Thursday, August 1, 2013

scene 75 to scene 87

മുൻലക്കം ഇവിടെ >> scene 58 to scene 74


സീൻ 75

ഉച്ച. റിജോയുടെ വീട്. മുകളിലെ മുറി. റിജോയും മുരുകനും, ബെഡ്ഡിലിരുന്ന് , ലാപ് ടോപ്പിൽ പ്രസാദുമായി വീഡിയോ ചാറ്റിങ്ങിലാണ്.

മുറിയിലേക്ക്, ട്രേയിൽ ചായയും സ്നാക്സുമായി വരുന്ന വീണ. മുഖം  ഗൗരവപൂർണ്ണം.

“ ദേ നമ്മുടെ ക്വീൻ വന്നു..” അവളെ കണ്ടയുടനെ റിജോ മുരുകനോടും പ്രസാദിനോടുമായി.

മുരുകൻ ഒന്നും മിണ്ടാതെ ഒന്നു കൂടി ഒതുങ്ങിയിരുന്നു.

മോണിറ്ററിൽ പ്രസാദ് : “ ഹായ് വീണ..”

അവൾ തല കുമ്പിട്ട് മോണിറ്ററിലേക്ക് നോക്കി ഗൗരവം വിടാതെ പുഞ്ചിരിച്ചു : “ ഹലോ പ്രസാദ്..”

പ്രസാദ് : “ നീ പോകുന്നുണ്ടോ അവനെ കാണാൻ ?”

വീണ എടുത്തടിച്ചതു പോലെ : “ ഇല്ല”  (അവിടെ നിന്ന്  പിൻവലിയാനുള്ള തിടുക്കത്തോടെ ) “ എടാ.. എനിക്ക് കുറച്ച് കമ്മിറ്റഡ് വർക്സ് ഉണ്ട്.. പിന്നെ കാണാം..സീ യൂ..” അതു പറഞ്ഞതും അവൾ ആരെയും ഒന്നു നോക്കുക പോലും ചെയ്യാതെ ഇറങ്ങി പോയി.

 അതും നോക്കിയിരുന്ന് റിജോ : “ ഞാൻ പറഞ്ഞില്ലേടാ.. അവളു വരില്ല..”

മുരുകൻ ചായക്കപ്പെടുത്ത് ഒന്നു മൊത്തി. എന്തോ പറയാനാഞ്ഞ ശേഷം നിർത്തി.

പ്രസാദ് ( ചിരിയോടെ ) : “ അതാർക്കാ അറിയാത്തത്..മ്മള് ഒരു നമ്പറടിച്ച് നോക്ക്യേതല്ലേ.. (ഗൗരവത്തിൽ ) “ അതു പോട്ടെ.. എന്താ നിന്റെ തീരുമാനം ?”

റിജോ : “  അവനെ ഫേസ് ചെയ്യാൻ എനിക്കു വയ്യടാ.. നിനക്കറിയാലോ.. ഞാനാ അവനെ വലിക്കാൻ പഠിപ്പിച്ചത്
അതുമാത്രല്ല..ഈ രൂപത്തിൽ അവനെന്നെ കാണുമ്പോ അതും ഈ കണ്ടീഷനിൽ

പ്രസാദ് : “ കണ്ടീഷൻ തന്നെയാടാ പ്രശ്നം. ഫോർത്ത് സ്റ്റേജാ...ഞാനവന്റെ ഡാഡിയുമായി സംസാരിച്ചിരുന്നു.. ഏറി വന്നാ ഒരു മാസം.. അവനിങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോ..  അതാ ഞാൻ മുരുവിനെ വച്ച് ഇങ്ങനെയൊരു കളിക്ക് ശ്രമിച്ചു നോക്കിയത്..”

മുരുകൻ : “ വേണ്ടിയിരുന്നില്ല പ്രസാദ്.. ഇവരുടെ ഓർമ്മയിൽ പോലും വന്ന് ശല്യപ്പെടുത്തരുതെന്ന് തീരുമാനിച്ചിരുന്നതാണ് ഞാൻ.. ( ഇടർച്ചയോടെ..).. എന്തൊക്കെ പറഞ്ഞാലും കുറ്റവാളികളാണ് ഞങ്ങൾ. ഇവരാണ്  വിക്റ്റിംസ്.. ഇവരോടത് ആവശ്യപ്പെടാൻ എങ്ങനെ കഴിയുന്നു നിനക്ക് ? ഇവന്റെയീ (റിജോയുടെ കാലിൽ തൊട്ട് ) ശരീരം കാണുമ്പോ  എനിക്കെന്നോടു തന്നെ
.. ”

റിജോ ( മുരുകനെ മൃദുവായി ഇടിച്ചു കൊണ്ട് ) : “ ഛീ.. പോടാ.. ചീപ്പ് സെന്റിയടിക്കാതെ..എന്ത് വിക്റ്റിംസ്... ഒന്നും മനപ്പൂർവ്വമായിരുന്നില്ലല്ലൊ... ഇതൊക്കെയാണ് ലൈഫ്..  ഞാനിപ്പോ ഫുൾ ഹാപ്പിയാണ്.. ട്രൂ.. ( ഒന്നാലോചിച്ച ശേഷം..).. കോപ്പ്.. മനുഷ്യനെ വെറുതെ വട്ടു പിടിപ്പിക്കാൻ ഓരോന്നും പറഞ്ഞിറങ്ങിക്കോളും. ( അവന്റെ കണ്ണുകൾ നിറയുന്നുണ്ട് )... ഇത്രയൊക്കെ ആയ നിലയ്ക്ക്
.. അങ്ങനെയിപ്പോ നീ ഒറ്റയ്ക്ക് വിശുദ്ധാത്മാവാവണ്ട.. ഞാനും വരുന്നു...”

സീൻ 76

മറ്റൊരു മുറി. വീണ കമ്പ്യൂട്ടറിൽ എന്തോ ടൈപ്പ് ചെയ്യുകയാണ്.

റിജോ : “ നിർബന്ധിക്കുന്നില്ല.. പക്ഷെ നീ വരണമെന്നാണ് എന്റെ ആഗ്രഹം..”

വീണ ടൈപ്പിങ്ങ് നിർത്തി തിരിഞ്ഞ് : “ എനിക്ക് പറ്റില്ല റിജോ..
 എല്ലാം കുഴിച്ചുമൂടിയതാണ് ഞാൻ.. നിനക്കറിയാലോ..എന്നിട്ടും ഉണങ്ങാത്ത മുറിവുകളുണ്ട് മനസ്സിൽ.. മദർ തെരേസ്സയോ മഹാത്മാഗാന്ധിയോ ഒന്നുമല്ലല്ലൊ ഞാൻ....ഒരു  നാടകം കളിക്കാൻ എനിക്കു വയ്യ..”

റിജോ : “ യേസ്.. അതാണു ഞാൻ പറഞ്ഞത്.. നിർബന്ധിക്കുകയില്ല. മരണത്തിലേക്ക് അത്ര ദൂരമില്ലാത്ത ഒരാൾ അങ്ങനെയൊരാഗ്രഹം പറഞ്ഞപ്പോ
ജസ്റ്റ് എ വിഷ്.. അത്ര മാത്രം... ”

വീണ : “ സോറി റിജോ.. ഞാൻ വരില്ല..”

റിജോ വീൽ ചെയർ തിരിച്ച് : “ ഒ കെ ദെൻ.. ലഞ്ച് ഞങ്ങൾ ഓൺ ദ വേ കഴിച്ചോളാം.. ബട്ട്..  നയൻ തേർട്ടിയ്ക്കാണ് അവന്റെ റിട്ടേൺ ട്രെയ്ൻ.. ചിലപ്പോ  രാത്രിയാവും ഞങ്ങൾ തിരിച്ചെത്തുമ്പോ.. ഒരു ഡിന്നർ കൊടുക്കാമ്പറ്റ്വോ അവന് ?”

വീണ താല്പര്യമില്ലാത്ത, എന്നാൽ ആശയക്കുഴപ്പമുള്ള ഒരു നോട്ടം നോക്കുന്നു.

റിജോ : “ ഇല്ലെങ്കിൽ വേണ്ട.. ഞാൻ അവിടന്ന് ഇറങ്ങുമ്പോ വിളിക്കാം.. ഒ കെ..ബൈ ദെൻ..”

സീൻ 77

പൂമുഖത്ത് കാത്തു നിൽക്കുന്ന മുരുകനരികിലേയ്ക്ക് വീൽ ചെയറിലെത്തുന്ന റിജോ നിരാശയോടെ :
 “ അവൾ വരുന്നില്ലെടാ..”

മുരുകൻ : “ എക്സ്പക്റ്റഡ്.. ഞാനതിലൊരു തെറ്റും കാണുന്നില്ല.. ഒരു കപ്പ് ചായ തന്നതു തന്നെ അവളുടെ മഹാമനസ്ക്കത..”

റിജോ ഇലക്ട്രിക് വീൽ ചെയർ ഓടിച്ച് ഗാരേജിലേക്ക്. മുരുകൻ അവന്റെ പുറകേ.

റിജോ വീൽചെയർ ഓടിച്ച്  ഡ്രൈവിങ്ങ് സീറ്റിന്റെ മറുവശത്തെത്തി. റിമോട്ട് ഓൺ ചെയ്ത് ഡോർ വലിച്ചു തുറന്നു.

മുരുകൻ വണ്ടി നോക്കി : “ ഡൈകോർ !!  നിന്നെ സമ്മതിച്ചളിയാ..”

റിജോ വണ്ടിക്കകത്തേയ്ക്ക് കടക്കുന്നതിനിടയിൽ : “ ഉം.. ലോണാണു മോനെ..”

അവൻ സീറ്റിലിരുന്ന് അത് പുറകോട്ട് നീക്കി. ഇപ്പോൾ   ഫ്രണ്ടിൽ നല്ല സ്പേസ് ഉണ്ട്. വണ്ടിക്കുള്ളിൽ നിന്ന് ഒരു  പ്ലേറ്റ് പുറത്തേയ്ക്കിട്ടപ്പോൾ അത് വീൽ ചെയൽ കയറ്റാവുന്ന വിധത്തിൽ പുറത്തേയ്ക്ക് നീണ്ടു. അവൻ സീറ്റിലിരുന്ന് വീൽ ചെയർ വണ്ടിയിലേക്ക് വലിച്ചു കയറ്റി ഡോർ അടച്ചു.  പിന്നെ ആ സീറ്റിൽ നിന്ന് ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്നു. സ്റ്റീയറിങ്ങിലും ഗീയറിലും കൂടുതലായി സംവിധാനങ്ങൾ ഉണ്ട്.

ഇതെല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് മുരുകൻ.

റിജോ പുറകിലെ ഡോർ തുറന്ന് : “ നീ കയറിയില്ലേ ?”

മുരുകൻ അവന്റെ കൈ പിടിച്ചു കുലുക്കി.. : “ സമ്മതിച്ചളിയാ സമ്മതിച്ചു..  കാപ്സ്യൂൾ ലിഫ്റ്റ്,  കസ്റ്റം മേഡ് ഡൈകോർ..”

റിജോ : “ കസ്റ്റം മേഡൊന്നുമല്ലെടെ..പഴേ വണ്ടിയാ.. ഡിസൈൻ മ്മടെ ആക്രിഷാജൻ വക.. ചെയ്തു തന്നത് മലപ്പുറത്തെ ഒരു വർക്കു ഷോപ്പുകാരാ..”

സീൻ 78



മുറ്റത്തു നിന്നിറങ്ങി പോകുന്ന ഡൈ കോർ. അവർ കാണാതെ, ജനാലയ്ക്കൽ മറഞ്ഞു നിന്ന് നോക്കുന്ന വീണ.

സീൻ  79

റോഡിൽ, വാഹനങ്ങൾക്കിടയിലൂടെ അനായാസം ഒഴുകി നീങ്ങുന്ന  ഡൈ കോർ.

സീൻ 80

വണ്ടിയുടെ ഉൾവശം.

മുരുകൻ   മൊബൈലിൽ   സംസാരിക്കുകയാണ് ( റിജോയും ശ്രദ്ധിക്കുന്നുണ്ട് ) : “ അതെ അങ്കമാലിയ്ക്കടുത്തല്ലേ ?.. ..ഇല്ല .. റിജോയ്ക്കറിയില്ല
രണ്ടു മൂന്നു കൊല്ലം മുമ്പല്ലേ സംഗീത് അങ്ങോട്ട് ഷിഫ്റ്റ് ചെയ്തത് ? .. ആ.. ടെൽക്ക് കഴിഞ്ഞിട്ട്.. ഒ കെ.. ഒ കെ.... ഇല്ല ..വിളിക്കുന്നില്ല.. അതെ.. സസ്പെൻസ് ആയി കോട്ടെ.. അപ്പോ ശരി .. അവിടെ എത്തിയിട്ട് വിളിക്കാം..”  (മൊബൈൽ ഓഫ് ചെയ്ത് റിജോയോട് ) “ അവിടെ ടെൽക്ക് കഴിഞ്ഞിട്ട് ഒരു സ്കൂളുണ്ട്.. സെന്റ് ജോൺ.. റൈറ്റ് സൈഡില്.. അതു കഴിഞ്ഞ്  ഒരു പോക്കറ്റ് റോഡ്..”   (കോട്ടു വായിട്ട് ). “ ഉറക്കം വരുന്നു.. ഇന്നലെ ട്രെയ്നിലെ ഉറക്കം ഒട്ടും ശരിയായില്ല

റിജോ : “ പന്നീ ഉറങ്ങിയാ നിന്നെ ചവിട്ടി പുറത്തിടും.. എനിക്കു വയ്യ ഇത്രേം നേരം  മിണ്ടാതിരുന്ന് ഡ്രൈവ് ചെയ്യാൻ..”

മുരുകൻ ചിരിയോടെ : “ നിനക്ക് ഇടയ്ക്കോരോ മൂളലിട്ടു തന്നാൽ പോരെ.. അതേറ്റു....”

സീൻ 81.

വണ്ടിയുടെ  ഉൾവശം

റിജോ : “  ആ.. എന്നിട്ട്..?”

മുരുകൻ ( ഇപ്പോൾ കണ്ണടച്ച് ചാരിയിരിക്കുകയാണ് .. ഉറക്കത്തിൽ കുഴഞ്ഞു തുടങ്ങിയ ശബ്ദം ) : “ ആ.. എന്നിട്ടെന്താവാൻ.. അവളവളുടെ പാട്ടിനു പോയി..”

റിജോ : “ ച്ഛെ.. കളഞ്ഞില്ലേ..  അല്ലേലും നിന്നെയൊക്കെ എന്തിനു കൊള്ളാം.. പൈത്യക്കാരൻ..”

മുരുകൻ : “ ഉം..”

റിജോ : “ അപ്പോ അവളുടെ അനിയത്തിയോ.. ആ എം ബി എ ക്കാരി ?”

മുരുകൻ : “ ഉം.. മിടുക്കിയായിരുന്നു
……… എന്റെ  ബ്ലഡ് വലിച്ചെടുത്തു.. തുപ്പി..”
റിജോ അമ്പരപ്പോടെ തിരിഞ്ഞ് : “ ഏ ?!!”

മുരുകൻ അനക്കമൊന്നുമില്ല.. അവൻ ഉറക്കത്തിലേക്ക് വീണു കഴിഞ്ഞു..

“ ഡാ.. പന്ന..” എന്ന്  അവനെ അടിക്കാനാഞ്ഞെങ്കിലും. വീണ്ടുമൊന്ന് തിരിഞ്ഞു നോക്കി ചെറിയ പുഞ്ചിരിയോടെ ഡ്രൈവിങ്ങ് തുടരുന്ന റിജോ.

സീൻ 82
( സീൻ 82 മുതൽ സീൻ 87 വരെ ഫ്ലാഷ് ബാക്ക്..)


കോളേജ്. ഉച്ച തിരിഞ്ഞുള്ള സമയം.

റിജോ ചെറിയ വേഗത്തിൽ ഓടുകയാണ്.  കൈയ്യിൽ ഒരു  റെക്കോഡ് ബുക്കുണ്ട്.  അവനു പുറകേ വീണ.

വീണ : “ ഡാ.. അതിങ്ങു താടാ.. പ്ലീസ്..”

റിജോ : “ കിട്ടില്ല മോളേ
കർത്താവീശോമിശിഹാ നേരിട്ടു വന്നു പറഞ്ഞാലും തരില്ല.. റിജോയെ കുറിച്ച് നീ എന്താ വിചാരിച്ചത് ?”

വീണ ഓട്ടം നിർത്തി. അവൾ നിന്നെന്ന് മനസ്സിലായപ്പോൾ റിജോയും.

വീണ  നിസ്സഹായതയോടെ : “ ഞാൻ സാറിനോട് കമ്പ്ലേന്റ് ചെയ്യും..”

റിജോ : “ ഓ.. പിന്നെ അയ്യാക്കു നിന്റെ റെക്കോഡ് ബുക്ക് എടുത്തു തരലല്ലേ പണി.. അങ്ങോട്ടു ചെല്ല്.. ഞാനെടുത്തിട്ടില്ലാന്നു പറഞ്ഞാ നീയെന്നാ ചെയ്യാനാ ? പ്രൂഫൊണ്ടോ നിന്റെ കൈയ്യിൽ..?”

വീണ കീഴടങ്ങിയതു പോലെ : “ ഞാനിപ്പോ എന്താ വേണ്ടത് ? നിന്റെ കാലു പിടിക്കണോ ?”

റിജോ : “ കാലിൽ വീഴുകയോ .. ച്ഛെ.. ച്ഛെ.. പറഞ്ഞല്ലൊ.. ഈ റെക്കോഡ്, എം എച്ച് മൂന്നാം നിലയിൽ, മുന്നൂറ്റി മൂന്നാം നമ്പർ  മുറിയിൽ റിജോയുടെ മേശപ്പുറത്ത്  ഭദ്രമായിരിക്കുന്നുണ്ടാവും..എങ്ങനാ വേണ്ടേന്നു വച്ചാ നീയെടുത്തോ .. പക്ഷെ.. നീ  ഫ്രോഡു കളിക്കുന്നെന്ന് തോന്നിയാ..ഞാനിതങ്ങ് കത്തിച്ചു കളയാനും മതി.. അതൊക്കെ അന്നേരത്തെ എന്റെ മൂഡു പോലെ..”

വീണ : “ നീയെന്നോട് പ്രതികാരം ചെയ്യുകയാണോ ?”

റിജോ : “ അയ്യോ.. അതിപ്പോഴാണൊ മനസ്സിലാവുന്നത്..  നീയത് മനസ്സിലാക്കണം.. ഞാന്നന്ന് അനുഭവിച്ചത് എന്താണെന്ന്.. അല്ലെങ്കി പിന്നെ ഞാനെന്തിനാ ആണാന്നു പറഞ്ഞു നടക്കുന്നത്”

വീണ : “ ഇത് വളരെ ചീപ്പായി പോയി റിജോ. ഇങ്ങനെയല്ല നിന്നെ ഞാൻ കരുതിയിരുന്നത്... സൊ
സൊ.. ചീപ്പ്.. എന്റെ ഒരു വർഷത്തെ അദ്ധ്വാനമാ അത്.”

റിജോ : “ ശരി.. ചീപ്പെങ്കിൽ ചീപ്പ്.മുടിയെങ്കിൽ മുടി... അതു കൊണ്ടുള്ള ഷെയിം ഞാനങ്ങ് സഹിച്ചു..”

വീണ മറുപടിയില്ലാതെ..

റിജോ : “ അപ്പൊ ശരി.. കുറച്ച് തിരക്കുണ്ട്.. പിന്നെ കാണാം..”
അവൻ ആ റെക്കോഡ് കൈയ്യിലിട്ട് തിരിച്ച് മുന്നോട്ട്.. അവൾ എന്തു ചെയ്യുന്നു എന്ന് ഒളിക്കണ്ണിട്ട് നോക്കുന്നുമുണ്ട്.

സീൻ 83.

കോളേജ്, മരച്ചുവട്, സന്ധ്യ.

പ്രസാദ് : “ അതങ്ങ് കൊടുത്തേക്കടാ..നാളെ എക്സാമല്ലേ. ആ ഹിഡുംബനാണ് എക്സാമിനറെന്നാ കേട്ടത്.. റെക്കോഡൊന്നുമില്ലെങ്കി അയാളു പിടിച്ചു കൊടയും...”

മുരുകൻ : “ ശരിയാടാ.. അവളെന്നു തൊട്ടു കരഞ്ഞു പിന്നാലെ നടക്കുന്നതാ... ക്ലാസ്സ് ടോപ്പറു  റെക്കോഡില്ലാതെ തോൽക്കുകാന്നൊക്കെ പറഞ്ഞാ..”

റിജോ : “ നടക്കൂല മക്കളേ.. ഇതു പോലെ മുൻപൊരിക്കല് റെക്കമെന്റേഷനുമായി നിങ്ങള് അവളുടെ അടുത്തും പോയതല്ലേ ? എന്നിട്ടവളു കേട്ടോ ? .. ആ വിഷമം അവളുമൊന്നറിയട്ടെ.. അല്ലെങ്കി ഒരു കാര്യം ചെയ്യ്.. ( പ്രസാദിനോട് ) നീ തന്നെ ആ മുകുന്ദനെ അവൾക്കു കണക്റ്റ് ചെയ്തു കൊട്.. ഇപ്പോ പണി എളുപ്പമല്ലേ .. ചിക്കൻ പോക്സുകാരണം ഇന്ന് ഹോസ്റ്റുലുമടച്ചു.. സ്പെഷൽ പെർമിഷനിലു സ്റ്റേ ചെയ്യുന്നത് ( മുരുകനെ ചൂണ്ടി ) ഇവനടക്കം രണ്ടു മൂന്നു  പിള്ളേരു മാത്രം..”

പ്രസാദ് : “ ആ ബെസ്റ്റ്.. എന്നിട്ട്ണ്.. ( മുരുകനോട് ) ഡാ ശവി .. നിൻക്കപ്പതെട്ത്ത് അവള്ക്ക്  കൊട്ത്താ പോരായിര്ന്നാ ?”

റിജോ : “ ഒവ്വ.. അവനെന്നിട്ട് രണ്ടു കാലീ നടക്കുമോ ?”

സീൻ 84.

ഒരു ലാബിന്റെ മുൻവശം.. കുട്ടികളെല്ലാം പ്രാക്ടിക്കൽ എക്സാമിനുള്ള തയ്യാറെടുപ്പിൽ.. റിജോ ഒഴിച്ച് എല്ലാവരുമുണ്ട്.

പ്രസാദ് വീണയോട് : “ കിട്ടിയോടീ ?”

വീണ  (ദു:ഖവും അമർഷവും നിറഞ്ഞ ഭാവത്തിൽ ) : “ഇല്ല..”

പ്രസാദ് : “ പ്രാന്തൻ.. നീ പേടിക്കണ്ട.. അവൻ തരും.. ഇല്ലെങ്ങെ അവനുമായുള്ള കമ്പനി ഇതോടെ ഞാൻ വെട്ടും..”

മുരുകൻ വഴിയിലേക്ക്  തല ചൂണ്ടി : “ ദേ.. അവൻ വരുന്നുണ്ട്..”

ദൂരെ നിന്ന് ലാഘവത്തോടെ നടന്നു വരുന്ന റിജോ. കൈയ്യിൽ ആ റെക്കോഡ്  ഇട്ട് കറക്കുന്നുണ്ട്.

സീൻ 85

റിജോ ആ റെക്കോഡ് നീട്ടി കൊണ്ട് : “ ഇന്നാ.. ഞാനായിട്ട്  ടോപ്പറെ  മുടക്കീന്ന് വേണ്ട.. നിന്നെ പോലെ ഊളയല്ല  ഈ റിജോ”

വീണ ( മുഖത്ത് നിശ്ചയ ദാർഢ്യം ) : “ ഞാനിപ്പോ ഇത് വാങ്ങിയില്ലെങ്കി നീയെന്ത് ചെയ്യും ?”

റിജോ : “ വാങ്ങിച്ചില്ലെങ്കിൽ ഞാനൊന്നും ചെയ്യില്ല.. പക്ഷെ നീയെന്തെങ്കിലും ചെയ്യേണ്ടി വരും..”

വീണ : “ എന്നാ ഞാൻ ചെയ്യേണ്ടത് ചെയ്തിട്ടുണ്ട് ..നീ തന്നെ അതെടുത്ത് നിന്റെ മുന്നൂറ്റി മൂന്നാം നമ്പർ മുറിയിൽ കൊണ്ടു വച്ച് പുഴുങ്ങി തിന്ന്.. ആവശ്യമുള്ളപ്പോ ഞാൻ വന്നെടുത്തോളാം..”

അവളുടെ  ഭാവമാറ്റം കണ്ട് അമ്പരന്ന് നിൽക്കുകയാണ്  മൂവരും. പക്ഷെ ജെസ്സിയുടെ ചുണ്ടിൽ മാത്രം ഗൂഢമായ പുഞ്ചിരി

റിജോ അവളുടെ ഭാവമാറ്റം  പിടി കിട്ടതെ പരുങ്ങലോടെ : “ എന്നാ ഇത് എന്റെ കൈയ്യീ തന്നെ ഇരിക്കട്ടേ, അല്ലേടാ..” അവൻ സൂത്രത്തിൽ അത് ആ റെക്കോഡ് തന്നെയല്ലേ എന്ന് പരിശോധിക്കുന്നുണ്ട്..

പിന്നെ സാവധാനം ബാഗ് തുറന്ന് ( അവൾ ചോദിക്കും എന്ന പ്രതീക്ഷയിൽ )  റെക്കോഡ് തിരികെ  വെക്കുന്നു. അതിനിടയിൽ അദ്ധ്യാപകർ വന്ന് ലാബ് തുറക്കുന്നുണ്ട്. കുട്ടികൾ ലാബിനുള്ളിലേയ്ക്ക്. വീണയും  ഉള്ളിൽ കയറി കഴിഞ്ഞു.
അന്തം വിട്ട് പരസ്പരം നോക്കുകയാണ് മൂവരും.

അകത്തേയ്ക്ക് കയറുമ്പോൾ അടക്കിയ സ്വരത്തിൽ  ജെസ്സി : “ അവൾ വേറെ റെക്കോഡ് എഴുതി എല്ലാവര്ടേം സൈൻ മേടിച്ചു മണ്ടമ്മാരെ..”

ആ വാർത്തയിൽ പകുതി വാ തുറന്ന് അതേ നില്പ് തുടരുകയാണ് റിജോ.

മുരുകന്റെയും  പ്രസാദിന്റെയും  മുഖത്ത് സാവധാനം വിരിയുന്ന പുഞ്ചിരി.

അകത്തേയ്ക്ക് നടക്കുമ്പോൾ പ്രസാദ് : “ മോനേ.. ശശീ.. വാ.. വന്ന് പരീഷയെഴുത്.. അവളു പുലിയാടാ മോനേ.. നമ്മളൊന്നും മുട്ടാറായിട്ടില്ല..”

ഏറ്റവും പുറകിൽ, അതെല്ലാം ശ്രദ്ധിച്ച്,  അകത്തേയ്ക്ക് കയറുന്ന സംഗീതാണ് അവസാനമായി സീനിൽ..

സീൻ 86

ലാബിനു പുറത്ത് ഒരു മരച്ചുവട്ടിൽ റിജൊ, മുരുകൻ, പ്രസാദ്.

റിജോ : “ ദേ.. അവളു വരുന്നുണ്ട്.. ഡാ.. എനിക്കിച്ചിരി വിഷം വാങ്ങി താ..”

വീണയും ജെസ്സിയും അവർക്കരികിലേക്ക് നടന്നെത്തുന്നു.

എത്തിയയുടൻ അവന്റെ കൈ പിടിച്ച് കുലുക്കി വീണ : “ താങ്ക്യൂ റിജോ.. ഇത്രേം നന്നായി ഒരു പ്രാക്ടിക്കൽ എക്സാമും ഞാൻ അറ്റന്റ് ചെയ്തിട്ടില്ല.. ഇതിന്റെ മാർക്ക് ഞാൻ നിനക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു..”

റിജോ ചമ്മി നാറിയ മുഖഭാവത്തോടെ എന്തോ പറയാൻ തുടങ്ങുമ്പോൾ പ്രസാദ് : “ എടിയെടീ.. ശവത്തിൽ കുത്തി  ഊഞ്ഞാലാടല്ലേ..”

വീണ : “ അതു കൊള്ളാം..ഇപ്പോ വാദി പ്രതിയായോ ?.. എന്തായാലും റിജോ, നീ കഷ്ടപ്പെട്ട് അടിച്ചു മാറ്റിയതല്ലേ.. അവിടെ തന്നെ വെയ്ക്ക്..എടുക്കാൻ പറ്റിയ ഒരാളെ കിട്ടുമോന്ന് ഞാനൊന്ന് നോക്കട്ടെ..”

മുരുകൻ  : “ നീയവന്റെ പുക കണ്ടേ അടങ്ങു അല്ലേ ?”

റിജോ പുതിയ ആവേശത്തോടെ : “ റിയലി ? ചലഞ്ച്.. ഈ റെക്കോഡ്  ഞാനറിയാതെ എന്റെ മുറിയിൽ നിന്ന് അടിച്ചു മാറ്റിയാൽ പാതിമീശ വടിച്ച് ഞാൻ നിന്റെ മുമ്പിൽ വരാം..”

പ്രസാദ് : “ ഹും.. അവനു കിട്ടിയതൊന്നും പോര.. എടാ.. മുഴുവൻ മീശ വച്ചിട്ടും നിന്നെ ഒരു ലുക്കുമില്ല.. പിന്നെ പകുതിമീശയുടെ കാര്യം പറയണോ ?”

വീണ : “ കണ്ടോ..ഇതാണ് ഇവന്റെ കുഴപ്പം.. ഒരു   മെയ്ല് ഷോവനിസ്റ്റ് മൈന്റ്. ഇത്തിരി സോഫ്റ്റാണെന്നെയുള്ളൂ.. സംഗീതിന്റെ  മറ്റൊരു പകർപ്പാണിവനും....”

ജെസ്സി : “ അതു ശരിയാ..ഇവനെന്താണിങ്ങനെ ?”

റിജോ : “ ഓ.. ഇനിയിപ്പോ നിന്റെ സ്വഭാവസർട്ടിഫിക്കറ്റൊന്നും എനിക്ക് വേണ്ട.. യേസ്  ഓർ നോ..അതു പറ..”

വീണ  ചിരിയോടെ : “ ഓ.. അതാണോ പറയേണ്ടത് ?.. യേസ് ഓർ നോ.. മതിയോ ?”

റിജോ : “ ദെൻ  ദേർ ഈസ് എ യെസ്..”

വീണ : “ യെസ്.. ദേർ ഈസ്  എ യെസ് ഇൻ യെസ് ഓർ നോ..”

പ്രസാദ്  : “ പാവം. കാലത്തൊന്നും കഴിച്ചിട്ടില്ല... വിശപ്പ് മൂത്ത് വട്ടായതാ.. എടിയേ.. അവനു ആദ്യം തന്നെ വയറു നിറയെ എന്തെങ്കിലും വാങ്ങിച്ചു കൊടുക്ക്..”

സീൻ 87

കോടതി മുറി. ഇൻ ക്യാമറ സംവിധാനങ്ങൾ

റിജോ വിസ്താരക്കൂടിൽ, വീൽ ചെയറിൽ . നടുവിനു പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.. പ്രതിക്കൂട്ടിൽ മുരുകൻ, സംഗീത്, രണ്ട് ക്രിമിനൽ ഛായയുള്ള രണ്ട് ചെറുപ്പക്കാർ. വീണ, ഒരു പോലീസുകാരി, വക്കീലന്മാർ എന്നിവർ ഇരിക്കുന്നു.

പ്രോസിക്യൂട്ടർ : “ പറയൂ മിസ്റ്റർ റിജോ. ഇപ്പോൾ ബഹുമാനപ്പെട്ട കോടതി അംഗീകരിച്ച മാപ്പുസാക്ഷിയാണ് നിങ്ങൾ...സത്യം മാത്രമെ കോടതി മുമ്പാകെ ബോധിപ്പിക്കാവൂ... പരാതിക്കാരി മെൻസ് ഹോസ്റ്റലിൽ എത്തിയിട്ടുണ്ടെന്ന് , അപ്പോൾ മറ്റൊരു  പ്രൈവറ്റ് ഹോസ്റ്റലിലായിരുന്ന  നിങ്ങൾ  എങ്ങനെയാണ് അറിഞ്ഞത് ?”

റിജോ ഒന്ന് മടിച്ച് : “ അത്.. മുരുകൻ വിളിച്ചു പറഞ്ഞു..”

പ്രോസിക്യൂട്ടർ : “ എങ്ങനെ വിളിച്ചു പറഞ്ഞു ? ഹോസ്റ്റലിനു മുകളിൽ കയറി നിന്ന് വിളിച്ചു കൂവിയോ ?”
റിജോ : “ അല്ല.. മൊബൈൽ ഫോണിൽ വിളിച്ചു പറഞ്ഞു..”

പ്രോസി : “ ആരുടെ മൊബൈൽ ഫോണിലേക്ക്  വിളിച്ചു ? ആരുടെ മൊബൈലിൽ നിന്ന് ?”

റിജോ : “ എന്റെ മൊബൈൽ ഞാനവനെ ഏല്പിച്ചിരുന്നു..അതിൽ നിന്ന് കൈരളി ഹോസ്റ്റലിലെ ഷിജുവിന്റെ  മൊബൈലിലേക്ക് വിളിച്ചു. അവന്റെ റൂമിലാണ് ഞാനവിടെ താമസിച്ചിരുന്നത്..”

പ്രോസി : “ അങ്ങനെ ചെയ്യാനല്ലേ നിങ്ങൾ ആവശ്യപ്പെട്ടിരുന്നത് ?”

റിജോ : “ അതെ”

പ്രോസി : “ പ്ലീസ് നോട്ട് ദാറ്റ് യുവർ ഓണർ.. മൂന്നാം പ്രതിയായ  റിജോ, പരാതിക്കാരി ഹോസ്റ്റലിലെത്തിയാൽ തന്നെ വിളിക്കണമെന്ന് രണ്ടാം പ്രതി മുരുകനെ മുൻകൂട്ടി ചട്ടം കെട്ടിയിരുന്നു. അതിൻ പ്രകാരമാണ് പരാതിക്കാരി ഹോസ്റ്റലിൽ എത്തിയ ഉടനെ  രണ്ടാം പ്രതി , മെൻസ് ഹോസ്റ്റലിൽ നിന്ന് അര കിലോമീറ്ററോളം ദൂരെയുള്ള കൈരളി എന്ന പ്രൈവറ്റ് ഹോസ്റ്റലിൽ താമസിക്കുന്ന  മൂന്നാം പ്രതിയെ രാത്രി രണ്ടു മണിയ്ക്ക് വിളിയ്ക്കുന്നത്..”

ജഡ്ജ് : “ ഞാനാശ്ചര്യപ്പെടുകയാണ്.. മൊബൈൽ ഫോൺ സർവീസ് നാട്ടിൽ ലോഞ്ച് ചെയ്തിട്ട് നാലഞ്ചു മാസം ആകുന്നതേയുള്ളു.. അപ്പോഴേയ്ക്കും തുടങ്ങി മിസ് യൂസ്..”

പ്രോസി : “  അപ്പോൾ പറയൂ മിസ്റ്റർ റിജോ.. തുടർന്നെന്താണുണ്ടായത്..?”

റിജോ : “ അവന്റെ ഫോൺ വന്നയുടനെ ഞാൻ ഹോസ്റ്റലിലേക്ക് പോയി..”

പ്രോസി : “ എങ്ങനെ പോയി ?.. നിങ്ങൾ തനിച്ചാണോ പോയത് ?..അതാരെങ്കിലും കണ്ടിരുന്നോ ?”

റിജോ : “ എന്റെ ബൈക്കിൽ.. തനിച്ചാണു പോയത്. ആരും കണ്ടില്ല...”

പ്രോസി : “ കോൾ വന്നത് ഷിജു എന്നയാളുടെ ഫോണിലല്ലേ ? അയാളും അറിഞ്ഞില്ല ?”

റിജോ : “ അവൻ നല്ല ഉറക്കമായിരുന്നു..”

പ്രോസി : “ ഒ കെ.. എന്നിട്ട് നിങ്ങളെങ്ങനെ ഹോസ്റ്റലിനുള്ളിലെത്തി ? മതിൽ ചാടി കടന്നോ ?”

റിജോ : “ അല്ല.. ബൈക്ക് റോഡിൽ വച്ച് നടന്നു പോയി.. എം എച്ചിലെ ഗേറ്റ് അടക്കാറില്ല.”

പ്രോസി : “ അടച്ചാലും നിങ്ങൾ ആമ്പിള്ളേർ തുറക്കും അല്ലേ.. വാച്ച്മാനും പരമസുഖം.. മൂടിപ്പുതച്ച് കിടന്നുറങ്ങാം..”

റിജോ മറുപടിയൊന്നും പറയാനില്ലാതെ.

പ്രോസി : “ ഒ കെ.. എന്തിനാണു  ബൈക്ക് റോഡിൽ വച്ചത് ?  ആരും ശബ്ദം കേൾക്കാതിരിക്കാനാണോ ?”

റിജോ മൗനം പാലിക്കുന്നു.

പ്രോസി : “ പറയൂ  റിജോ .. ആരും ശബ്ദം കേൾക്കാതിരിക്കാനല്ലേ ബൈക്ക് റോഡിൽ തന്നെ വച്ച് നൂറുമീറ്ററോളം നടന്ന് തന്നു നിങ്ങൾ ഹോസ്റ്റലിൽ പോയത് ?”

റിജോ : “ അതെ..”

പ്രോസി : “ എന്നിട്ട് ഷട്ടർ തുറന്ന് നിങ്ങൾ എങ്ങനെ ഹോസ്റ്റലിനു അകത്തു കടന്നു ??”

റിജോ : “ ഷട്ടർ പൂട്ടിയിരുന്നില്ല..”

പ്രോസി : “ ഓ..ഞാനതു മറന്നു.. മെൻസ് ഹോസ്റ്റൽ..മെൻസ് ഹോസ്റ്റൽ.. ഷട്ടർ അടയ്ക്കാൻ പാടില്ലല്ലൊ.. ഒ കെ ഒ കെ..  എന്നിട്ട് മുകളിലെത്തിയപ്പോൾ നിങ്ങൾ എന്താണ് കണ്ടത് ? ”
റിജോ : “  മുറിയിൽ എത്തുമ്പോൾ..
..”
 



അടുത്ത ലക്കം ഇവിടെ >> scene 88 to scene 96
 

12 comments:

  1. ആദ്യം വായിച്ചൊ എന്നറിയില്ല... ആദ്യം കമന്‍റ് എഴുതുന്നു... ഒരു വല്ലാത്ത സ്ഥലത്ത് നിറുത്തി... അടുത്ത ഭാഗം ഉടനെ വരട്ടെ...

    ReplyDelete
  2. ശരിക്കും സിനിമയെഴുത്ത് പഠിച്ചിട്ടുണ്ടോ. അന്നു കണ്ടപ്പോള്‍ ചോദിക്കാന്‍ വിട്ടുപോയി.
    തിരക്കഥയെഴുതാന്‍ പഠിച്ച ഒരാളുടെ രചനപോലുള്ള സാങ്കേതിക്കത്തികവാണ് എന്നില്‍ ഈ സംശയമുണര്‍ത്തിയത്

    ReplyDelete
  3. മാസത്തിൽ ഒരു അദ്ധ്യായം ആയതു കൊണ്ട് പഴയ അദ്ധ്യായങ്ങൾ മറന്നു പോകുന്നു... പുതിയ അദ്ധ്യായം വായിക്കണമെങ്കിൽ ഒന്ന് കൂടി പിന്നിലേക്ക്‌ വായിച്ചു നോക്കേണ്ടി വരുന്നു...

    ഈ പോരായ്മ ഒഴിച്ചാൽ ഒരു സിനിമ കാണുന്ന രീതിയിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്... നല്ലൊരു ക്യാമ്പസ് സിനിമ...

    ആശംസകൾ..

    ReplyDelete
  4. ഹാ, ഞാന്‍ കഴിഞ്ഞ ലക്കത്തില്‍ ട്വിസ്റ്റ് ചോദിച്ചതേയുള്ളു
    വന്നല്ലോ ട്വിസ്റ്റ്.
    കഥ നല്ല സ്പീഡ് ആയി കേട്ടൊ. ഇങ്ങനെ തന്നെയങ്ങ് പോട്ടെ.

    ReplyDelete
  5. വല്ലാത്താ ഒരു സസ്പെൻസ് ആയി പോയല്ലോ.
    അടുത്ത സീന ഉടനെ പ്രതീക്ഷിച്ച് കൊണ്ട്...:)

    ReplyDelete
  6. പെട്ടെന്ന് പെട്ടെന്ന് വരട്ടെ ഇടവേളകള്‍ ഒഴുക്കിന് തടസം വരുത്തുന്നു. കുറെ എഡിറ്റ്‌ ചെയേണ്ടി വരുമെന്നൊരു സംശയം.

    ReplyDelete
  7. കൂറേ ആയതുകൊണ്ട് ഇനി ആദ്യം ഒന്ന് കൂടി വായിക്കണം

    ReplyDelete
  8. ഇവിടെ ഇങ്ങിനെ ഒരു സംഭവം നടക്കുന്നുണ്ടായിരുന്നോ.. ഞാന്‍ അറിഞ്ഞില്ല.
    ഇനിയിപ്പോ ആദ്യം മുതല്‍ വായിക്കേണ്ടി വരുമല്ലോ.

    ReplyDelete
  9. വായിച്ചു ട്ടോ മനോജേട്ടാ .. സസ്പെന്‍സ് പൊളിക്കട്ടെ ഞാന്‍ ? :))

    ReplyDelete
    Replies
    1. എന്റെ കഞ്ഞീൽ പാറ്റേനെ ഇടല്ലേ.. :)

      Delete
  10. ഇതിങ്ങനെ മുറിഞ്ഞു മുറിഞ്ഞു വരുന്നത് കാരണം ഒരു സുഖം കിട്ടുന്നില്ല വായനക്ക് ഇത് ചലച്ചിത്രം ആക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോന്നു നോക്കൂ അപ്പോളെ ഇത് ശരിക്ക് ആസ്വദിക്കാന്‍ ആവൂ

    ReplyDelete
  11. ഇവിടെ ഇങ്ങനെ ഒരു സിനിമ രൂപം കൊള്ളുന്നത്‌ അറിയാന്‍ വൈകി;
    അത്ര കുറവല്ലാത്ത ത്രില്ലോടെ ഈ ലക്കം വായിച്ചു; മുന്‍ ലക്കങ്ങള്‍ കൂടി പോയി നോക്കാട്ടെ, എന്നിട്ട് പറയാം അഫിപ്രായം... പോരെ !!
    ഈ സിനിമേല്‍ വേണേല്‍ ഞാന്‍ അഫിനയിക്കാം; നിര്‍ബന്ധിച്ചാല്‍ മാത്രം, കടം പറയരുത് പ്ലീസ്..

    ReplyDelete