Friday, May 24, 2013

scene 45 to scene 57


മുൻ ലക്കം ഇവിടെ >> scene 35 to scene 44


സീൻ 45


മരച്ചുവട്. എല്ലാവരും വിഷാദമൂകരാണ്.

റിജോ : “ ഹോ.. സൂയിസൈഡാന്നു കേട്ടപ്പോഴാ ഞെട്ടിപ്പോയത്.. എന്തിനായിരുന്നു എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല.. അന്ന് തിരിച്ചു പോന്നേ പിന്നെ അവനെ വിളിച്ചിട്ട് കിട്ടൂന്നുമില്ല..”
വീണയുടെ കണ്ണ് നിറയുന്നുണ്ട്. ജെസ്സി തലയുയർത്തുന്നില്ല.

സംഗീതിന്റെ കൈയ്യിൽ സിഗററ്റ് എരിയുന്നു. ഒരു കല്ലിച്ച മുഖഭാവമാണവന്റേത്.

പ്രസാദ് : “ ഈ വെക്കേഷന് എന്നേം കൂട്ടിയേ നാട്ടിലേക്ക് പൂവ്വൊള്ളൂന്ന് അവൻ വാശി പിടിച്ചതാ.. എന്നിട്ട് അവന്റെ അച്ഛന്റെ ഫ്യൂണറലിനു പോണ്ട ഗതികേടായി എനിക്ക്യ്..”

സംഗീത് ദേഷ്യത്തോടെ സിഗരറ്റ്  വലിച്ചെറിഞ്ഞ് : “ ഒന്ന് നിർത്ത്വോ ഈ എണ്ണിപ്പറക്കല് ? മരിച്ചോര് മരിച്ചു. ജീവിച്ചിരിക്കുന്നോരുടെ കാര്യം നിങ്ങക്ക് ഓർമ്മിണ്ടോ ? മൂന്നാഴ്ച്ചയായി.. എന്നിട്ട് എത്ര പേര് അവനെ അന്വേഷിച്ചു ?  പറയുമ്പോ എല്ലാവർക്കും എന്താ ഒലിപ്പിക്കല് ..”

റിജോയുടെയും പ്രസാദിന്റേയും മുഖത്ത് ഒരു ചമ്മൽ..

റിജോ : “ എടാ.. ഞാൻ പറഞ്ഞില്ലേ.. കുറച്ച് ദിവസായി ഞാൻ വിളിച്ചു നോക്കുന്നു.. എടുക്കുന്നില്ല..”

വീണ : “ ഞാനും പല തവണ വിളിച്ചു നോക്കി.. ഫോൺ ഔട്ട് ഓഫ് ഓർഡറാന്ന് തോന്നുന്നു..”

സംഗീത് : “ എങ്ങനെ എടുക്കാനാ ? അവരുടെ വീടൊക്കെ ജപ്തി ചെയ്തു പോയി.. ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിനാ കടം.. അവരിപ്പോ, അവടന്ന് ദൂരെ,  ഏതോ ഒരു വേലക്കാരന്റെയൊ മറ്റൊ കുടിലിലാണ് താമസം..”

മറ്റുള്ളവരെല്ലാം അതു കേട്ട് സ്തബ്ധിച്ചു പോകുന്നു.

റിജോ : “  സത്യം ? ഫ്യൂണറൽ നടക്കുമ്പോ തന്നെ എനിക്ക് ചില സംശയങ്ങളൊക്കെയുണ്ടായിരുന്നു. അല്ലാതിപ്പോ ഒരു സീസൺ മോശായൊണ്ടൊന്നും അങ്ങനെയൊരാള് സൂയിസൈഡ് ചെയ്യേണ്ട കാര്യല്ല്യല്ലൊ..”

പ്രസാദ് സംഗീതിനോട് : “ ഇതൊക്കെ നീയെങ്ങനെ അറിഞ്ഞു ?”

സംഗീത് : “ എന്റെ ഒരങ്കിളിന്റെ ഫ്രണ്ടിന് അവിടെ ഫൈനാൻസിന്റെ ഇടപാടുണ്ട്.. അയാളെ ഞാനിന്നലെ കണ്ടിരുന്നു.. അപ്പഴാ അറിഞ്ഞേ.. നമ്മളന്ന് ടൂറു പോയപ്പൊ കണ്ടതൊക്കെ അങ്ങേരു പൊങ്ങച്ചം കാണിക്കാൻ ഒപ്പിച്ചതായിരുന്നൂന്ന് തോന്നുന്നു.. മ്മടെ മുരൂനും കാര്യമൊന്നുമറിയില്ലായിരുന്നൂന്നാ കേട്ടത്.. അവര്ടെ ഇപ്പോഴത്തെ സ്ഥിതി വെല്ല്യ കഷ്ടാടാ.. അവനിനി കോഴ്സ് കണ്ടിന്യൂ ചെയ്യണ്ടാന്നു കരുതി വരാണ്ടിരിക്കുന്നതാന്നാ എനിക്കു തോന്നുന്നത്..”

റിജോ : “ കോപ്പാ.. എന്നിട്ടു നീയ്യെന്താ അതിതുവരെ പറയാതിരുന്നതെന്തേ ?  നമുക്കൊന്ന് അവടെ വരെ പോയാലോ ?”

സംഗീത് : “ ഞാനും അതാ ആലോചിക്കുന്നത്..”

വീണ : “ ഞാനും വരട്ടെ ?”

സംഗീത് ആരോടെന്നില്ലാതെ : “ പെണ്ണ്ങ്ങള്ണ്ടങ്ങെ ഞാനില്ല്യ.. ഏതാ എവിട്യാന്നൊന്നും അറിയാണ്ട് പോണതാ.. അതിന്റെടയിൽ മറ്റൊരു മാരണം കൂടി ചുമക്കാൻ വയ്യ..”

സീൻ 46

ക്ലാസ്സ് റൂം.. ഗൗരവത്തോടെ ക്ലാസ്സ് ശ്രദ്ധിച്ചിരിക്കുന്ന മുരുകൻ.  പ്രസാദിനരികിലാണ് അവനിരിക്കുന്നത്. വീണയും സംഗീതൊഴിച്ച് മറ്റുള്ളവരും ഒളിക്കണ്ണിട്ട് ഇടയ്ക്കവനെ നോക്കുന്നുണ്ട്..

സീൻ 47

മരച്ചുവട്.. എല്ലാവരുമുണ്ട്. മുരുകന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു; അവനെ നോക്കിയിരിക്കുന്ന വീണയുടെയും. സംഗീതിന്റെ ചുണ്ടിൽ സിഗരറ്റ്..  ഇടയ്ക്ക് അതൊന്നു വാങ്ങിച്ച് വലിച്ചൂതുന്ന റിജോ. ശോകാർദ്ര നിമിഷങ്ങൾ..

സീൻ 48

ഹോസ്റ്റൽ റൂം.. മുരുകനെ ആശ്വസിപ്പിക്കാനെത്തുന്ന ഹോസ്റ്റൽ മേറ്റ്സ്.. ( ഹോസ്റ്റലിലെ ബഹളത്തിന് മൊത്തത്തിൽ മാറ്റമൊന്നുമില്ല. ). മുഖത്ത് ദു:ഖം ഖനീഭവിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ മുരുകന്റെ കണ്ണുകൾ നിറയുന്നില്ല.

സീൻ 49

ഒരൊഴിഞ്ഞ ക്ലാസ്സ് റൂം.
പ്രസാദിന്റെ നോട്ടുകൾ പകർത്തിയെഴുതുകയാണ് മുരുകൻ. ഇടയ്ക്കത് വായിച്ചു കൊടുത്തും സംശയം തീർത്തും പ്രസാദ് അരികിലുണ്ട്.

മുരുകൻ  തലയുയർത്തി : “ എടാ.. വെക്കേഷനു ഞാൻ  തിരിച്ചു പോകുന്നില്ല.. നീയ്യാ സണ്ണ്യേട്ടനോട് ചോദിക്ക്യോ ഞാനും കൂടെ  വർക്കിനു വരട്ടേന്ന് ?”

പ്രസാദ് മറുപടിയില്ലാതെ സ്തബ്ദിച്ചിരിക്കുമ്പോൾ മുരുകൻ അവന്റെ കൈ പിടിച്ച് : “ നല്ല പോലെ ആലോചിച്ചിട്ടു തന്നെയാടാ.. നിനക്കറിയാലോ.. സീറോന്നല്ല ; മൈനസീന്നാ എനിക്കു തുടങ്ങേണ്ടത്..”

സീൻ 50

മറ്റൊരു ദിവസം.
റിജോ ഒഴികെയുള്ളവർ കോളേജ് കോമ്പൗണ്ട് റോഡിലൂടെ കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് അവരുടെ മരത്തിനരികിലേക്ക് നടക്കുന്നു. ദൂരെ നിന്ന് ഒരു ബുള്ളറ്റ് വരുന്നതിന്റെ അവ്യക്തശബ്ദം കേൾക്കുന്നുണ്ട്.

സീൻ 51.

അവർ നടത്തം തുടരുകയാണ്. ബുള്ളറ്റ് അവർക്ക്  പുറകിലെത്തിയിരിക്കുന്നു. അത് ഇടയ്ക്കിടെ ഹോൺ മുഴക്കുന്നുണ്ട്. അവർ വണ്ടി കടന്നു പോയ്ക്കോട്ടെ എന്നു കരുതി ഒഴിഞ്ഞു കൊടുക്കുന്നു. പക്ഷെ വണ്ടി അവർക്കു പുറകിൽ സാവധാനം വന്ന് വീണ്ടും ഹോൺ മുഴക്കുകയാണ്. പ്രസാദ് തിരിഞ്ഞു നോക്കി.
റിജോയാണത് .

“ ദേ അവൻ !” പ്രസാദ് അത്ഭുതത്തോടെ കൂവി.

എല്ലാവരും തിരിഞ്ഞു നോക്കി.

റിജോ അവർക്കരികിൽ കൊണ്ടു വന്ന് ബൈക്ക്   നിർത്തി ( എഞ്ചിൻ ഓഫാക്കാതെ ) : “ ഹോ.. കിട്ടി അളിയാ.. ഇതാ ഞാൻ പറഞ്ഞ സാധനം.. പതിനെട്ടടവും കഴിഞ്ഞ് പത്തൊമ്പതാമത്തതിൽ പപ്പ കീഴടങ്ങി.. കണ്ടോ.. എയ്റ്റി ഫൈവാ മോഡല്.. എന്താ അവന്റെ ടോൺ..!  ( ബുള്ളറ്റിന്റെ പതിഞ്ഞ താളത്തിലുള്ള ശബ്ദം )

പ്രസാദ് ബൈക്കിന്റെ പുറകിൽ കയറിയിരുന്നു. “ വണ്ടി നേരെ പത്തൻസിലേക്ക് പോട്ടെ..”

വീണ ചിരപരിചിതയെപ്പോലെ ആക്സിലേറ്റർ റേസ് ചെയ്തു നോക്കി : “ ഉം..കൊള്ളാം..പെർഫക്റ്റ് ട്യൂണിങ്ങ്..”

മറ്റുള്ളവരാരും അത് പ്രതീക്ഷിച്ചിരുന്നില്ല. പ്രസാദിനു വണ്ടിയുടെ മുരൾച്ച കേട്ട്  ചെറിയൊരു പരിഭ്രമമുണ്ടാവുന്നുണ്ട്.

റിജോ അവളുടെ കൈ തട്ടി : “ പെണ്ണേ.. നിന്റെ കൂറ കൈനറ്റിക്കിന്റെ ആക്സിലേറ്ററു പോലെ പിടിച്ച് മുരിയാനുള്ളതല്ല ബുള്ളറ്റിന്റെ ആക്സിലേറ്ററ്.. ഇത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ..”

വീണ ചെറുപുഞ്ചിരിയോടെ : “ അയ്യോടാ മോനെ.. അങ്ങനെയൊന്നും ആരും  എഴുതിവച്ചിട്ടില്ല..  ബൈക്കുകള് ഞാൻ കാണാത്തതൊന്നുമല്ല.. .. ഇഷ്ടം പോലെ ഓടിച്ചിട്ടുമുണ്ട്.. ബുള്ളറ്റ് മാത്രമല്ല, യെസ്ഡി, രാജ്ദൂത്.. എല്ലാം


 സംഗീത് മുരുകന്റെ ചെവിയിൽ വീണയും കേൾക്കത്ത വിധത്തിൽ  : “ നീ വരുന്നുണ്ടോ ? എനിക്കീ പൊളി കേട്ടു നിക്കാൻ വയ്യ..”

റിജോ തലയിൽ കൈ വച്ച് : “ എന്റെ പൊന്നോ.. സമ്മതിച്ചമ്മൊ സമ്മതിച്ചു.. ഓടിച്ചു കാണിക്കുകയൊന്നും വേണ്ട.. ഈ ബുള്ളറ്റൊന്ന് സ്റ്റാർട്ട് ചെയ്തു കാണിച്ചു തന്നാ മതി.. ഇതങ്ങനെ തന്നെ നിനക്കു തരാം..”

വീണ ദേഷ്യത്തോടെ : “ സ്റ്റാർട്ടല്ല.. ഓടിച്ചും കാണിക്കാം.. വാക്കാണല്ലൊ.. എല്ലാവരും കേട്ടതാണേ.. പിന്നെ കിടന്ന് ഉരുളരുത്..”

റിജോ പുച്ഛത്തോടെ : “ ഓ..വാക്കു തന്നെ.. ..( എഞ്ചിൻ ഓഫ് ചെയ്ത് താക്കോൽ ഊരി കൊണ്ട് )
 ഈ ബുള്ളറ്റ്  ഇപ്പോ സ്റ്റാർട്ടാക്കി കാണിച്ചു തന്നാ ഇതങ്ങനെ തന്നെ നിന്റെ കൈയ്യിൽ വച്ചു തരും”

പ്രസാദും റിജോയും  ഇറങ്ങി. റിജോ വണ്ടി സ്റ്റാന്റിലിട്ടു.

വീണ വണ്ടിയിൽ കയറാൻ തുടങ്ങുമ്പോൾ റിജോ : “ നിക്ക് നിക്ക്.. അഞ്ച് കിക്ക്.. അല്ലെങ്ങെ വേണ്ട.. പത്തു കിക്കിനുള്ളീ സ്റ്റാർട്ടാക്കണം.. അല്ലെങ്ങെ നീ ഇതും പിടിച്ചിരുന്ന് ഞങ്ങടെ നേരം കളയും..”

വീണ അതു കേട്ടപ്പോൾ ഒന്നു പിന്തിരിഞ്ഞ് :  “ ബാറ്ററി ഒക്കെ ഓക്കേയല്ലേ.. പറ്റിക്കരുത്..”

റിജോ : “ ഒരു പറ്റിക്കലുമില്ല
…” അവൻ ബാറ്ററി ബോക്സ് തുറന്നു കാണിച്ചു.. “ ദേ.. പുത്തൻ പുതിശ് എക്സൈഡിന്റെ ബാറ്ററിയാ..കഴിഞ്ഞ മാസം മാറ്റിയതേയുള്ളു.. ഇപ്പൊ ദേ  20 കിലോമീറ്ററ് ഓടിച്ചിട്ടാ വരുന്നത്.. ഫുൾ ചാർജ്ജ്..”

അവൻ താക്കോൽ വീണയ്ക്ക് നൽകി.

വീണ കാൽ കവച്ച് ബുള്ളറ്റിൽ കയറി.  വെയ്റ്റ് ബാലൻസ് ചെയ്ത് വണ്ടി നേരെ നിർത്തി. സ്റ്റാന്റ് തട്ടിയ ശേഷം  താക്കോൽ തിരിച്ചു.

ഇപ്പോൾ കാമ്പസിലെ മറ്റു ചില കുട്ടികളും ഇങ്ങോട്ട് ശ്രദ്ധിക്കുന്നുണ്ട്.

റിജോ : “ അയ്യോ..ക്യാമറയെടുക്കാൻ മറന്നു..ഇല്ലെങ്ങെ ഗിന്നസ്സ് ബുക്കുകാർക്ക് അയച്ചു കൊടുക്കാമായിരുന്നു..”

സംഗീതിന്റെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു. മുരുകനും പ്രസാദിനും ആകാംഷ.

ജെസ്സി : “ വീണേ.. വിട്ടുകൊടുക്കരുതെടി.. ഇത് നമ്മുടെ പ്രസ്റ്റീജിന്റെ പ്രശ്നമാണ്..”( എങ്കിലും  വീണയിൽ അത്ര വിശ്വാസമില്ലാത്തതു പോലെയാണ് അവളുടെ മുഖഭാവം )

വീണയുടെ മുഖത്ത് തികഞ്ഞ ആത്മവിശ്വാസം. അവൾ കിക്ക് ലിവറിലേക്ക് കാൽ നീട്ടുമ്പോൾ റിജോ : “ ദേ.. ബാക്ക് കിക്ക് കിട്ടി കാലൊടിഞ്ഞാൽ പിന്നെ എന്നെ കുറ്റം പറയരുത്”

വീണ അത് ശ്രദ്ധിക്കാതെ കിക്ക് ലിവർ ചവിട്ടി അമ്മീറ്ററിലെ ആമ്പിയർ ഉറപ്പു വരുത്തുന്നു. പിന്നെ ഒട്ടും പരിഭ്രമമില്ലാതെ കിക്ക് ചെയ്യുന്നു. നാലാമത്തെ കിക്കിൽ വണ്ടി സ്റ്റാർട്ടായി.

“ ഹേ ഹേ ഹേ..”  ജെസ്സി കൈയ്യടിച്ചു തുള്ളിച്ചാടി.

പ്രസാദും മുരുകനും കൈയ്യടിച്ചു.

കണ്ടു നിൽക്കുന്ന മറ്റു ചില പെൺകുട്ടികളും കൈയ്യടിക്കുന്നുണ്ട്.

വീണ വണ്ടി ഒന്നു റെയ്സ് ചെയ്ത ശേഷം ജസ്സിയോട് : “ കയറെടീ..” ( മറ്റുള്ളവരെയൊന്നും അവൾ നോക്കുന്നില്ല )

ചെറുതായി ഭയമുണ്ടെങ്കിലും ജെസ്സി അതു കാണിക്കാതെ പുറകിൽ കയറി.

വീണ, വണ്ടി ഗീയറിലിട്ട് സാവധാനം മുന്നോട്ട്..

റിജോ ആകെ ചമ്മി നാറിയ മുഖഭാവത്തോടെ.

സംഗീതിന്റെ മുഖം കല്ലിച്ചിരിക്കുന്നു.

സീൻ 52

കോളേജിനു ചുറ്റും വണ്ടിയോടിക്കുന്ന വീണ. പലരും അത് ശ്രദ്ധിക്കുന്നുണ്ട്.

സീൻ 53

ആൺകുട്ടികൾ മൂന്നു പേരും ഇപ്പോൾ മരച്ചുവട്ടിലാണ്. സാമാന്യം നല്ല വേഗത്തിൽ അവർക്കരികിലേയ്ക്ക് വന്ന് വണ്ടി നിർത്തുന്ന വീണ.
ജസ്സി ഇറങ്ങുന്നു. അവളുടെ മുഖത്തും ആഹ്ലാദവും അഭിമാനവും.

വീണ വണ്ടി സ്റ്റാന്റിലിട്ട ശേഷം ഇറങ്ങുമ്പോൾ : “ ഹോ.. ഇന്ന് കണി കണ്ടവനെ എന്നും കണി കാണണേ.. ഒരു കിടിലൻ ബുള്ളറ്റ് പത്തു പൈസാ ചിലവില്ലാതെ സ്വന്തമായി കിട്ടിയല്ലൊ.. താങ്ക് ഗോഡ്..”

റിജോയുടെ മുഖം ഒന്നു കൂടി വിളറി. എന്തോ പറയണമെന്നുണ്ടെങ്കിലും അതിനാവാതെ..

മുരുകനും പ്രസാദും ചിരിക്കുന്നു.

ജെസ്സി : “ സാരമില്ലെടി.. മ്മടെ റിജോയല്ലേ.. അതങ്ങ് കൊടുത്തേയ്ക്ക്.. അവന്റെ പപ്പ  തല്ലും..”

വീണ അവർക്കരികിലിരുന്നു കൊണ്ട് : “ എന്നാലും അങ്ങനെയങ്ങ് പറ്റുമോടീ..ബുള്ളറ്റിനൊക്കെ എന്താ വില.. ! ”

പ്രസാദ് ഒരു  മദ്ധ്യസ്ഥന്റെ സ്വരത്തോടെ : “ സിദ്ധാർത്ഥേലെ ഓരോ ബിരിയാണി കൊണ്ട് സംഗതി തീര്വോ ?”

ജെസ്സി ഇടയിൽ കയറി : “ ബിരിയാണി മാത്രം പോരാ.. വയറു നിറച്ച് ഐസ്ക്രീമും..”

വീണ : “ ഉം.. ഒപ്പിക്കാം.. ഒരു ഫ്രണ്ടിന്റെ  ജീവിതപ്രശ്നമായിപ്പോയില്ലേ..മ്മക്ക് മ്മടെ കൂറ കൈനറ്റിക് തന്നെ മതി..”

റിജോ ആശ്വാസത്തോടെ : “ ആ..ഇനിയിപ്പോ എന്നെ തന്നെ പൊരിച്ചു തരണമെന്നു പറഞ്ഞാലും തന്നല്ലേ പറ്റൂ.. എന്നാലും പെണ്ണേ..വലിയ ചതിയായി പോയി..”

വീണ ചിരിച്ചു കൊണ്ട് : “ എടാ.. നിന്റെ പപ്പ പോലീസിലാണെങ്കെ എന്റെ അച്ഛൻ പട്ടാളത്തിലാ..അത് മറക്കണ്ട.. ബുള്ളറ്റ് ഞാനെനിക്കോർമ്മയുള്ളപ്പൊ തൊട്ട് കാണുന്നതാ....”

റിജോ  വാ പൊത്തി കൊണ്ട് : “ ഓ.. ഇനി മറക്കില്ലായേ..”

എല്ലാവരും പൊട്ടിച്ചിരിക്കുന്നു.

പെട്ടന്ന് സംഗീത് ചാടിയെഴുന്നേറ്റ് : “ എടാ.. ആണുങ്ങളായി പിറന്നാ ഒറ്റ വാക്കേ പാടുള്ളു.. പിന്നെ കാലു നക്കാൻ പോകരുത്.. ഇവളുമാരുടെയൊക്കെ ചന്തി തൊട്ട ഈ വണ്ടി ഇനി എന്തിന് കൊള്ളാം..”

അതും പറഞ്ഞ്, അവിടെ കിടന്നിരുന്ന ഒരു കൂർത്ത കമ്പെടുത്ത് അവൻ ആ ബുള്ളറ്റിന്റെ സീറ്റ് ഭ്രാന്തെടുത്തെന്നവണ്ണം കുത്തിക്കീറി വണ്ടി തള്ളി മറിച്ചിടുന്നു..

മറ്റുള്ളവരെല്ലാം സ്തബ്ധരായി നിൽക്കുന്നു.

സീൻ 54

വൈകുന്നേരം.. ആളൊഴിഞ്ഞ കാമ്പസ്. ആൺകുട്ടികൾ നാലു പേർ മാത്രം. അവർ തർക്കത്തിലാണ്. മുരുകനൊഴിച്ച് എല്ലാവരും ചൂടിൽ തന്നെ..

റിജോ : “ നീ എന്തു പറഞ്ഞാലും ചെയ്തത് ചെറ്റത്തരം തന്നെ.. ഫ്രണ്ട്സ് ആവുമ്പോ ഇങ്ങനെയൊക്കെ ഉണ്ടാവും.. അല്ലെങ്ങെ പിന്നെന്ത് ഫ്രണ്ട്സ്..  എഗ്രിമെന്റ് എഴുതി ഒപ്പു വെച്ച് ഇടപാടു നടത്തുന്നത് ബിസിനസ്സുകാരാ..”

സംഗീത് : “ ഫ്രണ്ട്സ് ആയാലും ബിസിനസ്സ് ആയാലും വാക്ക് വാക്ക് തന്നെ.. പിന്നെ ഇളവിനു വേണ്ടി പിന്നാലെ ഇരന്നു നടക്കുന്നത് ആണുങ്ങക്ക് പറഞ്ഞിട്ടുള്ളതല്ല..”

പ്രസാദ് : “ നിനക്കെപ്പോഴും അവളോടു കലിപ്പാ.. അതിനുമാത്രം എന്തു തെറ്റാ അവളു ചെയ്തിട്ടുള്ളത്.. ഇത് വെർദേ  എലേമെ ചവിട്ടി വഴക്ക്ണ്ടാക്ക്ണ എടപാടായി പോയി.. അല്ല; ഇനിപ്പൊ വാക്ക് തെറ്റിച്ചെങ്ങെ തന്നെ അതവർ തമ്മിലല്ലേ..  നിനക്കെന്താ ചേദം ?”

സംഗീത് : “ അത് മനസ്സിലാവണങ്ങെ ഫ്രണ്ട്ഷിപ്പ് എന്താന്നു മനസ്സിലാവണം.. ഒരു ഫ്രണ്ട് അഹങ്കാരത്തിനു കൈയ്യും കാലും വച്ച ഒരുത്തീടെ മുമ്പിൽ കിടന്ന് മുട്ടിലിഴയുമ്പോഴുള്ള നെഞ്ചുരുക്കം മനസ്സിലാവണം..”

മുരുകൻ : “ ഛേ.. ഇതിങ്ങനെ പറഞ്ഞ് പറഞ്ഞ് കാടു കയറ്റല്ലേ.. നമുക്കിതെങ്ങനെ സോൾവ് ചെയ്യാന്ന് ആലോചിക്ക്..”

റിജോ : “ എന്ത് സോൾവാവാൻ.. പപ്പ പൊന്നു പോലെ കൊണ്ടു നടക്കുന്ന വണ്ടിയാ..സീറ്റ് കുത്തിക്കീറി..  പെയ്ന്റും പോയി..”

സംഗീത് : “ ആ വണ്ടി ആണുങ്ങളെ പോലെ നീയവൾക്ക് കൊടുത്താ, ഇതേ മോഡല്, ഇതേ പെയ്ന്റ്, ഇതേ സീറ്റ് വണ്ടി ഞാൻ നാളെയ്ക്കു നാളെ നിനക്കെത്തിച്ചു തരും..”

റിജോ മറ്റുള്ളവരോട് : “ കണ്ടോ.. അപ്പഴും അവന്  പണത്തെളപ്പിന്റെ ചിന്തയേ വരൂ.. കാശോണ്ട് നിനക്ക് പപ്പയേം മമ്മിയേം ഒക്കെ വാങ്ങിച്ചു തരാൻ പറ്റുമോടാ.?”

സംഗീത് ദേഷ്യത്തോടെയും സങ്കടത്തോടെയും : “ അതേടാ.. എനിക്കു പണത്തെളപ്പാ.. പപ്പയും മമ്മിയേം ഒക്കെ ഞാൻ കാശിനാ വാങ്ങിയത്..   (കീശയിൽ നിന്ന്  നോട്ടുകളെടുത്ത് താഴേക്കെറിഞ്ഞ് ).. ഇന്നാ.. എനിക്കു പറ്റിപ്പോയി.. നീ കൊണ്ടു പോയി നിന്റെ വണ്ടി നന്നാക്കി നിന്റെ പപ്പയ്ക്ക് കൊടുക്ക്.. ഇങ്ങനെ ഒരു കൊള്ളരുതാത്തവൻ ചെയ്ത പണിയാണെന്നും പറഞ്ഞോ..”  അവൻ  ആവേശത്തോടെ തിരിഞ്ഞു നടന്നു.

 ഒരു നിമിഷം അന്തിച്ചു നിന്ന് മുരുകൻ അവന്റെ പിന്നാലെ : “ എടാ.. നിക്കടാ.. എടാ


റിജോ  എതിർവശത്തേയ്ക്ക് നടക്കുമ്പോൾ : “ ഇവനൊന്നും ഇതേ വരെ മനുഷ്യരുടെ സ്വഭാവം മനസ്സിലായിട്ടില്ല.. ഊള..”

പ്രസാദ് ഇരുകൂട്ടരേയും, പിന്നെ താഴെ കിടക്കുന്ന നോട്ടുകളിലേയ്ക്കും  മാറി മാറി നോക്കുന്നു. പിന്നെ, നോട്ടുകൾ പറുക്കിയെടുത്ത് ‘ എടാ നിക്കടാ’ വിളിയോടെ റിജോയുടെ പുറകേ.

 (സീൻ 55 ഗാന ചിത്രീകരണം). സീൻ 55 എ

മുരുകൻ, റിജോ, പ്രസാദ് എന്നിവർ തമ്മിലുള്ള ചർച്ച. പ്രസാദിന്റെയും മുരുകന്റെയും ആവശ്യങ്ങളോട് ആദ്യം ശക്തമായി വിയോജിക്കുന്നുണ്ടെങ്കിലും ഒടുവിൽ സമ്മതിക്കുന്ന റിജോ.

സീൻ 55 ബി.

സംഗീത് മറ്റൊരു ഗാങ്ങിനൊപ്പം  സിഗററ്റ് പുകച്ച് മരച്ചുവട്ടിൽ. മുരുകനും ഉണ്ട്. റിജോയും പ്രസാദും അവിടെ ബുള്ളറ്റിൽ വന്നിറങ്ങുന്നു. ( ബുള്ളറ്റിന് പുതിയ സീറ്റ് കവർ ഇട്ടിട്ടുണ്ട്). അവർ സംഗീതിനരികിലേയ്ക്ക്. റിജോയുടെ മുഖത്ത് ദേഷ്യമൊന്നുമില്ല. എന്നാലും പതിവില്ലാത്ത ഗൗരവം. സംഗീതിന്റെ മുഖം കല്ലിച്ചു തന്നെ.  റിജോ സംഗീതിനോട് എന്തോ പറയുന്നു. സംഗീത് നിഷേധിക്കുന്നു. പ്രസാദും മുരുകനും  അവനെ നിർബന്ധിക്കുന്നുണ്ട്. പക്ഷെ അവൻ വഴങ്ങുന്നില്ല. പകരം അവൻ മുരുകനെ അവർക്കൊപ്പം പോകാൻ നിർബന്ധിക്കുന്നു. ഒടുവിൽ മനസ്സില്ലാമനസ്സോടെ മുരുകൻ അവർക്കൊപ്പം. മൂന്നാളും ബുള്ളറ്റിൽ കയറുമ്പോൾ, ദൂരെ കൈനറ്റിക്കിൽ അവരെ കാത്തു നിൽക്കുന്ന വീണയും ജസ്സിയും.

സീൻ 55 സി

നഗരത്തിലെ ഒരു ഹോട്ടൽ. പ്രൈവറ്റ് റൂമിൽ ഇരുന്ന് ബിരിയാണി കഴിക്കുകയാണ് അവർ അഞ്ചു പേരും. കളി ചിരികൾ. ട്രേയിൽ ഐസ്ക്രീമുമായി വരുന്ന സപ്ലയർ. നാലു  ചെറിയ കപ്പ് വച്ചിട്ട് അവസാനം ഒരു ഫാമിലി പാക്ക് വെക്കുന്നു അയാൾ. ‘ഇന്നാ.. തിന്ന് പണ്ടാരങ്ങ്’ എന്ന മട്ടിൽ എന്തോ പറഞ്ഞിട്ട് ആ ഫാമിലി പാക്ക് ജെസ്സിക്കു മുന്നിലേക്ക് നീക്കുന്ന റിജോ. എല്ലാവരും പൊട്ടിച്ചിരിക്കുന്നു.

സീൻ 55 ഡി

അവരിപ്പോൾ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുകയാണ്.  ജെസ്സി തന്റെ ഫാമിലി പാക്കിൽ നിന്നും മറ്റുള്ളവർക്കും ഐസ്ക്രീം   നൽകുന്നുണ്ട്. പൊടുന്നനെ വീണയുടെ കണ്ണുകൾ  ഹോട്ടലിലൂടെ കടന്നു പോകുന്ന മറ്റൊരു ഗാങ്ങിലേക്ക്. സംഗീതും സംഘവുമാണത്.  അവൾ അത് രഹസ്യമായി മറ്റുള്ളവരോട് പറയുന്നു. എല്ലാവരുടെയും കണ്ണുകൾ അവിടേയ്ക്ക്. ആ നിമിഷം അങ്ങോട്ടു നോക്കുന്ന സംഗീതിന്റെ കണ്ണുകളുമായി ഒരു  നിമിഷാർദ്ധത്തിലെ  കൂട്ടിമുട്ടൽ.

സീൻ 55 ഇ

‘മൈന്റു ചെയ്യണ്ട’ എന്നോ മറ്റോ നിർദ്ദേശം നൽകുന്ന റിജോ. പക്ഷെ കൈ കഴുകി  നീങ്ങുമ്പോൾ അവർ കാണുന്നുണ്ട് ; അവരിരുന്നിരുന്ന മുറിയ്ക്ക് തൊട്ടപ്പുറത്തുള്ള മുറിയിലാണ് സംഗീതും സംഘവും ഇരിക്കുന്നത്.

 ഏറ്റവും പുറകിലുള്ള മുരുകന് ആകെയൊരു ആശയകുഴപ്പം. അവിടെയെത്തുമ്പോൾ അവന്റെ നടത്തം ഒരു നിമിഷം നിലച്ച പോലെയുണ്ട്. അവന്റെ നോട്ടവും അങ്ങോട്ടു പാളുന്നു. പക്ഷെ സംഗീത് ഇങ്ങോട്ട് നോക്കുന്നതേയില്ല. ഒടുവിൽ  അവനും മറ്റുള്ളവരെ അനുഗമിക്കുന്നു.
 
സീൻ 55 എഫ്

തിരിച്ചു പോകുന്ന സംഘം.  ബാറിനു മുമ്പിലെത്തുമ്പോൾ വണ്ടി സ്ലോ ചെയ്യുന്ന റിജോ.  അത് കണ്ട് നെറ്റി ചുളിച്ച് അവരെ ഓവർടേക്ക് ചെയ്തു പോകുന്ന വീണയും ജസ്സിയും.

സീൻ 55 ജി.

 കോളേജ്. ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞ് മുന്നോട്ടു നീങ്ങുന്ന റിജോയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ് മുരുകനും പ്രസാദും. പക്ഷെ അവൻ മുന്നോട്ടു തന്നെ.

സീൻ 55 എച്ച്

അടഞ്ഞു കിടക്കുന്ന ഒരു ലാബിന്റെ വരാന്തയിലാണ് സംഗീതും സംഘവും. അവരും മദ്യപിച്ചിട്ടുണ്ട്. അവിടേയ്ക്ക് നടന്നെത്തുന്ന റിജോ. ‘എനിക്കു വേണ്ട നിന്റെ കാശ്’ എന്നോ മറ്റോ പറഞ്ഞ്  കീശയിൽ നിന്ന് നോട്ടുകൾ വലിച്ചെറിയുന്ന റിജോ. മുരുകനും പ്രസാദും അവനെ തിരികെ വലിച്ചു കൊണ്ടു പോവുന്നു. സംഗീത് ഒന്നും മിണ്ടുന്നില്ല. റിജോയുടെ നേരെ ആക്രോശിച്ചടുക്കുന്ന തന്റെ കൂട്ടത്തിലെ ഒരുത്തനെ  തടയുകയും ചെയ്യുന്നുണ്ട് അവൻ.

സീൻ 55 ഐ

രാത്രി. ഹോസ്റ്റൽ റൂം. തന്റെ സാധനസാമഗ്രികളെല്ലാം പാക്ക് ചെയ്ത് ഹോസ്റ്റൽ വെക്കേറ്റ് ചെയ്യാനൊരുങ്ങുകയാണ് സംഗീത്. മുറിയിൽ മുരുകനുമുണ്ട്. സംഗീതിനു നിശ്ചയദാർഢ്യം. മുരുകന് മനോസംഘർഷവും ദു:ഖവും. അവർ തമ്മിൽ ഗൗരവത്തിൽ എന്തോ സംസാരിക്കുന്നുണ്ട്.

സീൻ 55 ജെ.

റിജോയുടെ മുറി. അവൻ കട്ടിലിൽ നല്ല ഉറക്കമാണ്. വാതിൽ തുറന്നു കിടക്കുന്നു. അതിനു മുമ്പിലൂടെ ബാഗുകളും  തൂക്കി നടന്നു നീങ്ങുന്ന സംഗീത്. മുരുകൻ അവനെ അനുഗമിക്കുന്നുണ്ട്.

സീൻ 56

കോളേജ്. ഇലക്ഷൻ പ്രാരംഭപ്രവർത്തനങ്ങൾ. ഇലക്ഷൻ പ്രചരണ സംഘത്തിനോട് ബൈ പറഞ്ഞ്, മരച്ചുവട്ടിലെ  കൂട്ടുകാർക്കരികിലേക്ക് നീങ്ങുന്ന വീണ.

സീൻ 57

“ എടിയേ.. അറിഞ്ഞോ ?” വീണ അരികിലെത്തുമ്പോൾ ജെസ്സിയുടെ ചോദ്യം. “ നിനക്കെതിരെ മത്സരിക്കുന്നത് ജീനാ ജോബിനാ..”

വീണ അതിശയത്തോടെ..: “ ഏത്.. നമ്മുടെ..”  അർദ്ധോക്തിയിൽ അവൾ നോക്കുന്നത് റിജോയെയാണ്
“ എങ്ങനറിഞ്ഞു ?”

ജെസ്സി : “ ആ.. അതൊക്കെ ഞങ്ങളറിഞ്ഞു”

റിജോ : “ ആ.. അതു തന്നെ.. എല്ലാം കൊണ്ടും എനിക്ക് ചേരുന്നവളായിരുന്നു.. മുട്ടിക്കൂടി വളച്ചെടുത്തു വരുമ്പോ ദാ കിടക്കുന്നു.. ഇതവന്റെ പണിയാ.. കള്ളപ്പന്നി..”

വീണ പകുതി ഗൗരവത്തിൽ : “ എനിക്കു വേണ്ടി നീ അവളെ വിടുകയൊന്നും വേണ്ട..”

റിജോ : “ അയ്യോടാ.. അല്ലെങ്ങെ ആരു വിടുന്നു ? നാളെ തൊട്ട് ഞാൻ അവളുടെ പ്രചാരണത്തിനിറങ്ങുകയാ.. ആ കോന്തൻ അവിടെയുള്ളതാ ഒറ്റ പ്രോബ്ലം..ഇനിയവനോട് ചേരാൻ വയ്യ..”

വീണ : “ നീ ധൈര്യമായി ഇറങ്ങടാ.. എനിക്കൊരു വിരോധോമില്ല.. ചെലപ്പോ പിണക്കം തീരാനും അതുപകാരപ്പെടും..( ചിരിച്ചു കൊണ്ട് ) ..വോട്ട് മാത്രം എനിക്കു ചെയ്താ മതി.”

റിജോ : “ നിനക്ക് വോട്ട് എന്റെ പട്ടി ചെയ്യും..”

വീണ : “ എന്നാ പട്ടിയെ പറഞ്ഞയച്ചാ മതി..”

എല്ലാവരും ചിരിക്കുന്നു.

പ്രസാദ് : “ ഞാൻ പ്രചരണത്തിനുമില്ല ഒരു മണ്ണാങ്കട്ടയ്ക്കുമില്ല.. കേരള വർമ്മേലൊക്കെ ഇഷ്ടിക വച്ചാ ഇടി..”

മുരുകൻ : “ ഞാനും.. ഇരു ഭാഗത്തുമുള്ളവർ വേണ്ടപ്പെട്ടവരാ..”

വീണ ഗൗരവത്തിൽ : “ വ്യക്തികളെ മാത്രം നോക്കിയല്ല വോട്ട് ചെയ്യേണ്ടത്. ഓരോ പ്രസ്ഥാനവും മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും അജണ്ടകളുമുണ്ട്. ഉള്ളവൻ ഇല്ലാത്തവനു കൊടുക്കണം എന്ന് നിർബന്ധബുദ്ധി വച്ച് സമത്വം  കൊണ്ടു വരാനാഗ്രഹിക്കുന്ന പ്രത്യയശാസ്ത്രവും ഇല്ലാത്തവനെ ഉന്മൂലനം ചെയ്ത് സമത്വം ഉണ്ടാക്കാമെന്ന ചിന്താഗതിയും തമ്മിൽ വ്യത്യാസമുണ്ട്..”

റിജോ എണീറ്റ് ഓടാൻ ഭാവിച്ചു കൊണ്ട് : “ എന്റെ മാതാവേ.. ദേ ലിവളു  ഇപ്പോഴേ പ്രസംഗം തുടങ്ങി..”

പൊട്ടിച്ചിരി.

അടുത്ത ലക്കം ഇവിടെ >>  scene 58 to scene 74

6 comments:

  1. സീന്‍ 45 - 57 വായിച്ചു

    കാമ്പസില്‍ നിന്നെന്ത് പുതുമ വരുമെന്ന് മുമ്പോട്ട് വായിയ്ക്കുമ്പോളറിയാമല്ലോ.

    “അല്ലെങ്ങെ” എന്ന് പറയുന്നത് അല്ലെങ്കില്‍ എന്നതിന്റെ വാമൊഴിയാണോ? തൃശ്ശൂരിലൊക്കെ അങ്ങനെയാണോ പറയുന്നത്? മുമ്പ് മനോജിന്റെ ചില രചനകളില്‍ “വേടിച്ചു” എന്നോ മറ്റോ വായിച്ച ഓര്‍മ്മയും വരുന്നു

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ..

      ഇതൊക്കെ മ്മടെ 'ശ്ശൂർ' സ്പെഷലു പൂശല്ലേ.. :D

      Delete
  2. തിരക്കഥ തുടക്കം മുതല്‍ ഇട്ടാല്‍ നന്നായി ,കാരണം ഒരു തുടര്‍ച്ച ഇല്ലെങ്കില്‍ കഥയുടെ ആ രസം പോകും ..

    ReplyDelete
  3. :)

    എല്ലാം സീനുകളും നന്നായി വിഷ്വലൈസ് ചെയ്യാൻ പറ്റുന്നുണ്ട്.
    എല്ലാവിധാശംസകളും...:)

    ബാക്കി സീനുകളും പെട്ടെന്ന് പോരട്ടെ..:)

    ReplyDelete
  4. 'നിഴല്‍സ്വപ്നങ്ങള്‍' ഇപ്പോഴാണ്‌ കാണാന്‍ കഴിഞ്ഞത്.
    സീന്‍‌1 മുതല്‍57 വരെ ഒറ്റയിരുപ്പിന് വായിച്ചു....
    റിജോ തിളങ്ങുന്നുണ്ട്....
    ആശംസകള്‍

    ReplyDelete
  5. ഞാൻ ഇത് ഇപ്പോഴാണു വായിക്കുന്നത്...കുറച്ച് കറക്ഷൻ ഉണ്ട്...എഴുതിതീരുമ്പോൾ അറിയിക്കുമല്ലോ ഞാൻ തിരുത്തി തരാം

    ReplyDelete