Monday, December 23, 2013

scene 97 to scene 105.



സീൻ 97
റിജോയുടെ കാർ. പുറത്ത്  ഇടപ്പള്ളി അടുത്തു തുടങ്ങിയതിന്റെ ലക്ഷണങ്ങൾ.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ, മുരുകൻ കാണാതെ മൊബൈൽ എടുത്ത്  റെക്കോഡിങ്ങ് ഫങ്ഷനിലിട്ട് തിരികെ വെച്ച ശേഷം  റിജോ : “ എനിക്കാകെ ഒരു കാര്യമേ ഇനി അറിയാനുള്ളൂ. ഒരൊറ്റ കാര്യം.. എന്തിനായിരുന്നു അവൻ നിനക്കന്ന് പൈസ തന്നിരുന്നത് ? അതും ഞങ്ങളൊന്നും അറിയാതെ  അമ്മയുടെ അക്കൗണ്ടിൽ ?

മുരുകൻ : “ അതൊക്കെ പറഞ്ഞിട്ട് ഇനി  എന്തിനാടാ ?  കഴിഞ്ഞതൊക്കെ കഴിഞ്ഞു. അതൊക്കെ പോസ്റ്റ് മോർട്ടം നടത്തിയിട്ട് എനിക്കോ നിനക്കോ ഒന്നും കിട്ടാനില്ല


റിജോ : “ ഓഹോ.. അങ്ങനെയാണോ”  (വണ്ടി സാവധാനം സൈഡിലൊതുക്കിയിട്ട്) “  എങ്കിൽ, അതൊന്നുമറിയാതെ, നിന്റെ ഫ്രണ്ടായി അവനെ കാണാൻ പോകുന്നതിലും എന്തെങ്കിലും അർത്ഥമുണ്ട് എന്ന് ഞാൻ കരുതുന്നില്ല.. ഞാൻ തിരിച്ച് പോകുന്നു..”

മുരുകൻ : “ നിന്നെ കൊണ്ട്  തോറ്റു. എടാ, അതിത്ര പറയാൻ മാത്രമൊന്നുമില്ല.  അപ്പ മരിച്ചേ പിന്നെ അവനെന്നെ ഫിനാൻഷ്യലി  സഹായിക്കാറുണ്ടായിരുന്നു. അതുകൊണ്ടാ കനിയുടെ പഠിപ്പ് നടത്തിയിരുന്നത്”

റിജോ : “ ഓഹോഹോ
അങ്ങനെ വരട്ടെ..എന്റെ ഊഹം തെറ്റിയില്ല.. അപ്പോ അതാണ് ആ പരട്ട വക്കീല് കേസെല്ലാം നിന്റെ തലയിൽ കെട്ടി വെച്ചിട്ടും നിനക്ക് അവനോടൊരു സോഫ്റ്റ് കോർണർ..”

വണ്ടി മുന്നോട്ടെടുക്കാൻ തുനിഞ്ഞ് വീണ്ടും  നിർത്തി കൊണ്ട് റിജോ : “ അപ്പൊ അതാണ് അവൻ നിന്നെക്കൊണ്ട് അസൈന്റ്മെന്റ്സും റെക്കോഡുമെല്ലാം എഴുതിച്ചിരുന്നതിന്റെ പിന്നിലെ രഹസ്യം.. എടാ.. അതിന്റെയെല്ലാം ഒരു കൂലിയായി കൂട്ടിയാ പോരേ അതിനെ ? എത്ര  വെച്ചുണ്ടാവും ? .. അഞ്ഞൂറ് ? ആയിരം ?  അവന്റെ അണ്ടർവെയർ വരെ കഴുകിച്ചിട്ടില്ലേ നിന്നെ കൊണ്ട് ? എന്നിട്ട് അവസാനം തന്ന പണിയോ ?  കോടതീൽ അതും പറഞ്ഞ് ആ തെണ്ടി വക്കീൽ കത്തി കയറുമ്പോ അവന്റെ ആ ആക്കിയ ചിരിയുണ്ടായിരുന്നല്ലൊ.. അതിപ്പോഴും എന്റെ മനസ്സിലുണ്ട്.. പരമചെറ്റ..”

മുരുകൻ : “ ഒക്കെ  ശരിയാണ്. തന്നതിനു ഇരട്ടി പണി അവൻ ചെയ്യിച്ചിട്ടുണ്ട്. എന്നാലും, ഒന്നു വീട്ടിൽ വരാനും  അതെങ്കിലത് സഹായിക്കാനും അവനല്ലേ തോന്നിയുള്ളൂ ?  പക്ഷേ അതൊന്നുമല്ല ഞാനാലോചിച്ചത്. . മരിക്കാൻ കിടക്കുന്ന ഒരാൾ ഇങ്ങനെയൊരാഗ്രഹം പറയുമ്പോ. ചെയ്തതെല്ലാം തെറ്റാണെന്ന് ഫോണിലൂടെ കരഞ്ഞ് മാപ്പു ചോദിക്കുമ്പോ..”

റിജോ : “ ശരിയാണ്.. ഞങ്ങളൊന്നും അന്നത് ശ്രദ്ധിച്ചില്ല..തെറ്റു തന്നെ.. അന്നത്തെ പ്രായം അതല്ലേടാ..മറ്റൊരു ചിന്തയുമില്ല
നിലാവത്ത് കോഴിയെ അഴിച്ചിട്ട പോലെ ഇങ്ങനെ നടക്കുക തന്നെ.. അതു പോട്ട്.. അവൻ  തന്നു. .  എന്നുവെച്ച് ? ..നീയാര് ? ഗബ്രിയേൽ മാലാഖയോ ചാവാൻ കിടക്കുന്നവരുടെ ആഗ്രഹമെല്ലാം സാധിച്ചു കൊടുക്കാൻ അവൻ തന്നെങ്കിലും അതിന്റെ പത്തിരട്ടി പണിയും എടുപ്പിച്ചിട്ടുണ്ട്...എന്തായാലും ഞാനങ്ങോട്ട് ഇല്ല.. എനിക്കാ പരനാറിയുടെ മുഖം കാണണ്ട..ഞാനിവിടെ എത്തിയിട്ടുണ്ടെന്ന് നീയവനോട് പറയുകയും  വേണ്ട.”

സീൻ 98

രാത്രി. റിജോയുടെ വീട്. അടുക്കള.  വാതിൽ അകത്തു നിന്നും ചാരിയിരിക്കുകയാണ്. വീണ പാചകത്തിലാണ്. അവൾക്കു തൊട്ടു പുറകിൽ, വീൽ ചെയറിൽ റിജോ. അവന്റെ കൈയ്യിൽ മൊബൈൽ ഫോൺ ഉണ്ട്.

റിജോ ശബ്ദം താഴ്ത്തി : “ ഇപ്പോ നിനക്കെല്ലാം വിശ്വാസമായല്ലൊ
ഞാൻ പറഞ്ഞില്ലായിരുന്നോ അതിന്റെയെല്ലാം പിന്നിൽ  നമ്മളറിയാത്ത എന്തെങ്കിലും കഥയുണ്ടാവുമെന്ന്.. പാവം കേട്ടതാണല്ലൊ, എല്ലാം തുറന്നു പറയാൻ നിന്റെ വീട്ടിലെത്തിയപ്പോൾ നിന്റെ പട്ടാളക്കാരൻ തന്തയും  മാമന്മാരും ആ പാവത്തിനെ ഇടിച്ചു  പഞ്ചറാക്കിയത്.. രണ്ടു വർഷത്തെ  പണിഷ്മെന്റ് കഴിഞ്ഞ് ഇറങ്ങിയിട്ടും അവനെ വെറുതെ വിട്ടോ ? കാര്യം എനിക്കും  ദേഷ്യമുണ്ടായിരുന്നു. അന്നത്തെ അവസ്ഥേലു ഞാനും കുറച്ച് സെൽഫിഷ് ആയി പോയി എന്നുള്ളതും സത്യം.. പക്ഷെ, നമ്മളൊന്നുമറിയാതെ നിന്റെ അച്ഛനും കൂട്ടരും ഇങ്ങനെ ചില പണികൾ ചെയ്തുവെച്ചിട്ടുണ്ടെന്ന് കേട്ടപ്പോ എന്റെ ചങ്കു തകർന്നു പോയി അവനൊരു പാവമാടീ..പച്ചപ്പാവം..”

വീണ നിശബ്ദയാണ്. യാന്ത്രികമായി  കറി ഇളക്കി കൊണ്ടിരിക്കുമ്പോഴും അവളുടെ മുഖത്ത് കുറ്റബോധം തെളിയുന്നുണ്ട്.

സീൻ 99

 വീടിന്റെ സ്വീകരണമുറി. ടി വി യിൽ കാർട്ടൂൺ. അടുക്കളയിൽ നിന്ന് റിജോയുടെ അവ്യക്ത സംഭാഷണം കേൾക്കുന്നുണ്ട്. റിജോയുടെ മൂന്നു വയസ്സുകാരി  മകളുമായി സോഫയിലിരുന്ന്  പന്തെറിഞ്ഞു കളിക്കുകയാണ് മുരുകൻ. കുട്ടിയോട് പ്രസന്നതയോടെ ഇടപെടുമ്പോഴും ഒരു വിഷാദം അവനെ ചൂഴ്ന്നു നിൽക്കുന്നുണ്ട്.

സീൻ 100


എല്ലാവരും ഊൺ ‌മേശയ്ക്കു മുമ്പിൽ.

ചോറ് പ്ലേറ്റിലേക്കിടുന്നതിനിടയിൽ വീണ : “ എന്നാലും അവിടം വരെ പോയ നിലയ്ക്ക് ഒന്നു കേറിയിട്ട് പോരാമായിരുന്നു റിജോ..”

റിജോ : “ ഓ.. എന്നാത്തിനാ..ഇനിയിപ്പോ അവന്റെ കുമ്പസാരം കേട്ടിട്ട് ( കാലുകളിലേക്ക് മിഴി ചൂണ്ടി ) ഇതിനൊക്കെ രണ്ടാമത് ജീവൻ വെക്ക്വോ ? വണ്ടിയിലിരുന്ന് ഇത്രേം ദൂരം പോയത് അവന്റെ ഗുണവെതികാരം കേക്കാനല്ല, ഇവന്റെ വായീന്ന് സത്യം മനസ്സിലാക്കാനാ..”
വീണ കുറച്ചു കറിയെടുത്ത് മുരുകന്റെ പ്ലേറ്റിലേക്ക് പകർന്നു കൊണ്ട് : “ മുരുകൻ ഒന്നും കഴിച്ചില്ലല്ലൊ”

കുട്ടി പെട്ടന്നു എഴുന്നേറ്റ് നിന്ന്  : “ ചിക്കൻ എനിക്കും ഇച്ചിരി താ മമ്മീ.. എല്ലാം എന്താ അങ്കിളിനുമാത്രം കൊടുക്കുന്നേ..”

എല്ലാവരും പൊട്ടിച്ചിരിക്കുന്നു.

റിജോ  ചിരിയോടെ  : “ മമ്മിയ്ക്കിനി നമ്മളെയൊന്നും വേണ്ട മോളേ
പശ്ചാത്താപമാ.. പശ്ചാത്താപം..”

മുഖത്തെ ചിരി മാഞ്ഞ്, റിജോയെ ചോദ്യഭാവത്തിൽ നോക്കുന്ന മുരുകൻ. റിജോയ്ക്ക് പ്രസന്നഭാവം തന്നെ.  റിജോയെ രൂക്ഷമായി നോക്കുന്ന വീണ.

സീൻ 101

അവരൊരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. വീണ കുട്ടിയെ ഡ്രെസ്സ്  മാറിക്കാനുള്ള ശ്രമത്തിലാണ്. ഉടുപ്പെല്ലാം അഴിച്ച് ചെരുപ്പ് മാത്രമിട്ട് അവൾക്കരികിൽ നിന്ന് കുതറിയോടുന്ന മകൾ “ വേണ്ട വേണ്ട.. ഷൂ വേണ്ട.. ഈ ചെരിപ്പ് മതി.. ചെരിപ്പ് മതി


അതു നോക്കി ചിരിച്ചു കൊണ്ട് റിജോ : “ കണ്ടോടാ.. ഇപ്പോഴത്തെ പിള്ളാർക്കൊക്കെ മദാമ്മമാരുടെ ശീലമായി പോയി.. നാണം മുഴുവൻ ഉപ്പൂറ്റിക്കടിയിലാ.. ബാക്കിയെല്ലാം അഴിച്ചാലും ചെരുപ്പ് മാത്രം ഊരുകേല..”

പൊട്ടിച്ചിരിച്ച്, തന്റെ ട്രാവൽ ബാഗുമായി  റിജോയുടെ വണ്ടിക്കരികിലേക്ക് നീങ്ങുന്ന  മുരുകൻ ശബ്ദം താഴ്ത്തി അവന്റെ ചെവിയിൽ : “ നീയ്യിപ്പോഴും അതൊന്നും നിർത്തിയിട്ടില്ലേ വൃത്തികെട്ടവനേ ?”

റിജോ : “  നിന്നെ പോലെ മുട്ടിനു മുട്ടിനു കിട്ടുന്നവർക്കൊന്നും ഒരു ഉത്തമഭർത്താവിന്റെ ധർമ്മസങ്കടം പറഞ്ഞാ മനസ്സിലാവുകേല..”

മുരുകൻ വീണ്ടും പൊട്ടിച്ചിരിക്കുന്നു.

അവരെ സംശയത്തോടെ തറപ്പിച്ചു നോക്കുന്ന വീണ.

മുരുകൻ : “ ആ..അതുപോട്ടെ.. എന്താ ഇനിയത്തെ പ്ലാൻ എന്നു പറഞ്ഞില്ല..”

റിജോ : “ അതൊക്കെയുണ്ട്..നയൻ തേർട്ടിക്ക് നിന്നെ റെയില്‌വേ സ്റ്റേഷനിലെത്തിച്ചാ പോരേ ? അതുവരെ എനിക്കു വിട്ടു താ.”

സീൻ 102


എഞ്ചിനീയറിങ്ങ് കോളേജിലേക്ക് വണ്ടി ഓടിച്ചു കയറ്റുന്നതിനിടയിൽ റിജോ : “ ഞാൻ പറഞ്ഞില്ലേ മോനേ, ഗേറ്റ് അടച്ചിട്ടുണ്ടാവില്ലെന്ന്..പാർട്ട് ടൈം കാർക്ക് ക്ലാസുള്ളതല്ലേ.. മ്മടെ ബാബുസാറൊക്കെ ചിലപ്പോ ക്ലാസിലുണ്ടാവും..വിളിക്കണോ ?”

മുരുകൻ : “ പ്ലീസ്.. വേണ്ട..
അവരെയൊന്നും ഫേസ് ചെയ്യാൻ  വയ്യ..”

വണ്ടി സാവധാനം ഗ്രൗണ്ടിനരികെയുള്ള അവരുടെ മരച്ചുവട്ടിലെത്തി.

ഇരുട്ടു പരന്ന് വിജനമായി കിടക്കുന്ന  ഗ്രൗണ്ടും പരിസരവും. അങ്ങിങ്ങായി ചില കെട്ടിടങ്ങളിൽ വെളിച്ചവും ആളനക്കവും കാണാനുണ്ട്.

ഡോർ തുറന്നിറങ്ങുമ്പോൾ വികാരവിക്ഷുബ്ദനായി മുരുകൻ : “ ഇനി ഒരിക്കലും ഇവിടെ കാൽ കുത്തില്ലെന്ന് കരുതിയിരുന്നതാണ്..”

കുട്ടി പുറത്തേക്കിറങ്ങി സ്റ്റേഡിയത്തിന്റെ പടവിൽ ചെന്നു നിന്നു : “ പപ്പാ.. അന്നു അവിടെയല്ലേ ( ഗ്രൗണ്ടിന്റെ നടുവിലേക്ക് ചൂണ്ടി ) ഐസ്ക്രീം പാർലർ ഉണ്ടായിരുന്നത്” അവൾ അതും പറഞ്ഞ് രണ്ടു പടികൾ താഴേക്കിറങ്ങി കഴിഞ്ഞു.

റിജോ  ഡോർ തുറന്ന് : “ മോളേ ഓടല്ലേ.. ഇപ്പൊ പാർലറും ഐസ്ക്രീമുമൊന്നുമില്ല.. അതന്നു എക്സിബിഷൻ ഉണ്ടായിരുന്നോണ്ടല്ലേ.”

വീണ ഡോർ തുറന്ന് മകളുടെ അടുത്തേക്ക് തിടുക്കത്തിൽ നടന്നു : “ അപ്പൂ..ഇവിടെ വാ..”

അമ്മ അടുത്തേക്ക് വരുന്നതു കണ്ടതോടെ കുട്ടി രണ്ടു പടവുകൾ കൂടി താഴേക്കിറങ്ങി. അവളെ പിടിക്കാനായി വീണയും.

മുരുകൻ അതൊന്നും അത്ര ശ്രദ്ധിക്കുന്നില്ല. അവൻ പതുക്കെ ആ മരച്ചുവട്ടിൽ ചെന്നിരുന്നു.

ആദ്യമൊന്ന്  പുറത്തേക്കിറങ്ങാൻ ആഞ്ഞെങ്കിലും റിജോ കാറിനുള്ളിൽ തന്നെ ഇരിപ്പ് തുടർന്നതേയുള്ളൂ.

റിജോ : “ എന്താടാ മിണ്ടാത്തത് ? നൊസ്റ്റി വന്നു മുറ്റിയോ ?”

മുരുകൻ : “ ഉം..”

റിജോ : “ എന്നോട് ദേഷ്യമുണ്ടോ എന്ന വളിപ്പൻ സെന്റിമെന്റ്സൊന്നും ഞാൻ ചോദിക്കുന്നില്ല. എല്ലാം ഞാനവളോടു പറഞ്ഞു. അവൾക്കും വിഷമമുണ്ട്..ബട്ട്.. എന്താണൊരു സൊലൂഷൻ ? .”

മുരുകൻ : “ എന്തു സൊലൂഷൻ ? ”

റിജോ : “ ഡൂ
…….ഡൂ യു വാണ്ട് ഹെർ ?.................. മോൾ ഒരു തടസ്സമാവില്ല.. അതു ഞാനുറപ്പു തരാം..”

മുരുകൻ എഴുന്നേറ്റ് അവനരികിലേക്ക് ചെന്ന്  കോപത്തോടെ : “ റബ്ബിഷ്.. എന്താ  നിന്റെ പ്രശ്നം റിജോ ? മറ്റേതോ വഴിക്ക് പോകേണ്ടിയിരുന്ന ഞാനാണ്.. പ്രസാദുമൊത്ത് നാടകം കളിച്ച് ഇവിടെ വരുത്തിയിട്ട് ഒരുതരം ഞഞ്ഞാമിഞ്ഞാ വർത്തമാനം പറയുന്നോ ? ഇതെന്താ പോത്തു കച്ചവടമാണോ ? പാസ്റ്റ് ഈസ് പാസ്റ്റ്.. എൻഡ് ഇറ്റ് വിൽ നെവർ കം ബാക്ക്..”  (വീണ  മകളേയുമെടുത്ത്  അരികിലേക്ക് വരുന്നത്  നോക്കി കൊണ്ട് പതുക്കെ) “ ദേ അവർ വരുന്നു.. ഡോണ്ട് ബി സില്ലി.. നിന്റെ ആ ചോദ്യം തന്നെ മനസ്സിൽ നിന്ന് മായ്ച്ചു കള


സീൻ 103


റെയില്‌വേ സ്റ്റേഷൻ പാർക്കിങ്ങ് ഏരിയ.
മുരുകൻ പുറത്തിറങ്ങി  സീറ്റിലിരിക്കുന്ന റിജോയോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. തോളിൽ അവന്റെ ബാഗുണ്ട്.
പുറത്തിറങ്ങി നിൽക്കുന്ന വീണയുടെ തോളിൽ കുട്ടി ഉറക്കം പിടിച്ചു കഴിഞ്ഞു.

റിജോ : “ ഇല്ലടാ..ഞാൻ വരുന്നില്ല.. ഇനിയിപ്പോ ആ പ്ലാറ്റ് ഫോം വരെ ഇതുമുരുട്ടി വന്നിട്ട് എന്നാ കിട്ടാനാ ? പത്തു പതിനഞ്ച് മിനിറ്റ് കഴിയുമ്പോ ട്രെയിൻ വരും, നീയങ്ങ് പോകും.  പിന്നെ ആ തിരക്കിനിടയിലൂടെ ഇതിങ്ങോട്ടുമുരുട്ടണം.. ദേ..ഇവളു വരുന്നുണ്ടല്ലൊ.. അതു മതി.”

മുരുകൻ വിഷണ്ണനായി : “ ഓ കെ.. ഞാൻ നിർബന്ധിക്കുന്നില്ല. പക്ഷെ എന്തായാലും ഈ ഡിസംബർ നിങ്ങൾ അവിടെയായിരിക്കും. അതിലൊരു മാറ്റവുമില്ല
.. ..( കൈ നീട്ടി ഷേക്ക് ഹാന്റ് കൊടുത്ത് ) അപ്പൊ അവിടെ വച്ച് കാണാം..”

റിജോ ( ആ കൈ പിടിച്ച് ആഞ്ഞു വലിച്ച് അവനെ തന്നിലേക്കടുപ്പിച്ച് ) : “ ഇങ്ങനത്തെ സീനിൽ ഒരു ഹഗ്ഗിങ്ങ് ഒക്കെയാവാമെടാ..”

കുനിഞ്ഞു നിന്ന് അവനെ പുണരുന്ന മുരുകൻ.

അവന്റെ പുറത്തു തഴുകി കൊണ്ട്  റിജോ : “ ഓ കേ ബൈ ദെൻ”
മുരുകൻ വീണ്ടും ഷേക് ഹാന്റ് നൽകി കൊണ്ട് : “ ഓ കെ ബൈ..സീ യൂ”

തിരിഞ്ഞു നടക്കുന്ന മുരുകനെ അനുഗമിക്കുന്ന വീണയോട് റിജോ : “ എടിയേ.. സംഭവമൊക്കെ ശരി.. പിണക്കവും മിസണ്ടർസ്റ്റാന്റിങ്ങുമെല്ലാം മാറി.. എന്നാലും ഈ ന്യൂ ജനറേഷൻ ഹൗസ് വൈവ്സ് ഒക്കെ ചെയ്യുന്ന പോലെ ഒരു മെസ്സേജങ്ങയച്ച്  പഴയ  ലവറിന്റെ കൂടെ വണ്ടി കേറി  പോയ്ക്കളയരുത്.. ഈ പാവം വഴിയാധാരമാകും..”

വീണ ഒരു നിമിഷം അതുകേട്ട് സ്തബ്ധയായി  പോകുന്നു. പിന്നെ സ്വാഭാവികത വീണ്ടെടുത്തു കൊണ്ട് : “ ശ്ശെടാ.. അതെങ്ങനെ നിനക്കു മനസ്സിലായി ?..  ട്രെയിനീ കേറിയിട്ട് ഒരു മെസ്സേജ് വിടാനായിരുന്നു എന്റെ പ്ലാൻ.. ഇനിയിപ്പോ അതിന്റെ ആവശ്യമില്ലല്ലോ..” (മുരുകന്റെ കൈ പിടിച്ചു കൊണ്ട് ) “ നീ വാ മുരൂ..ഇനി  നമുക്ക് ധൈര്യമായി പോകാം..”

ആ നീക്കത്തിൽ ഒരു ചമ്മിയ ചിരി ചിരിച്ച് മുരുകൻ

റിജോ സീറ്റിലിരുന്ന് കുലുങ്ങി കൊണ്ട് : “ എടിയെടീ എരണംകെട്ടവളേ.. നീ പിഴച്ചു പോയല്ലോടി.. ദേ കണ്ടില്ലേ,   കാറും കോളും തുടങ്ങി..      വഞ്ചി ച്ഛെ വണ്ടി ഇന്ന്  പുഴയ്ക്കൽ പാലത്തീന്ന്  മറഞ്ഞ് ഈ പഴനി വെള്ളം കുടിച്ചു ചാകും.. ..”

വീണ നടന്നെത്തിയേടത്തു നിന്ന് തിരിച്ചു നിന്ന് : “ ദാറ്റ്സ് ഫേറ്റ്.. ഒ കെ..ഗുഡ് ബൈ മിസ്റ്റർ പഴനീ.. ഞാനും പരീക്കൂട്ടിയും ഈ കെടാപ്പുറത്തൊന്ന് കറങ്ങട്ടെ.. അല്ലെങ്ങെ  പാടി പാടി നടന്ന് ലിവന്റെ കൊരവള്ളി അടിച്ചു പോകും..”

പൊട്ടിച്ചിരിക്കുന്ന റിജോ. വീണയും. ചിരിയിൽ പങ്കു ചേരുന്നുണ്ടെങ്കിലും മുരുകന്റെ ചമ്മൽ അപ്പോഴും  മാറിയിട്ടില്ല. 

സീൻ 104

പ്ലാറ്റ് ഫോമിലെ തിരക്കുകളിൽ നിന്ന് മാറി ഒരൊഴിഞ്ഞ ബഞ്ചിൽ അവർ ഇരുവരും. അങ്ങിങ്ങായി ചില യാത്രക്കാരുണ്ട്.

ട്രെയിൻ എത്തി ചേരുന്നതിന്റെ അനൗൺസ്മെന്റ്.

വീണ : “ നിനക്കെന്തു തോന്നുന്നു, റിജോ അതു വെറും തമാശയ്ക്ക് പറഞ്ഞതാണെന്ന് തോന്നുന്നുണ്ടോ?”

മുരുകൻ : “ ഇല്ല..”

വീണ ( ദീർഘ നിശ്വാസത്തോടെ ) : “ ഞാനാണന്ന്  അന്ന് അങ്ങനെയൊരു പ്രോപോസൽ വെച്ചത്.. അവനാദ്യമൊന്നും സമ്മതിച്ചില്ല. നിന്റെ പാർട്ട് കൂടി  കേൾക്കാതെ ഒരു തീരുമാനമെടുക്കരുതെന്ന്  പറഞ്ഞു.. നിന്നെ  കുറെ സ്ഥലത്തൊക്കെ തപ്പുകയും ചെയ്തു..ബട്ട് നീ മിസ്സിങ്ങ് ആയിരുന്നു. അതുകൂടി കേട്ടപ്പോ എന്റെ ഡിസിഷൻ ഒന്നുകൂടി സ്റ്റേണായി..ബട്ട്, അച്ഛൻ ഇങ്ങനെയൊരു ചീപ്പ്നെസ് കാണിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. അങ്ങനെയായിരുന്നില്ല, ഇതു കേൾക്കുന്നതു വരെ അച്ഛനെ കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണ..  ഐയാം റിയലി സോറി ഫോർ ദാറ്റ്.”

മുരുകൻ : “ ലീവ് ഇറ്റ് വീണ.. നിങ്ങൾ ഒരുമിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാളാണു ഞാൻ.. എന്റെ   മണ്ടത്തരം മൂലം ഏറ്റവും വലിയ നഷ്ടങ്ങൾ ഉണ്ടായത് നിങ്ങൾക്കു രണ്ടു പേർക്കുമാണ്. ദാറ്റ്സ് ഗോഡ്സ് ഡിസിഷൻ.  ഒരു പക്ഷെ നിങ്ങളിൽ  ആരുടെയെങ്കിലും ലൈഫ് ഇത്രയും ഹാപ്പിയല്ല എന്നറിഞ്ഞിരുന്നെങ്കിൽ, ഇനിങ്ങനെ മരണം കാത്തു കിടക്കാൻ സംഗീത് ബാക്കിയുണ്ടാവുമായിരുന്നില്ല. അതിനു മുമ്പേ തന്നെ തീർത്തേനെ ഞാനവനെ. അതിനു മാത്രമായി ഞാനൊരു തവണ വന്നതാണ്...അന്നവൻ തേഡ് സ്റ്റേജിൽ ട്രീറ്റ്മെന്റിലായിരുന്നു. അന്നേ അവനിലെ പഴയ സംഗീത് മരിച്ചിരുന്നു..  പിന്നെന്തിനെന്ന് തോന്നി.....”

വീണ : “ ബട്ട്..വൈ ആർ യു സ്റ്റിൽ സിങ്കിൾ ?”

മുരുകൻ വേദനയോടെ ചിരിച്ചു കൊണ്ട്  : “ പറ്റിയ ഒരെണ്ണത്തിനെ കിട്ടണ്ടേ വീണ?”

അവളെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും ട്രെയിൻ എത്തി.

സീൻ 105


ട്രെയിൻ നിർത്തിയിരിക്കുന്നു. തിടുക്കത്തിൽ നീങ്ങുന്ന യാത്രക്കാർ.

മുരുകൻ എണീറ്റു. അവളും.

മുരുകൻ കൈ നീട്ടി : “ ദെൻ..ബൈ വീണ


വീണ കൈ നീട്ടി. പിന്നെ അവനെ അംബരിപ്പിച്ചു കൊണ്ട്, അവന്റെ കവിളിൽ ചുംബിച്ചു.
“ നിനക്ക് നൽകാൻ കരുതി വെച്ചിരുന്നത്, നൽകാനുള്ളത് എല്ലാം ഇതിലുണ്ട്.. എന്റേതുമാത്രമല്ല, റിജോയുടെയും..  ഞങ്ങളെ ശപിക്കരുത്....” അവളുടെ മിഴികൾ നനഞ്ഞു.

ട്രെയിന്റെ ഹോൺ മുഴങ്ങി.

മുരുകൻ : “ ശപിക്കുകയോ
ഞാൻഎനിക്ക്” അവന്റെ തൊണ്ടയിടറുന്നുണ്ട്. അവളെയൊന്നു പുൽകാൻ ആഗ്രഹിക്കുന്നുവെന്നവണ്ണം ഉയർന്ന കൈകൾ പിൻവലിച്ചു കൊണ്ട് അവൻ അവളുടെ തോളിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിന്റെ കവിളിൽ അവൻ ചുംബിച്ചു. “ നിങ്ങൾ, ദാഇവിടെയാണ്..” അവൻ സ്വന്തം നെഞ്ചിൽ തട്ടി “ ഇവിടെ..”

ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു.. അവളിൽ നിന്നു നീങ്ങി, ട്രെയിനിലേക്ക് കയറുന്ന മുരുകൻ. അവൻ തിരിഞ്ഞു നോക്കുന്നില്ല. അവളുടെ കണ്ണുകൾ  അകന്നു പോവുന്ന ടെയിനിൽ നിൽക്കുന്ന അവനിലേക്ക്....

                                                  **** ശുഭം******

14 comments:

  1. ഇനി ആദ്യം മുതൽ ഒന്നു വായിച്ചു നോക്കണം.....വിഡ്ഡിമാനെ...എല്ലത്തിന്റേയും ലിങ്ക് ഒന്ന് അയച്ച് തരണേ......ആശംസകൾ

    ReplyDelete
  2. എല്ലാ ലക്കവും വായിച്ചു.
    ഞാന്‍ ഒരു പ്രൊഡ്യൂസര്‍ ആയിരുന്നെങ്കില്‍ ഈ കഥ എന്റെ പുതിയ സിനിമയ്ക്ക് സ്വീകരിക്കുമായിരുന്നോ? ഇല്ലെന്നാണ് തോന്നുന്നത്.

    (ഇസ്രായേല്‍ മാലാഖയെന്നൊരു മാലാഖയുണ്ടോ? ഗബ്രിയേലും മിഖായീലും ആണ് മാലാഖമാരില്‍ സൂപ്പര്‍ സ്റ്റാറുകള്‍. ഈ ഇസ്രയേല്‍ മാലാഖ ന്യൂ ജെന്‍ ആണോ എന്തോ!)

    എന്തായാലും ഈ വന്‍ ശ്രമത്തിന് അഭിനന്ദനങ്ങള്‍ മനോജ്!

    ReplyDelete
    Replies
    1. ഹും.. അജിത്തേട്ടൻ സ്വീകരിച്ചില്ലെങ്കിൽ വേണ്ട.. ദേ ക്ലൈമാക്സ് ഇട്ടേ പിന്നെ എന്റെ മൊബൈൽ ഫോൺ വിശ്രമിച്ചിട്ടില്ല. റോഡിലാണെങ്കിൽ കാറുകളുടെ നീണ്ട ക്യൂ. അവർക്കു ഈ തിരക്കഥ വേണമത്രെ.

      എന്നെ കൊണ്ടു വയ്യ.. :D

      മാലാഖയെ തിരുത്തിയിട്ടുണ്ട്. മാലാഖമാരുമൊത്തുള്ള ഇരിപ്പുവശം അത്ര പോരാ.. അതാ പിശകു പറ്റിയത്.

      Delete
  3. ഞാന്‍ ആദ്യത്തെ രണ്ടു മൂന്ന് ഭാഗങ്ങള്‍ വായിച്ചിരുന്നു.. പിന്നെ വിട്ടു പോയി.. എന്തായാലും ക്ലൈമാക്സ്‌ വായിച്ചില്ല.. സമയം പോലെ വന്നു തുടര്‍ച്ചയായി വായിക്കാം..

    ReplyDelete
    Replies
    1. വായിച്ചില്ലെങ്കിൽ തട്ടിക്കളയും. പറഞ്ഞേക്കാം

      Delete
  4. ഞാന്‍ തുടക്കവും പിന്നെ ഇടയ്ക്ക് എവിടെയോ ഉള്ള ഭാഗവും വായിച്ചിരുന്നു. ആദ്യം മുതല്‍ ഒന്നൂടെ വായിക്കണം... സമയമായില്ല പോലും.. :p

    ReplyDelete
    Replies
    1. ഒന്ന് മുഴുവൻ വായിക്കടാപ്പാ.. ഇനി സ്ക്രിപ്റ്റ് ഞാൻ കോഴിക്കോട്ടേക്ക് അയച്ചു തരണോ ?

      Delete
  5. പറഞ്ഞ വാക്ക് പാലിച്ചല്ലേ...അവസാന റോമന്‍സൊക്കെ നന്നായി...എല്ലാം കൂടി ചേര്‍ന്ന തിരക്കഥ .ഇനി ഇതൊരു ദൃശ്യമാവട്ടെ.

    ReplyDelete
    Replies
    1. ഉം..കൊല്ല് കൊല്ല്..

      Delete
  6. തുടക്കം എവിടെയാ...?,,,വായിക്കാൻ തുടങ്ങട്ടെ.

    ReplyDelete
  7. തുടക്കം വായിച്ചിട്ടില്ല.. അവിടേക്ക് പോകുന്നു.............

    ReplyDelete
  8. vaichu..
    muzhuvanum onnum koodi vaichittu varaam.

    ReplyDelete
  9. ഇപ്പോഴാവായിച്ചു തീർത്തത്.... :) ഇത് ഒരു സിനിമ ആയി എന്നേലും പ്രതീക്ഷിക്കാമോ??

    ReplyDelete
  10. വായനക്കു നന്ദി.

    ഇത് അതേപടി സിനിമയാക്കണമെങ്കിൽ വിഡ്ഡിയായ ഒരു നിർമ്മാതാവിനെ കൂടി കിട്ടണം.:)

    ReplyDelete