  ഈ റിജോ”

വീണ ( മുഖത്ത് നിശ്ചയ ദാർഢ്യം ) : “ ഞാനിപ്പോ ഇത് വാങ്ങിയില്ലെങ്കി നീയെന്ത് ചെയ്യും ?”

റിജോ : “ വാങ്ങിച്ചില്ലെങ്കിൽ ഞാനൊന്നും ചെയ്യില്ല.. പക്ഷെ നീയെന്തെങ്കിലും ചെയ്യേണ്ടി വരും..”

വീണ : “ എന്നാ ഞാൻ ചെയ്യേണ്ടത് ചെയ്തിട്ടുണ്ട് ..നീ തന്നെ അതെടുത്ത് നിന്റെ മുന്നൂറ്റി മൂന്നാം നമ്പർ മുറിയിൽ കൊണ്ടു വച്ച് പുഴുങ്ങി തിന്ന്.. ആവശ്യമുള്ളപ്പോ ഞാൻ വന്നെടുത്തോളാം..”

അവളുടെ  ഭാവമാറ്റം കണ്ട് അമ്പരന്ന് നിൽക്കുകയാണ്  മൂവരും. പക്ഷെ ജെസ്സിയുടെ ചുണ്ടിൽ മാത്രം ഗൂഢമായ പുഞ്ചിരി

റിജോ അവളുടെ ഭാവമാറ്റം  പിടി കിട്ടതെ പരുങ്ങലോടെ : “ എന്നാ ഇത് എന്റെ കൈയ്യീ തന്നെ ഇരിക്കട്ടേ, അല്ലേടാ..” അവൻ സൂത്രത്തിൽ അത് ആ റെക്കോഡ് തന്നെയല്ലേ എന്ന് പരിശോധിക്കുന്നുണ്ട്..

പിന്നെ സാവധാനം ബാഗ് തുറന്ന് ( അവൾ ചോദിക്കും എന്ന പ്രതീക്ഷയിൽ )  റെക്കോഡ് തിരികെ  വെക്കുന്നു. അതിനിടയിൽ അദ്ധ്യാപകർ വന്ന് ലാബ് തുറക്കുന്നുണ്ട്. കുട്ടികൾ ലാബിനുള്ളിലേയ്ക്ക്. വീണയും  ഉള്ളിൽ കയറി കഴിഞ്ഞു.
അന്തം വിട്ട് പരസ്പരം നോക്കുകയാണ് മൂവരും.

അകത്തേയ്ക്ക് കയറുമ്പോൾ അടക്കിയ സ്വരത്തിൽ  ജെസ്സി : “ അവൾ വേറെ റെക്കോഡ് എഴുതി എല്ലാവര്ടേം സൈൻ മേടിച്ചു മണ്ടമ്മാരെ..”

ആ വാർത്തയിൽ പകുതി വാ തുറന്ന് അതേ നില്പ് തുടരുകയാണ് റിജോ.

മുരുകന്റെയും  പ്രസാദിന്റെയും  മുഖത്ത് സാവധാനം വിരിയുന്ന പുഞ്ചിരി.

അകത്തേയ്ക്ക് നടക്കുമ്പോൾ പ്രസാദ് : “ മോനേ.. ശശീ.. വാ.. വന്ന് പരീഷയെഴുത്.. അവളു പുലിയാടാ മോനേ.. നമ്മളൊന്നും മുട്ടാറായിട്ടില്ല..”

ഏറ്റവും പുറകിൽ, അതെല്ലാം ശ്രദ്ധിച്ച്,  അകത്തേയ്ക്ക് കയറുന്ന സംഗീതാണ് അവസാനമായി സീനിൽ..

സീൻ 86

ലാബിനു പുറത്ത് ഒരു മരച്ചുവട്ടിൽ റിജൊ, മുരുകൻ, പ്രസാദ്.

റിജോ : “ ദേ.. അവളു വരുന്നുണ്ട്.. ഡാ.. എനിക്കിച്ചിരി വിഷം വാങ്ങി താ..”

വീണയും ജെസ്സിയും അവർക്കരികിലേക്ക് നടന്നെത്തുന്നു.

എത്തിയയുടൻ അവന്റെ കൈ പിടിച്ച് കുലുക്കി വീണ : “ താങ്ക്യൂ റിജോ.. ഇത്രേം നന്നായി ഒരു പ്രാക്ടിക്കൽ എക്സാമും ഞാൻ അറ്റന്റ് ചെയ്തിട്ടില്ല.. ഇതിന്റെ മാർക്ക് ഞാൻ നിനക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു..”

റിജോ ചമ്മി നാറിയ മുഖഭാവത്തോടെ എന്തോ പറയാൻ തുടങ്ങുമ്പോൾ പ്രസാദ് : “ എടിയെടീ.. ശവത്തിൽ കുത്തി  ഊഞ്ഞാലാടല്ലേ..”

വീണ : “ അതു കൊള്ളാം..ഇപ്പോ വാദി പ്രതിയായോ ?.. എന്തായാലും റിജോ, നീ കഷ്ടപ്പെട്ട് അടിച്ചു മാറ്റിയതല്ലേ.. അവിടെ തന്നെ വെയ്ക്ക്..എടുക്കാൻ പറ്റിയ ഒരാളെ കിട്ടുമോന്ന് ഞാനൊന്ന് നോക്കട്ടെ..”

മുരുകൻ  : “ നീയവന്റെ പുക കണ്ടേ അടങ്ങു അല്ലേ ?”

റിജോ പുതിയ ആവേശത്തോടെ : “ റിയലി ? ചലഞ്ച്.. ഈ റെക്കോഡ്  ഞാനറിയാതെ എന്റെ മുറിയിൽ നിന്ന് അടിച്ചു മാറ്റിയാൽ പാതിമീശ വടിച്ച് ഞാൻ നിന്റെ മുമ്പിൽ വരാം..”

പ്രസാദ് : “ ഹും.. അവനു കിട്ടിയതൊന്നും പോര.. എടാ.. മുഴുവൻ മീശ വച്ചിട്ടും നിന്നെ ഒരു ലുക്കുമില്ല.. പിന്നെ പകുതിമീശയുടെ കാര്യം പറയണോ ?”

വീണ : “ കണ്ടോ..ഇതാണ് ഇവന്റെ കുഴപ്പം.. ഒരു   മെയ്ല് ഷോവനിസ്റ്റ് മൈന്റ്. ഇത്തിരി സോഫ്റ്റാണെന്നെയുള്ളൂ.. സംഗീതിന്റെ  മറ്റൊരു പകർപ്പാണിവനും....”

ജെസ്സി : “ അതു ശരിയാ..ഇവനെന്താണിങ്ങനെ ?”

റിജോ : “ ഓ.. ഇനിയിപ്പോ നിന്റെ സ്വഭാവസർട്ടിഫിക്കറ്റൊന്നും എനിക്ക് വേണ്ട.. യേസ്  ഓർ നോ..അതു പറ..”

വീണ  ചിരിയോടെ : “ ഓ.. അതാണോ പറയേണ്ടത് ?.. യേസ് ഓർ നോ.. മതിയോ ?”

റിജോ : “ ദെൻ  ദേർ ഈസ് എ യെസ്..”

വീണ : “ യെസ്.. ദേർ ഈസ്  എ യെസ് ഇൻ യെസ് ഓർ നോ..”

പ്രസാദ്  : “ പാവം. കാലത്തൊന്നും കഴിച്ചിട്ടില്ല... വിശപ്പ് മൂത്ത് വട്ടായതാ.. എടിയേ.. അവനു ആദ്യം തന്നെ വയറു നിറയെ എന്തെങ്കിലും വാങ്ങിച്ചു കൊടുക്ക്..”

സീൻ 87

കോടതി മുറി. ഇൻ ക്യാമറ സംവിധാനങ്ങൾ

റിജോ വിസ്താരക്കൂടിൽ, വീൽ ചെയറിൽ . നടുവിനു പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.. പ്രതിക്കൂട്ടിൽ മുരുകൻ, സംഗീത്, രണ്ട് ക്രിമിനൽ ഛായയുള്ള രണ്ട് ചെറുപ്പക്കാർ. വീണ, ഒരു പോലീസുകാരി, വക്കീലന്മാർ എന്നിവർ ഇരിക്കുന്നു.

പ്രോസിക്യൂട്ടർ : “ പറയൂ മിസ്റ്റർ റിജോ. ഇപ്പോൾ ബഹുമാനപ്പെട്ട കോടതി അംഗീകരിച്ച മാപ്പുസാക്ഷിയാണ് നിങ്ങൾ...സത്യം മാത്രമെ കോടതി മുമ്പാകെ ബോധിപ്പിക്കാവൂ... പരാതിക്കാരി മെൻസ് ഹോസ്റ്റലിൽ എത്തിയിട്ടുണ്ടെന്ന് , അപ്പോൾ മറ്റൊരു  പ്രൈവറ്റ് ഹോസ്റ്റലിലായിരുന്ന  നിങ്ങൾ  എങ്ങനെയാണ് അറിഞ്ഞത് ?”

റിജോ ഒന്ന് മടിച്ച് : “ അത്.. മുരുകൻ വിളിച്ചു പറഞ്ഞു..”

പ്രോസിക്യൂട്ടർ : “ എങ്ങനെ വിളിച്ചു പറഞ്ഞു ? ഹോസ്റ്റലിനു മുകളിൽ കയറി നിന്ന് വിളിച്ചു കൂവിയോ ?”
റിജോ : “ അല്ല.. മൊബൈൽ ഫോണിൽ വിളിച്ചു പറഞ്ഞു..”

പ്രോസി : “ ആരുടെ മൊബൈൽ ഫോണിലേക്ക്  വിളിച്ചു ? ആരുടെ മൊബൈലിൽ നിന്ന് ?”

റിജോ : “ എന്റെ മൊബൈൽ ഞാനവനെ ഏല്പിച്ചിരുന്നു..അതിൽ നിന്ന് കൈരളി ഹോസ്റ്റലിലെ ഷിജുവിന്റെ  മൊബൈലിലേക്ക് വിളിച്ചു. അവന്റെ റൂമിലാണ് ഞാനവിടെ താമസിച്ചിരുന്നത്..”

പ്രോസി : “ അങ്ങനെ ചെയ്യാനല്ലേ നിങ്ങൾ ആവശ്യപ്പെട്ടിരുന്നത് ?”

റിജോ : “ അതെ”

പ്രോസി : “ പ്ലീസ് നോട്ട് ദാറ്റ് യുവർ ഓണർ.. മൂന്നാം പ്രതിയായ  റിജോ, പരാതിക്കാരി ഹോസ്റ്റലിലെത്തിയാൽ തന്നെ വിളിക്കണമെന്ന് രണ്ടാം പ്രതി മുരുകനെ മുൻകൂട്ടി ചട്ടം കെട്ടിയിരുന്നു. അതിൻ പ്രകാരമാണ് പരാതിക്കാരി ഹോസ്റ്റലിൽ എത്തിയ ഉടനെ  രണ്ടാം പ്രതി , മെൻസ് ഹോസ്റ്റലിൽ നിന്ന് അര കിലോമീറ്ററോളം ദൂരെയുള്ള കൈരളി എന്ന പ്രൈവറ്റ് ഹോസ്റ്റലിൽ താമസിക്കുന്ന  മൂന്നാം പ്രതിയെ രാത്രി രണ്ടു മണിയ്ക്ക് വിളിയ്ക്കുന്നത്..”

ജഡ്ജ് : “ ഞാനാശ്ചര്യപ്പെടുകയാണ്.. മൊബൈൽ ഫോൺ സർവീസ് നാട്ടിൽ ലോഞ്ച് ചെയ്തിട്ട് നാലഞ്ചു മാസം ആകുന്നതേയുള്ളു.. അപ്പോഴേയ്ക്കും തുടങ്ങി മിസ് യൂസ്..”

പ്രോസി : “  അപ്പോൾ പറയൂ മിസ്റ്റർ റിജോ.. തുടർന്നെന്താണുണ്ടായത്..?”

റിജോ : “ അവന്റെ ഫോൺ വന്നയുടനെ ഞാൻ ഹോസ്റ്റലിലേക്ക് പോയി..”

പ്രോസി : “ എങ്ങനെ പോയി ?.. നിങ്ങൾ തനിച്ചാണോ പോയത് ?..അതാരെങ്കിലും കണ്ടിരുന്നോ ?”

റിജോ : “ എന്റെ ബൈക്കിൽ.. തനിച്ചാണു പോയത്. ആരും കണ്ടില്ല...”

പ്രോസി : “ കോൾ വന്നത് ഷിജു എന്നയാളുടെ ഫോണിലല്ലേ ? അയാളും അറിഞ്ഞില്ല ?”

റിജോ : “ അവൻ നല്ല ഉറക്കമായിരുന്നു..”

പ്രോസി : “ ഒ കെ.. എന്നിട്ട് നിങ്ങളെങ്ങനെ ഹോസ്റ്റലിനുള്ളിലെത്തി ? മതിൽ ചാടി കടന്നോ ?”

റിജോ : “ അല്ല.. ബൈക്ക് റോഡിൽ വച്ച് നടന്നു പോയി.. എം എച്ചിലെ ഗേറ്റ് അടക്കാറില്ല.”

പ്രോസി : “ അടച്ചാലും നിങ്ങൾ ആമ്പിള്ളേർ തുറക്കും അല്ലേ.. വാച്ച്മാനും പരമസുഖം.. മൂടിപ്പുതച്ച് കിടന്നുറങ്ങാം..”

റിജോ മറുപടിയൊന്നും പറയാനില്ലാതെ.

പ്രോസി : “ ഒ കെ.. എന്തിനാണു  ബൈക്ക് റോഡിൽ വച്ചത് ?  ആരും ശബ്ദം കേൾക്കാതിരിക്കാനാണോ ?”

റിജോ മൗനം പാലിക്കുന്നു.

പ്രോസി : “ പറയൂ  റിജോ .. ആരും ശബ്ദം കേൾക്കാതിരിക്കാനല്ലേ ബൈക്ക് റോഡിൽ തന്നെ വച്ച് നൂറുമീറ്ററോളം നടന്ന് തന്നു നിങ്ങൾ ഹോസ്റ്റലിൽ പോയത് ?”

റിജോ : “ അതെ..”

പ്രോസി : “ എന്നിട്ട് ഷട്ടർ തുറന്ന് നിങ്ങൾ എങ്ങനെ ഹോസ്റ്റലിനു അകത്തു കടന്നു ??”

റിജോ : “ ഷട്ടർ പൂട്ടിയിരുന്നില്ല..”

പ്രോസി : “ ഓ..ഞാനതു മറന്നു.. മെൻസ് ഹോസ്റ്റൽ..മെൻസ് ഹോസ്റ്റൽ.. ഷട്ടർ അടയ്ക്കാൻ പാടില്ലല്ലൊ.. ഒ കെ ഒ കെ..  എന്നിട്ട് മുകളിലെത്തിയപ്പോൾ നിങ്ങൾ എന്താണ് കണ്ടത് ? ”
റിജോ : “  മുറിയിൽ എത്തുമ്പോൾ..
..”
 



അടുത്ത ലക്കം ഇവിടെ >> scene 88 to scene 96