Wednesday, June 26, 2013

scene 58 to scene 74

മുൻലക്കം ഇവിടെ >> scene 45 to scene 57


സീൻ 58

ഇലക്ഷൻ ഫലപ്രഖ്യാപന ദിവസം.
കോളേജിനു മുമ്പിൽ കൂട്ടമായി പ്രകടനം നടത്തുന്ന  രണ്ട് സംഘങ്ങൾ - ഒന്ന് എസ് എഫ് കെ യുടേതും  അടുത്തത്  കെ എസ് എ യുടേതും. ചുവപ്പ്, നീല കൊടികൾ, എസ് എഫ് കെ യുടെ സംഘത്തിൽ, മുൻപന്തിയിലെ ചിലർക്ക് ചുവപ്പ് മാലകൾ,  കെ എസ് എ യുടേതിൽ ചിലർക്ക് ത്രിവർണ്ണവും.  എസ് എഫ് കെ യുടെ കൂട്ടത്തിൽ വീണയുടെ കഴുത്തിലും ചുവന്ന മാലയുണ്ട്. പ്രസാദും സംഘത്തിലുണ്ട്.  കെ എസ് എ യുടെ  സംഘത്തിൽ വീണയോട് പരാജയപ്പെട്ട പെൺകുട്ടി – എലിസബത്തുമുണ്ട് ( തങ്ങൾ മുച്ചകളാണ് എന്നവകാശപ്പെട്ട് റിജോയെ ചമ്മിച്ച പെൺകുട്ടിയാണത് ‌). അവളെ ചുറ്റിപ്പറ്റി റിജോ. കുറച്ചകലെയായി സംഗീതും.
മുകൾ നിലയിൽ നിന്ന് പ്രകടനങ്ങൾ വീക്ഷിക്കുന്ന കുട്ടികൾക്കിടയിൽ മുരുകനും.

സീൻ 59.

തൊട്ടടുത്ത  ദിവസം.
മരച്ചുവട്ടിൽ വീണ, പ്രസാദ് മുരുകൻ.
അവർക്കരികിലേക്ക് നടന്നടുക്കുന്ന റിജോ
പ്രസാദ് കൈ ചുരുട്ടി : “ പൊട്ടിച്ചേ പൊട്ടിച്ചേ എലിസബത്ത് രാജ്ഞിയെ പൊട്ടിച്ചേ.. കാലുനക്കികളെയും പൊട്ടിച്ചേ..”
എല്ലാവരും ചിരിക്കുന്നു.
റിജോ : പോടെ പോടെ.. ( വീണയോട് ) എടിയേ.. എന്നാ നിന്റെ ചിലവ് ?
വീണ : “ എന്നു വേണമെങ്കിലും ചെയ്യാം.. പക്ഷെ അധികമൊന്നും പ്രതീക്ഷിക്കരുത്. മസാല ദോശേം ചായേം മാത്രം.. ഫ്രം അവർ കാന്റീൻ.. വൻ സാമ്പത്തിക പ്രതിസന്ധി..”

റിജോ : “ കാന്റീനീന്നോ.. എന്റെ പൊന്നോ..  വേണ്ട വേണ്ട.. അവളുടെ സിൽബന്ധികളു കാണും.. എങ്ങാനുമറിഞ്ഞാ അതോടെ പേരു വെട്ടും.. നമുക്ക് ചേറൂർക്ക് പോകാം.. അവിടെ ഒരമ്മൂമ്മേടെ ഹോട്ടൽ ഉണ്ട്.. കോളേജിലെ ഊളകളൊന്നും കാണൂല്ല..”

വീണ : “ ശരിയ്ക്ക് നീയാ ചെലവ് ചെയ്യേണ്ടത്.. ഇലക്ഷൻ കാരണം ഇങ്ങനെയൊരെണ്ണം  ഒപ്പിച്ചെടുക്കാൻ പറ്റിയല്ലൊ.. പിന്നെ സംഗീതുമായുള്ള പിണക്കവും തീർന്നില്ലേ..”

റിജോ : “ ഒവ്വ.. അതു കാരണം ഇപ്പോ നിന്നോടൊക്കെ ഒന്നു മിണ്ടണമെങ്കീ ഒളിച്ചും പാത്തും വേണമെന്നായി
പിന്നെ അവൻ.. അവൻ ഒള്ളതും ഇല്ലാത്തതും കണക്കാ..എപ്പഴാ സ്വഭാവം മാറുകാന്ന് പറയാൻ പറ്റുകേല.. ഇപ്പോഴും നിന്നോടാ അവനു കലിപ്പു മുഴുവൻ..”

മുരുകൻ : “ അതു ശരിയാ”

വീണ : “ അതാ എനിക്കും മനസ്സിലാവാത്തത്.. അവൻ പറയുന്ന പോലെ നടക്കാൻ ഞാനെന്താ അവന്റെ അടിമയാ ? എനിക്കുമുണ്ട് അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമെല്ലാം.. അതെന്താ അവനു മനസ്സിലാകാത്തത്..”

പ്രസാദ് : “ അവന്റെ കാര്യം വിട്.. അതീ പട്ടീരെ വാലിന്റെ കാര്യം പറഞ്ഞ പോല്യാ.. (വയറുഴിഞ്ഞ് ) നമ്മടെ  ഇപ്പഴത്തെ പ്രശ്നം മസാലദോശ..”
വീണ : “ ചേറൂറെങ്കിൽ  ചേറൂർ..ഞാൻ റെഡി.. പക്ഷെ മസാലദോശേരെ പൊറത്ത് പിന്നൊരു വടേം പിന്നൊരു ബജീം ഒന്നും ചെലുത്തികളയരുത്.. കാശില്ല..”
ചിരി.

സീൻ 60

മറ്റൊരു ദിവസം. കോളേജ് കാന്റീൻ. ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്ന വീണ, ജെസ്സി, പ്രസാദ്, മുരുകൻ.  എലിസബത്തും സംഘവും കാന്റീനിലേക്ക്. അവർക്കു പുറകിൽ റിജോ. വീണയെ കണ്ട് തല തിരിക്കുന്ന എലിസബത്ത്. അവർ, ഇവർക്കരികെ ഒരു മേശയ്ക്കു  ചുറ്റുമിരുന്നു. എലിസബത്ത് :         “ എല്ലാവരും മൂക്കു മുട്ടെ തിന്നോണം.. പ്ലാനെല്ലാം മാറ്റി..  ഇന്നത്തെ ചിലവ് ഇച്ചായന്റെ വകയാ..”

റിജോ അവൾക്കരികിലേക്ക് ഒരു കസേര പിടിച്ചിട്ട് ( അവൻ ആദ്യസംഘത്തെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ )  : “ ദെന്താപ്പോത്
  ആ. എന്തായാലും  ഏലമ്മ പറഞ്ഞാ പിന്നെ  മറുവാക്കില്ലല്ലൊ അങ്ങനെയെങ്കിൽ അങ്ങനെ....”

ഇപ്പുറത്ത് വീണയുടെ കാലിൽ ചവിട്ടുന്ന ജസ്സി.. അവൾ ചിരി കടിച്ചമർത്തുകയാണ്.

സീൻ 61

കോളേജ്  കോമ്പൗണ്ട്. ചെറിയ മഴയുണ്ട്. പതുക്കെ നീങ്ങുന്ന റിജോയുടെ ബുള്ളറ്റിനു പുറകിൽ, അവനോട് ചേർന്നിരുന്ന്  കളി തമാശകൾ പറയുന്ന  എലിസബത്ത്. ക്ലാസ്സിൽ , അത് വീണയ്ക്ക് ചൂണ്ടി കാണിച്ചു കൊടുക്കുന്ന പ്രസാദ്.. ഇരുവരും ചിരിക്കുന്നു.

സീൻ 62

മറ്റൊരു ദിവസം. ലഞ്ച് ബ്രേക്ക്. ഒഴിഞ്ഞ ക്ലാസ്സ് റൂം.. റിജോ പരിഭ്രമത്തോടെ , ഡെസ്കുകൾക്കിടയിൽ പരിശോധിക്കുകയാണ്.

സീൻ 63

അവരുടെ കാസ്സ്മേറ്റ്സ് ഒരു ലാബിനു മുന്നിലാണ്. ചിലർ തറയിലിരുന്ന് ധൃതിയിൽ റെക്കോഡ് എഴുതുകയും മറ്റും ചെയ്യുന്നുണ്ട്. മറ്റു ചിലർ പുസ്തകങ്ങൾ തുറന്നു വച്ച് എക്സിപിരിമെന്റുകളെ കുറിച്ചുള്ള ചർച്ചയിലാണ്.
റിജോ അവർക്കരികിലേക്ക് തിടുക്കത്തിൽ വന്ന് പ്രസാദിനോട് : “ എടാ..എന്റെ ബേഗ് എവിടെ ?”

പ്രസാദ് അതത്ര ശ്രദ്ധിക്കാതെ റെക്കോഡ് വായനക്കിടയിൽ : “ ഏത് ബേഗ്..” ( പിന്നെ ഓർമ്മ വന്ന് ).. “ ഓ..അതവിടെ ക്ലാസ്സിൽ തന്നിണ്ടായ്ര്ന്നല്ലാ..നീ ലേബീ കേറ്ണ്ണ്ടാവില്ല്യാന്ന് വിചാരിച്ച് ഞാനതെട്ത്തില്ല്യ..”

റിജോ ദേഷ്യത്തോടെ : “ ച്ഛെ..നിന്നോട് ഞാനത് നോക്കണംന്ന് പറഞ്ഞിര്ന്നതല്ലേ..”

പ്രസാദ് : “ എപ്പോ പറഞ്ഞു ? ഞാൻ  കേട്ടില്ല്യല്ലാ..”

റിജോ ദേഷ്യത്തോടെ  മറുപടി പറയാൻ തുടങ്ങുമ്പോൾ ഇടപെട്ടു കൊണ്ട് മുരുകൻ : “ ഡാ നിന്റെ ബേഗ്  വീണ എടുത്തിട്ടുണ്ടെന്ന് തോന്നുന്നു.. ചോദിച്ചു നോക്കിയേ ?”

റിജോ  തിടുക്കത്തിൽ കുറച്ച് ദൂരെയിരിക്കുന്ന വീണയ്ക്കരികിലേക്ക് : “ വീണേ, എന്റെ ബാഗെവിടെ ?”

അവൾ ജെസ്സിയും മറ്റു കൂട്ടുകാരുമായുള്ള സംസാരത്തിനിടയിൽ അവന്റെ ബേഗെടുത്ത്  നീട്ടി. “ ഇതിവിടെ വരെ ചുമന്നതിനു ചിലവുണ്ട് ട്ടോ..”

റിജോ ആശ്വാസത്തോടെ ബേഗ് വാങ്ങി കൊണ്ട് : “ അതൊക്കെ എന്തു വേണമെങ്കിലും ചെയ്യാം..”
അതും പറഞ്ഞ്, ബേഗ് തുറന്ന് എന്തോ പരതുന്നതിനിടയിലാണ് ലാബ് തുറന്നത്. കുട്ടികളെല്ലാവരും ലാബിലേക്ക് കയറി.

സീൻ 64

ലാബ്. കുട്ടികൾ ബാച്ചുകളായി തിരിഞ്ഞ്  എക്സിപിരിമെന്റിനു ഒപ്പ് വാങ്ങുന്നതിനായി അദ്ധ്യാപകർക്കു ചുറ്റുമുണ്ട്.

റിജോ പരിഭ്രമത്തോടെ ബാഗ് തപ്പി കൊണ്ടിരിക്കുക തന്നെയാണ്. പിന്നെയവൻ വീണയ്ക്കരികിലേക്ക് ചെന്നു : “ എടീ.. ഇതിൽ ..കുറച്ച്..ഫോട്ടോസ് ഉണ്ടായിരുന്നു..അതെവിടെ ?”

വീണ നിഷ്ക്കളങ്കത ഭാവിച്ചു കൊണ്ട് : “ ഏത് ഫോട്ടോസ് ? ഞാൻ ബേഗ് തുറന്നിട്ടില്ല.. അവിടെയിരിക്കുന്നതു കണ്ടപ്പോ എടുത്തോണ്ടു പോന്നതാ..”

റിജോ ഗൗരവത്തിൽ : “ നീ വെറുതെ തമാശിക്കല്ലേ..”

അദ്ധ്യാപികമാരിലൊരാൾ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു : “ എന്താ റിജോ ? വരച്ചിട്ടില്ലേ ?”

റിജോ അമർഷവും നിസ്സഹായതയും എല്ലാം ചേർന്ന സ്വരത്തിൽ : “ ഇല്ല മാം..”

അദ്ധ്യാപിക : “ എങ്കിൽ പൊയ്ക്കോളൂ.. വരച്ചിട്ടു കയറിയാ മതി..”

അവർ ബാഗുമെടുത്ത് പുറത്തേയ്ക്ക് . അവന്റെ മുഖത്തെ ഗൗരവഭാവം കണ്ട് പരസ്പരം  അന്തം വിട്ട് നോക്കുന്ന മുരുകനും പ്രസാദും. അവരുടെ നോട്ടം തന്നിലെക്ക് നീളുമ്പോൾ, ‘അറിയില്ല’ എന്ന് തോളുയർത്തുന്ന വീണ.

സീൻ 65

ലാബിൽ നിന്ന്  പുറത്തേയ്ക്ക് വരുന്ന കുട്ടികൾ. വഴിയിൽ നിന്ന് കുറച്ച് ദൂരെ മാറി റിജോ ഒളിച്ചു മാറി നിൽപ്പുണ്ട്. സംഗീതിന്റെയും മുരുകന്റെയും പ്രസാദിന്റെയും കണ്ണിൽ പെടാതെ അവൻ വീണയെ വിളിച്ചു.

സീൻ 66

ഒരു ഒഴിഞ്ഞ ഇടം.

വീണ  (അവൾ പൂർണ്ണ ഗൗരവത്തിലാണ് ) : “ എന്നാലും റിജോ.. നീ ഇത്രേം  ചീപ്പാണെന്ന് ഞാനറിഞ്ഞിരുന്നില്ല. കഴിഞ്ഞ എക്സിപിരിമെന്റിനു നിങ്ങൾക്കു കിട്ടിയ റിസൾട്ട് എന്താണെന്നറിയാനാ ഞാൻ ഞാൻ ബേഗ് തുറന്നത്.. ച്ഛെ.. എത്ര മോശമാണിത് റിജോ
.കണ്ടപ്പോ നിന്റെ അധപതനമോർത്ത് ഞാൻ മനസ്സു കൊണ്ട് കരഞ്ഞു പോയി..”

റിജോ ( ദേഷ്യത്തോടെ ) : ഞാനല്ല..നീയാണ് ചീപ്പ്.. മറ്റൊരാളുടെ ബേഗ് തുറന്നു നോക്കുന്നത് വലിയ മാന്യതയാണല്ലൊ.. സത്യം പറ..  ആ എലക്ഷൻ കാലത്തെ റിവഞ്ച് വച്ച് അവൾക്ക് പണി കൊടുക്കാനല്ലേ നീയിപ്പോ അത് എടുത്തു വച്ചിരിക്കുന്നത്..?”

വീണ ( അവൾക്കും ദേഷ്യം കയറുന്നു ) : ച്ഛീ..വളിപ്പത്തം പറയാതെ.. എനിക്കിപ്പോ അവളോടല്ല ദേഷ്യം..നിന്നോടാണ്.. നിന്നെ പോലെ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്നവരെ.. നിങ്ങൾക്കൊക്കെ ഇത് നിസ്സാരമായിരിക്കും.. മടുക്കുമ്പോ പൊടിയും തട്ടി എണീറ്റ് പോകും.. പക്ഷെ ഒരു പെൺകുട്ടിയുടെ ലൈഫ്.. അതില്ലാതാവാൻ ഇതൊക്കെ ധാരാളം മതി.. അതും ഇത്ര അശ്രദ്ധമായി.. നിന്നോടുള്ള സകല ഇമ്പ്രഷനും ഇതോടെ പോയി.. കാര്യമെന്തൊക്കെയാണെങ്കിലും സംഗീത് പോലും ഇങ്ങനത്തെ ചെറ്റത്തരം ചെയ്യുമെന്ന് തോന്നുന്നില്ല..”

റിജോ അല്പമൊന്ന് തണുത്തു : “ എടി.. ഞാനും നീയുമൊന്നും വിചാരിക്കുന്ന പോലത്തെ ഒരുത്തിയല്ല അവള്.. തനി ഫ്രോഡ്.. സംശയമുണ്ടെങ്ങെ നീ മുരുകനോട് ചോദിച്ചു നോക്ക്.. അവളെന്നെയും ചീറ്റ് ചെയ്യുകയാണെന്നറിഞ്ഞപ്പോഴാ..അല്ലാതെ ഇത്രേം പ്രായമുള്ള ഒരുത്തി ബീച്ചിലും ഡാമിലുമെല്ലാം എന്റെ കൂടെ പോരുമോ ? എനിക്കും ഒരു ടൈം പാസ്സ് അവൾക്കും ഒരു ടൈം പാസ്സ്.. അത്രേയുള്ളു ഇത്.. ഫോട്ടോസ് ഒക്കെ അവളുടെ സമ്മതത്തോടെയാ എടുത്തത്.. അവളെ കാണിക്കാൻ പ്രിന്റെടുത്തു വച്ചതാ അത്..”

വീണ ഒന്നു സംശയിച്ച് : “ നുണ.. അതിലെ എല്ലാ സ്നാപ്സും തന്റെ അറിവോടെ എടുക്കാൻ ഒരു പെൺകുട്ടി സമ്മതിക്കുമെന്ന് ഞാൻ കരുതുന്നില്ല.. അല്ലേൽ അത്രേം ബോധമില്ലാത്ത ഒരുത്തിയായിരിക്കണം..”

റിജോ : “ നീ വിശ്വസിക്കണ്ട.. അതാണ് സത്യം.. അവൾക്കത്ര ബോധമേയുള്ളു..”

വീണ ഒന്നാലോചിച്ച് : എന്നാ  ഒരു കാര്യം ചെയ്യാം.. ഞാൻ അവളുടെ കൈയ്യിൽ തന്നെ കൊടുത്തോളാം.. നിന്നെയെനിക്കിപ്പോ അത്ര വിശ്വാസം പോരാ..”

റിജോ അസഹ്യതയോടെ : “ അതിന്റെയാവശ്യമെന്ത് ? നീയാര്.. അവളുടെ ഗ്രാന്റ് മദറോ ? അല്ലേ തന്നെ നിന്നെയവൾക്ക് കണ്ടു കൂടാ..
പ്രശ്നം ഇത്രേയുള്ളൂ.. എന്റെ ബേഗിൽ നിന്ന് എന്റെ അനുവാദമില്ലാതെ നീയൊരു സാധനമെടുത്തു.. ഞാനത് തിരികെ ചോദിക്കുമ്പോ നീയോരോ വളിച്ച ന്യായങ്ങൾ പറയുന്നു..”

വീണ : “ കണ്ടോ..അതു പറഞ്ഞപ്പോ നിന്റെ ഭാവം മാറി.. അവളുടെ അനുവാദത്തോടെ എടുത്ത ചിത്രങ്ങളാണെങ്കിൽ അവളുടെ കൈയ്യിൽ തന്നെ കൊടുക്കുന്നതു കൊണ്ട് എന്താണു കുഴപ്പം ? ശരിയാ.. ഞാൻ ചെയ്തത് മോശം തന്നെ.. പക്ഷെ അതിലും വലിയ മോശത്തരമാ നീ ചെയ്തത്.. അത് തിരുത്താനാ എന്റെ ശ്രമം..”

റിജോ : “ ദേ പെണ്ണേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. എന്നെ തിരുത്താൻ നീയെന്റെ ആര്..?.. വെറുതെ എന്റെ ടെമ്പറേച്ചർ കൂട്ടല്ലേ.. പിന്നെ നീ വിചാരിച്ചതിലും ചെറ്റയാവും ഞാൻ
സംഗീതിനെ പോലെ മിണ്ടാതെ നടക്കുകയല്ല ഞാൻ ചെയ്യുക..വെറുതെ എനിക്ക് പണിയുണ്ടാക്കി വെക്കല്ലേ..”

വീണ അതു വകവെക്കാതെ മുന്നോട്ടു നടന്നു കൊണ്ട് : “ അങ്ങനെയെങ്കിൽ അങ്ങനെ.. ഇനിയത് നിന്റെ  കൈയ്യിൽ തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. നീയെന്താ വേണ്ടതെന്നു വച്ചാ ചെയ്യ്..”

അവൾ പോകുന്നത് നോക്കി നിന്ന്, ‘ ച്ഛെ’ എന്ന് നിലത്താഞ്ഞു ചവിട്ടുന്ന റിജോ.

സീൻ 67

അടുത്ത ദിവസം പകൽ.
പ്രസാദ്, മുരുകൻ, റിജോ.
പ്രസാദ് : “ അപ്പോ അതാണു കാര്യം.. അവളു ഫോട്ടോകളു തന്നാലും വേണ്ടില്ല, തന്നില്ലെങ്കിലും വേണ്ടില്ല..ലൊക്കേഷൻ കേട്ടിട്ടു തന്നെ ഞാൻ വിജ്രംബിതനായി.. ( റിജോയുടെ കൈ പിടിച്ചു കുലുക്കി) നീയാണളിയാ ഭാഗ്യവാൻ..”

 റിജോ അവനെ അടിക്കാനാഞ്ഞ് : “ മൈ..മനുഷ്യനിവിടെ പ്രാന്തെടുത്ത് നിക്കുമ്പോഴാ..”

മുരുകൻ : “ ഞാമ്പറഞ്ഞിട്ടും അവളു സമ്മതിച്ചില്ല.. ( പ്രസാദിനോട് ) നീയൊന്ന് മുട്ടി നോക്ക്..”

പ്രസാദ് : “ അതിനു ബുദ്ധിമുട്ടൊന്നുമില്ല.. ഇതൊക്കെ ചീളു കേസ്.. ( ഷർട്ടിന്റെ കോളർ ഉയർത്തി ) സഖാവ് പ്രസാദ് പറഞ്ഞാ സഖാവ് വീണ  കേക്കും.. അത് മൂന്നരത്തരം.. പക്ഷെ എന്താ ചിലവ്.. അതാദ്യം പറ.. കേട്ടാ പ്രചോദനം തോന്നണം..”

റിജോ : “ രാഗത്തിലൊരു പടം.. പത്തൻസീന്നു ബിരിയാണി..”

പ്രസാദ് : “ അതൊക്കെ പണ്ട്.. ഇപ്പോ വിപ്ലവത്തിനൊക്കെ വലിയ വിലയാ മോനേ
അഞ്ച് പടം.. അഞ്ച് ബിരിയാണി..”

റിജോ : “ ശവത്തീന്നു തന്നെ പോക്കറ്ററിക്കടാ തെണ്ടീ.. ശരി.. സമ്മതിച്ചു..”

സീൻ 68

ആകാംഷയോടെ കാത്തു നിൽക്കുന്ന റിജോയ്ക്കും മുരുകനുമരികിലേയ്ക്ക്  നടന്നെത്തുന്ന പ്രസാദ്.

പ്രസാദ് (നിരാശയോടെ ) : ഒരു രക്ഷേമില്ലളിയാ.. പെണ്ണു അമ്പിനും വില്ലിനും അടുക്കുന്നില്ല.. പറഞ്ഞു പറഞ്ഞു എനിക്കു വട്ടായി.. സംഗതി അവളുടെ അലമാരയില്  ഭംഗിയായി പൂട്ടി സീലൊട്ടിച്ച് വച്ചിട്ടുണ്ട്.. ..”

റിജോ  ഭ്രാന്തെടുത്ത് : “ ഇന്ന് ഞാനാ ഡാഷ് മോളെ കൊല്ലും.. അവക്കിതെന്നാത്തിന്റെ  കഴപ്പാ ? പടം പിടിച്ചവൾക്ക് ഒരു കുഴപ്പോമില്ല.. ഇവക്കാണു കഴപ്പ്.. ആർട്ട്സ് ക്ലബ് സെക്റട്ടറീന്നു വച്ചാ ബൂലോക പോലീസമ്മാവിയാണെന്നോ മറ്റൊ ആണ് പെണ്ണിന്റെ വിചാരം..”

മുരുകൻ : “ എന്നാപ്പിന്നെ നമുക്ക് അവളെ കൊണ്ടു തന്നെ ചോദിപ്പിച്ചു നോക്കിയാലോ ?”

റിജോ : “ അത് നടപ്പില്ലെടാ.. ഒന്നാമത്തത്, ഇവളുടെ മുമ്പിൽ വന്ന് മുട്ടു കുത്താൻ അവളെ കിട്ടുകേല. ഇവളു കൂടി കണ്ടെന്നറിഞ്ഞാ പിന്നെ പറയുകേം വേണ്ട.. നിങ്ങളെ കാണിക്കാമെന്നു കരുതിയാ കഴുകി കിട്ടിയ ഉടനെ ക്ലാസിലോട്ടു വന്നത്..  കിട്ടിയ ചാൻസല്ലായിരുന്നോ..കിടിലൻ സ്നാപ്സാ.. മർലിൻ മണ്രോയൊക്കെ തോറ്റു പോകും..”

പ്രസാദ്  : “ അളിയാ..ഞാൻ പിന്നേം വിജ്രംബിച്ചു..  ലോകനാർക്കാവിലമ്മയാണേ,  ഫോട്ടോകളെല്ലാം കണ്ടിട്ടേ ഇനിയീ പ്രസാദിനു വിശ്രമമുള്ളു. (നെസീർ സ്റ്റൈലിൽ ). ഇത് സെത്യം സെത്യം സെത്യം..”

മുരുകൻ : “ എടാ.. നമുക്ക് ഷെർളിയെ കൊണ്ടൊന്ന് ശ്രമിച്ചു നോക്കിയാലോ ? അവളല്ലേ അവളുടെ റൂം മേറ്റ് ?”

 പ്രസാദ് : “ നടക്കില്ല.. ഷെർളി അവളുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരിയാ.. അവളു വീഴില്ല്യ..”

മുരുകൻ : “ എന്നാ നാദിറയെ വച്ചൊന്നു നോക്കിയാലോ ?”

പ്രസാദ് : “ ചെലപ്പൊ നടക്കും.. പക്ഷെ സംഗതി നമ്മുടെ കൈയ്യി കിട്ടുന്നതിനു മുമ്പ്  ഹോസ്റ്റലിലെയല്ല, വഴീക്കൂടി പോകുന്ന പെമ്പിള്ളേരു വരെ കണ്ടു രസിച്ചു പാട്ടു പാടി തുടങ്ങിയിട്ടുണ്ടാവും..”

റിജോ : “ അതാ മറ്റൊരു പ്രശ്നം.. സംഗതി പുറത്തറിയാൻ പാടില്ലല്ലൊ.. പണ്ടാരടങ്ങാൻ.. ഞാൻ തന്നെ പോയി പൊക്കിയാലോന്നാ ആലോചന..”

പ്രസാദ് : “ അതൊരു ഐഡിയ ആണ്.. പക്ഷെ വെരി ഹൈ റിസ്ക്.. പിടിച്ചാൽ പുസ്തകോം പഠിപ്പും അതോടെ പൂട്ടി വെക്കാം. ‘കുറച്ച് ഫോട്ടൊ എടുക്കാൻ കയറിയതാണേ’ എന്നൊക്കെ  പറഞ്ഞാൽ, പറഞ്ഞു തീര്ണേന്നു മുമ്പ്  അതിനുള്ള ഇടി വേറെ കിട്ടും...”

മുരുകൻ : “ പോയി എടുക്കലൊന്നും  നടപ്പുള്ള കാര്യമല്ല.. സെക്യൂരിറ്റിയൊക്കെ ഉള്ളതല്ലേ..?”

റിജോ : “ ഓ.. അയാളെ പേടിക്കാനൊന്നുമില്ല.. വെള്ളമടിച്ച് ബോധമില്ലാതെ കിടപ്പാവും.. അതല്ല പ്രശ്നം.. ഫസ്റ്റ് ഫ്ലോറിലല്ലേ അവളുടെ മുറി.. ഫ്രണ്ടിലെ ഷട്ടറിട്ടു കഴിഞ്ഞാ അവിടേയ്ക്കു കേറാൻ ഒരു വഴീമില്ല..എങ്ങാനും പാരപ്പറ്റീ എത്തിയാ തന്നെ നടന്നവിടെ എത്തുമ്പോഴേക്കും താഴെ വീഴും.. ഭയങ്കര വഴുക്കലായിരിക്കും..”

മുരുകൻ : “ ഓ.. ആ പണിയൊന്നും നമ്മളെ കൊണ്ടു പറ്റില്ലെടാ.. അതൊക്കെ പ്രൊഷനായിട്ടുള്ളവർക്കെ ഇതൊക്കെ നടക്കൂ..”

പ്രസാദ് ചാടിയെണീറ്റ് : “ യേസ്.. പ്രൊഫഷൻ..അതാ ഞാനും ആലോചിച്ചു കൊണ്ടിരുന്നത്.. ഒരു  പ്രൊഫഷണൽ കള്ളൻ വിചാരിച്ചാ  സംഗതി നടക്കും.. പിടിക്കപ്പെട്ടാലും നമുക്ക് പ്രശ്നമില്ല..”

റിജോ : “ മൈര് !.. മനുഷ്യനിവിടെ തലയ്ക്ക് തീ പിടിച്ചു നിക്കുമ്പോഴാ ( പ്രസാദിനെ ഇടിക്കാനാഞ്ഞ് ) “ അവളെ കൊല്ലുന്നേന്നു മുമ്പ് ഞാനീ തെണ്ടിയെ കൊല്ലും.. പ്രൊഫഷണൽ  കള്ളൻ..  ഉവ്വടാ.. കള്ളന്മാരൊക്കെ ഉമ്മറത്ത് എഴുതി വച്ചിട്ടുണ്ടാവും. മിസ്റ്റർ കള്ളൻ.. പി ജി ഇൻ മോഷ്ടിക്കൽസ് എന്നൊക്കെ...”

പ്രസാദ് :  “ എടാ തെണ്ടീ.. ലോകപരിചയം  വേണം ലോക പരിചയം.. നിന്നെ പോല്യുള്ള ചോക്കലേറ്റ് കുട്ടപ്പന്മാർക്കൊന്നും  മനുഷ്യമ്മാരെ അറിയില്ല്യല്ലൊ.. ചൊളയെറക്കാൻ നീ തയ്യാറുണ്ടെങ്ങെ അതാദ്യം പറ.. ഞാൻ വിചാരിച്ചാലും ചിലതൊക്കെ നടക്കും..”

മുരുകൻ : “ അതൊരു നല്ല ഐഡിയയാണ്.. നമുക്ക് റിസ്ക്കുമില്ല..”

റിജോ : “ എത്ര വേണ്ടി വരും ?”

പ്രസാദ് : “ അതിപ്പോ
മാക്സിമം.. ഒരു പത്തിരുന്നൂറ്റമ്പത് കൂട്ടിക്കോ.. അയാക്കും റിസ്ക് കുറവല്ലേ.. പോലീസ് കേസൊന്നും ആവാൻ പോണില്ല്യല്ലൊ..”

മുരുകൻ : “ അതോക്കേ.. നീ ആളെ സംഘടിപ്പിക്ക്..”

റിജോ : “ യേസ്.. അതൊന്നു കൈയ്യീ കിട്ടിയിട്ടു വേണം ഇതിലും വലിയ ഒരു പണി അവൾക്കിട്ടു കൊടുക്കാൻ..”

പ്രസാദ് : “ എന്നാ ഉറപ്പിച്ചോ.. പള്ളിമൂലേലെ പള്ളിമണി എട്ടടിക്കുമ്പോ ഞാനിവിടെയുണ്ടാവും, ആളുമായി..”

സീൻ 69

കോളേജിന്റെ ആളൊഴിഞ്ഞ ഒരു ഭാഗത്ത്, ഒരു കെട്ടിടത്തിനു പുറകിൽ സ്ട്രീറ്റ് ലൈറ്റിൽ നിന്നുള്ള വെളിച്ചത്തിൽ അവർ. പ്രസാദ്, മുരുകൻ, റിജോ..കൂടെ അയാളും. ( കറുത്ത്  മെലിഞ്ഞ ഒരാൾ - മുകുന്ദൻ ) അയാളുടെ ചുണ്ടിൽ ഒരു ബീഡി എരിയുന്നുണ്ട്.
എല്ലാവരും, മുന്നിൽ നിരത്തി വച്ച  പ്ലാനിലേക്കാണ് ഉറ്റു നോക്കുന്നത്.

റിജോ : “ ദാ.. ഇവിടെയാണ് വാട്ടർ ടാങ്കിലേക്കുള്ള കോണി.. അതിലൂടെ കയറി, ഏറ്റവും മുകളിലെത്താം..  അവിടന്ന്, ദാ ഇവിടേയ്ക്കു നടന്നാൽ ഇതു വഴി താഴെയിറങ്ങാം
ദാ.. ഒന്നാം നിലയിൽ ഇവിടെയാണ് അവളുടെ മുറി.. ഇപ്പുറത്ത് പാരപ്പറ്റിലൂടെ വന്നാൽ കൈയ്യിട്ട് വാതിലിന്റെ കുറ്റി തുറക്കാം..”  റിജോ മുകുന്ദനെ നോക്കി.

മുകുന്ദൻ : “ .. പിള്ളേരെ. നിങ്ങക്കെന്തറിയാ ? ഇതിങ്ങനെ പടൊക്കെ വരച്ച് നാലടി ചാടി മറഞ്ഞാ  കൈയ്യി വര്ണ കേസൊന്ന്വല്ല.  കൊറച്ച് പോട്ടങ്ങളെട്ക്കാൻ വേണ്ടി  പത്തുനൂറ്റമ്പത് പെമ്പിള്ളേര് മദിച്ച് നടക്ക്ണ ഹോസ്റ്റലില് ഇങ്ങനെ കേറിമറഞ്ഞ് നടക്ക്വാന്നൊക്കെ പറഞ്ഞാ അലമ്പു കേസ്ണ്..  പിന്നെ മ്മടെ പ്രസാദൻ ക്ടാവ്  ആദ്യായ്ട്ടൊര് കാര്യം പറഞ്ഞ്ട്ട്
കോണി എവ്ട്യാന്നാ പറഞ്ഞേ ദിങ്ങനെ പടത്തീ കണ്ട്ട്ടൊന്നും ഒരു കാര്യോല്ല്യ.. നേരിട്ട്  കാണണം.. സ്തലം കണ്ടാലേ സംഗതി നടക്ക്വോന്ന്  പറയാൻ പറ്റ്വൊള്ളൂ..”

പ്രസാദ് : “ അതൊക്കെ നടക്കും മുകുന്ദേട്ടാ.. ദേ അവടെ ആ വള്ളിപ്പടപ്പിന്റെടേല് മതിലിനൊരോട്ട്യണ്ട്.. അതിലേ നോക്ക്യാ കോണീം ബിൽഡിങ്ങ്വോക്കെ ക്ലിയറായ്ട്ട് കാണാം..”

സീൻ 70

ഇരുട്ട്.
മതിലിനു പുറകിൽ അവർ മൂന്നു പേർ.
റിജോ : “ എടാ..ഫ്യൂസൂരീട്ട് മുക്കാമണിക്കൂറായി.. അയാളെ കാണാനില്ലല്ലൊ..”

പ്രസാദ് : “ നീയൊന്ന് സമാധാനപ്പെട്.. ഇതങ്ങനെ എട്ത്തോ പിടിച്ചോന്ന് പറഞ്ഞ് നടക്ക്ണ പണില്യല്ലൊ.. പറ്റ്ണ പണ്യണങ്ങെ മുകുന്ദേട്ടൻ ചെയ്തിരിക്കും..”

റിജോ : “ അതല്ലടാ.. നാല് നാലരയായാ ചില അവളുമാരെണീറ്റ് പഠിപ്പ് തുടങ്ങും..”

മുരുകൻ : “ വരുന്നുണ്ടെന്ന് തോന്നുന്നു.. അവിടെയൊരനക്കം കണ്ടു..”

നിശബ്ദത.

മറുവശത്തു നിന്ന് ഒരു ചൂളം വിളി. അവർ കയർ എറിഞ്ഞു.

കയറിലൂടെ മുകുന്ദൻ മതിലിൽ നിന്നിറങ്ങി :  “ എടയ്ക്കൊരുത്തി എണ്റ്റു. അല്ലെങ്ങെ പത്ത്  മിനി‌റ്റ് നേരത്തെ കേസേ ഇണ്ടായ്ര്ന്നൊള്ളൂ..”

റിജോ ഉദ്വേഗത്തോടെ : “ കിട്ടിയോ ?”

മുകുന്ദൻ : “ പിന്നെ കിട്ടാതെ.. കെടന്നൊറങ്ങ്ണ ആനേരെ വാലു മുറിച്ചെടുത്തോനാ ഈ മുകുന്ദൻ..” അയാൾ അരയിൽ നിന്ന് ഒരു കവറെടുത്ത് നീട്ടി.

റിജോ അത് വാങ്ങി തുറന്ന് പെൻറ്റോർച്ചടിച്ചു നോക്കി  : “ ഇതു തന്നെ.. താങ്ക്സെന്റെ  പൊന്നു ചേട്ടാ
അവനയാളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.

സീൻ 71

പകൽ. കോളേജ്.
റിജോ, പ്രസാദ്, വീണ, മുരുകൻ.

റിജോ : “ എന്താ അവളുമാരുടെയൊക്കെ ഉറക്കം
ദേഹത്തിച്ചിരി തുണിയുണ്ടോന്നു പോലും ചിന്തയില്ല..”

വീണ ഒന്നും  മിണ്ടുന്നില്ല.

പ്രസാദും മുരുകനും ചിരിച്ചു.

പ്രസാദ് : “ എന്നാലും റിജോ..  നിന്റെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു.. എൽ എച്ചില് കേറീ.. അതും അവടത്തെ പെൺപുലീരെ മുറീന്നു തന്നെ സാധനം അടിച്ചോണ്ട് പോരുകാന്നൊക്കെ പറഞ്ഞാ..ഗംഭീരം തന്നളിയാ..”

റിജോ : “ ഇവടെയൊക്കെ വിചാരം ഞാനൊരു ഊ..ആണെന്നാ.. അതല്ലാന്നൊന്ന് കാണിച്ചു കൊടുക്കണമല്ലൊ.. എന്താ നെഗളിപ്പ്.. ഇവളല്ലേ കോളേജിലെ പെമ്പിള്ളേരുടെയെല്ലാം ഗ്രാന്റ് മദറ്.. കളി റിജോയോടെ !! ”

വീണ ( ശാന്തയായി ) : “ മൂന്നു കൊല്ലമായി നമ്മൾ കണ്ടു തുടങ്ങിയിട്ട്. നിങ്ങളൊക്കെ എന്റെ ആരെല്ലാമൊക്കെയോ ആണ് എന്ന് ഞാനഹങ്കരിച്ചിരുന്നു.. ഇപ്പോ അതെല്ലാം തെറ്റാണെന്നറിയുമ്പോ.. വിഷമമുണ്ട്.. വലിയ വിഷമം..”

റിജോ : “ അമ്പോ.. എന്തൊരു സങ്കടം !.. മിനിഞ്ഞാന്ന്  ഞാൻ കാലു പിടിയ്ക്കുന്ന പോലെ  ചോദിച്ചപ്പോ ഈ വിഷമമൊന്നും കണ്ടില്ലല്ലൊ.. അപ്പൊ തീർന്നു.. ആ ഇന്റിമസിയോക്കെ.. തീർന്നിട്ടില്ല.. .. തന്നതിനു  പത്തിരട്ടി തിരിച്ചു തന്നിട്ടേ ഈ റിജോ ഇനി വാൾ ഉറയിലിടൂ”

പ്രസാദ് : “ പോട്ടെടാ.. വിട്ടു കള.. ചീളു കേസ്..”

മുരുകൻ : “ അതെ.. വിട്ടു കള.. എല്ലാരും അസൂയയോടെ നോക്കിയിരുന്ന ഗാങ്ങാ  നമ്മുടേത്.. അതിപ്പോ ഇങ്ങനെ തല്ലിപിരിഞ്ഞ്..”

വീണ : “ വേണ്ട മുരുകൻ.. ഞാനില്ല ഇനി ഒന്നിനും.. പക്ഷെ റിജോ ..നീയെന്തിനാ ആ  പൈസയും എന്റെ കൊലുസുമെല്ലാം എടുത്തത് ? അതോണ്ട് നിന്റെ എന്തു പ്രശ്നാ തീരാൻ പോകുന്നത് ? ..  പാവം ഷെർളി ഫീസടയ്ക്കാൻ വച്ചിരുന്ന പൈസയാ..  ( കണ്ണു നിറയുന്നു ) പേടിക്കണ്ടാ..ഞാൻ  കമ്പ്ലെയ്ന്റ് ചെയ്തിട്ടില്ല.. ചെയ്യുകയുമില്ല.. ഇതു തന്നെ ധാരാളം.. പ്ലീസ്.. ഇനി ഉപദ്രവിക്കല്ലേ.. ഫോർഗിവ് മി ഇഫ് യു കാൻ..”

അവൾ അവർക്കരികിൽ നിന്ന് നടന്നകലുമ്പോൾ അമ്പരന്ന് പരസ്പരം നോക്കുന്ന മൂവർ സംഘം.

സീൻ 72

“ഞാനല്ല പിള്ളേരെ ഞാനല്ല” “ വെറുതെ എന്നെ ഓടിക്കല്ലേ” എന്നെല്ലാം വിളിച്ചു കൂവി ഓടുന്ന മുകുന്ദൻ..  പുറകേ അവർ മൂന്നു പേർ - റിജോ, മുരുകൻ, പ്രസാദ്.

സീൻ 73

മുകുന്ദൻ ഒരു വലിയ മതിലിനരികിൽ വഴി മുട്ടി നിന്ന് അണയ്ക്കുകയാണ്. പുറകെ അവർ. താൻ കുടുങ്ങി എന്നറിയുമ്പോൾ തിരിഞ്ഞു നിന്ന്, പേനാക്കത്തി ചൂണ്ടുന്ന മുകുന്ദൻ : “ കുത്തി മലത്തും ഞാൻ പന്നികളേ..”
 അവർ മൂന്നു പേരും മൂന്നു വശത്തു നിന്നും അയാളെ വളഞ്ഞു. മുരുകൻ താഴെ കിടക്കുന്ന ഒരു വലിയ മച്ചിങ്ങ കൈയ്യിലെടുത്തു. പ്രസാദ് നാലഞ്ച് വലിയ കല്ലുകൾ പറുക്കിയെടുത്ത് കൈയ്യിൽ വച്ചു. റിജോയുടെ കൈയ്യിൽ ഒരു  വിറകു കൊള്ളിയുണ്ട്.

പ്രസാദ് : “ ദേ മുകുന്ദേട്ടാ.. വെറുതെ ഞങ്ങടെ കൈക്ക് പണിയുണ്ടാക്കരുത്.മര്യാദയ്ക്ക് അതെല്ലാം തന്നോ


മുകുന്ദൻ : “ എന്തു തരാൻ.. ?  എന്തിനാ നിങ്ങളെന്നെ ഓടിച്ചത് ?”

പ്രസാദ് : “ എന്തിനാ മുകുന്ദേട്ടൻ ഞങ്ങളെ കണ്ടപ്പോ ഓടിയത് ?”

റിജോ വടി അയാൾക്കു നേരെ ആഞ്ഞു കൊണ്ടടുത്തേയ്ക്ക് നീങ്ങി : “ എന്തിനാന്ന് നീ ഇപ്പോ പറയും നായിന്റെ  മോനേ..”

മുകുന്ദൻ ഭയന്ന് ‘കൊല്ലല്ലേ കൊല്ലല്ലേ’ എന്നു  നിലവിളിച്ചു കൊണ്ട് “ എട്ത്ത്  വെച്ച്ട്ട്ണ്ട്.. ഞാന്തരാം..”

സീൻ 74

 വീണ ( പൊട്ടിച്ചിരിച്ചു കൊണ്ട് ) : “ എനിക്കറിയാമായിരുന്നു, നിനക്ക് അത്രയ്ക്ക് ധൈര്യമൊന്നുമില്ലെന്ന്.. മൂന്നു കൊല്ലമായില്ലേ കണ്ടു തുടങ്ങിയിട്ട്.. പക്ഷെ എങ്ങനെ പൊക്കി എന്ന് ഒരു തുമ്പും കിട്ടിയില്ല..”

 റിജോ : “  നീ ചിരിക്കണ്ട..തന്നതിനു പത്തിരട്ടി തിരിച്ചു തന്നിട്ടേ..”

പ്രസാദ് ( ഇടയിൽ കയറി ) : “  ലിവൻ ലിവന്റെ വാൾ ഉറയിലിടൂ..”

റിജോ : “ ദതാണ്..”

വീണ : “ അയാം സോറി റിജോ.. ആ ഫോട്ടോസ്  കണ്ടപ്പോ ഷോക്കായി പോയി.. റിയലി. .. ബട്ട് നീയത് ഇത്രേം സീരിയസായി എടുത്തിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായില്ല.  എല്ലാം  നിന്റെ  നമ്പേഴ്സ് ആയാ തോന്നിയത്.”

റിജോ : “ ഉവ്വ.. ഇനിയിപ്പോ എന്തും പറയാമല്ലൊ.. സാധനം എന്റെ കൈയ്യിലെത്തിയില്ലേ”

മുരുകൻ : “ നിനക്കതിൽ ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല വീണ.. അവൾ ഒരു കുട്ടിയൊന്നുമല്ലല്ലൊ.. നിനക്ക് അവളെ അറിയാഞ്ഞിട്ടാണ്....”

വീണ : “ ഉം.. ചിലതൊക്കെ ഞാനും കേട്ടു..എന്താ ചെയ്യാ.. അങ്ങനെയൊക്കെ ചെയ്യുന്ന പെൺകുട്ടികളെയൊന്നും എനിക്ക് ഇമേജിൻ ചെയ്യാൻ പറ്റുന്നില്ല.”

റിജോ : “ ഓ..പിന്നെ..നീ സങ്കല്പിക്കുന്നതിനനുസരിച്ചല്ലേ ആൾക്കാരൊക്കെ പെരുമാറുന്നത്..!”



അടുത്ത ലക്കം ഇവിടെ >> scene 75 to scene 87

8 comments:

  1. സീനെല്ലാം സീക്ക്വന്‍സ് ആവുമല്ലോ :)....വായനയുടെ ഇടയ്ക്ക് ഇതിന്റെ ക്യാമറ ആംഗിള്‍സു കൂടി സങ്കല്‍പ്പിച്ചുനോക്കി :) ഹോ ഒന്നും പറയണ്ട

    ReplyDelete
  2. അപ്പോ ഛായാഗ്രാഹകനെയും കിട്ടി..
    ഇനി ഒരു നിർമ്മാതാവിനെയും സംവിധായകനെയും അഭിനേതാക്കളെയും കിട്ടണം.. :P

    ReplyDelete
  3. പകുതി വായിച്ചു ഞാൻ വിട്ടു ..
    അതിനു കാരണം തുടര്ച്ച കിട്ടാത്തോണ്ടാണ് ..
    ഒഴിവുള്ളപ്പോ ഒന്ന് മുഴുക്കെ വായിക്കാം എന്ന് കരുതി ..
    (അഭിപ്രായം അപ്പൊ പറയാം ) :)

    ReplyDelete
  4. വായിക്കുന്നു......

    ReplyDelete
  5. വായിച്ചു ..ബാക്കിക്ക് കാത്തിരിക്കുന്നു :)

    ReplyDelete
  6. സീന്‍ 58-74 വായിച്ചു
    ട്വിസ്റ്റുകളെവിടെ ട്വിസ്റ്റുകള്‍
    കൊണ്ടുവരൂ വേഗം...

    ReplyDelete
  7. മുഴുവനും വായിച്ചു തീര്‍ത്തു... തിരക്കഥ നന്നായി വരുന്നുണ്ട്...അജിത്തേട്ടന്‍ പറയും പോലെ റ്റ്വിസ്റ്റ് വരട്ടെ... കാത്തിരിക്കുന്നു.

    ReplyDelete
  8. :))

    ബാക്കി സീനുകൾ വേഗം‌ പോരട്ടെ..:)

    ReplyDelete